Asianet News MalayalamAsianet News Malayalam

പൊടുന്നനെ രൂപപ്പെടുന്ന ഭീമൻ കുഴികൾ, പുറത്തിറങ്ങാൻ പോലും ഭയന്ന് ​ഗ്രാമവാസികൾ

ഒന്നും രണ്ടുമൊന്നുമല്ല 2500 കുഴികളെങ്കിലും ഇവിടെ രൂപപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. അതിൽ തന്നെ 700 കുഴികളെങ്കിലും വലിയ ആഴമുള്ള കുഴികളുമാണ്. മുസ്തഫയുടെ അഭിപ്രായത്തിൽ അവ മെഷീൻ വച്ച് കുഴിച്ചത് പോലെ തോന്നിപ്പിക്കും എന്നാണ് പറയുന്നത്.

mysterious sinkholes in Turkey villages
Author
Konya, First Published Aug 14, 2022, 1:20 PM IST

പൊടുന്നനെ വീടിന് മുറ്റത്തും വഴിയിലുമെല്ലാം കുഴികളുണ്ടായാൽ എന്ത് ചെയ്യും? അതുപോലെ ഒരു സംഭവമുണ്ടായിരിക്കുകയാണ് അങ്ങ് തുർക്കിയിൽ. തുർക്കിയിലെ കോന്യാ ബേസിൻ മേഖലയിലാണ് പെട്ടെന്ന് ഇതുപോലുള്ള ഭീമൻ കുഴികൾ രൂപപ്പെട്ടത്. ഇത് ആളുകളെ ഭയപ്പെടുത്തുകയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഇവിടെയുള്ള കർഷകനാണ് മുസ്തഫ അകാർ. അദ്ദേഹത്തിന്റെ ശീലമാണ് കൃഷിയിടത്തിനടുത്തുണ്ടാക്കിയിരുന്ന ഷെഡ്ഡിന്റെ മുറ്റത്ത് കസേരയിട്ടിരിക്കുന്നത്. എന്നാൽ, ഒരു ദിവസം അവിടെ എത്തി നോക്കിയപ്പോൾ വലിയ ഒരു കുഴിയാണ് കണ്ടത്. അതിന് ഏഴ് മീറ്റർ വ്യാസമുണ്ട്, നല്ല ആഴവും. തുടർന്ന്, ഒരു മാസത്തോളം താൻ ഞെട്ടലിലായിരുന്നു എന്ന് മുസ്തഫ പറയുന്നു. 

പെട്ടെന്ന് കുഴി രൂപപ്പെടുകയും അതിൽ വീണ് മരിക്കുമോ എന്നും ഭയപ്പെട്ട് മുസ്തഫ ഇപ്പോൾ രാത്രികാലങ്ങളിലൊന്നും ഇറങ്ങി നടക്കാറില്ല എന്നാണ് പറയുന്നത്. പ്രദേശത്തെ നിരവധി കർഷകർക്കും സമാനമായ അനുഭവമുണ്ടായി. വേറെയും കുഴികൾ പ്രദേശത്ത് രൂപപ്പെട്ടു. അതിനാൽ തന്നെ എല്ലാവരും പേടിയിലാണ്. തുർക്കിയുടെ കാർഷിക മേഖലയുടെ ഹൃദയമായി അറിയപ്പെടുന്ന സ്ഥലമാണ് കോന്യ. എന്നാൽ, ​ഗർത്തങ്ങൾ രൂപപ്പെടുന്നതിനെ തുടർന്ന് ഇവിടെ വലിയ കൃഷിനാശം സംഭവിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 

ഒന്നും രണ്ടുമൊന്നുമല്ല 2500 കുഴികളെങ്കിലും ഇവിടെ രൂപപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. അതിൽ തന്നെ 700 കുഴികളെങ്കിലും വലിയ ആഴമുള്ള കുഴികളുമാണ്. മുസ്തഫയുടെ അഭിപ്രായത്തിൽ അവ മെഷീൻ വച്ച് കുഴിച്ചത് പോലെ തോന്നിപ്പിക്കും എന്നാണ് പറയുന്നത്. ചിലതെല്ലാം വളരെ ആഴമുള്ളതും താഴെ വെട്ടമെത്താത്തതും ആണ്. ആളുകൾ ഭയന്നാണ് കഴിയുന്നത്. ചെറുപ്പക്കാരെല്ലാം കൃഷിയല്ലാതെ വേറെ തൊഴിലന്വേഷിച്ച് ന​ഗരങ്ങളിലേക്ക് ചെല്ലുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 

സിങ്ക്ഹോളുകൾ എന്നറിയപ്പെടുന്ന വലിയ കുഴികളാണ് ഇത് എന്ന് കോന്യ ടെക്നിക്കൽ സർവകലാശാലയിലെ ​ഗവേഷകൻ ഫെറ്റുല്ല ആരിഖ് പറയുന്നു. "സിങ്ക്ഹോൾസ് ഭൂമിശാസ്ത്രപരമായി മനോഹരമാണ്, പക്ഷേ മനുഷ്യജീവിതം അപകടത്തിലാണ്" എന്നും ആരിഖ് പറയുന്നു. എന്തായിരിക്കാം ഇതിന് പിന്നിലെ കാരണമെന്നും അന്വേഷണം ഉണ്ടാവുന്നുണ്ട്. കാർഷികാവശ്യത്തിന് വേണ്ടി ഒരുപാട് വെള്ളമെടുക്കുന്നതാവാം കാരണം എന്നാണ് കരുതുന്നത്. ഒരുലക്ഷത്തിലധികം കുഴൽകിണറുകളെങ്കിലും ഇവിടെ ഉണ്ട് എന്നും കരുതുന്നു. 

എത്രപേർക്ക് ഈ കുഴികളിൽ വീണ് പരിക്കേറ്റു എന്ന എണ്ണമെടുക്കുക ശ്രമകരമാണ്. എന്നാൽ, അടുത്തുള്ള ​ഗ്രാമങ്ങളിലെ ജനങ്ങളടക്കം വിവരമറിയുകയും ജാ​ഗ്രത പാലിക്കുകയും ചെയ്യുകയാണ്. 

Follow Us:
Download App:
  • android
  • ios