Asianet News MalayalamAsianet News Malayalam

അപായ സന്ദേശമില്ല, ജീവനക്കാരില്ല, തലകീഴായി മറിഞ്ഞ നിലയിൽ തീരത്തേക്ക് എത്തി അജ്ഞാത കപ്പൽ, നഷ്ടം 251 കോടി

50000 ബാരൽ എണ്ണയാണ് കപ്പലിൽ നിന്ന് കടലിൽ ഒഴുകി പടർന്നത്. അപായ സന്ദേശമൊന്നും നൽകാതെ ഒരു ജീവനക്കാരൻ പോലുമില്ലാതെ ഒഴുകിയെത്തിയ കപ്പലിനേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇനിയും ലഭ്യമായിട്ടില്ല. 

mysterious tanker that caused a major oil spill after capsizing off Trinidad and Tobago finally refloated
Author
First Published Aug 21, 2024, 1:15 PM IST | Last Updated Aug 21, 2024, 1:15 PM IST

പോർട്ട് ഓഫ് സ്പെയിൻ: മാസങ്ങൾ നീണ്ട ആശങ്കകൾക്ക് ഒടുവിൽ കരീബിയൻ തീരദേശ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗോ തീരത്തടിഞ്ഞ അജ്ഞാത ടാങ്കർ കപ്പലിനെ വീണ്ടും നീറ്റിലിറക്കി. ഒരു ജീവനക്കാരൻ പോലുമില്ലാതെ ഫെബ്രുവരി മാസത്തിലാണ് ട്രിനിഡാഡ് ആൻഡ് ടുബാഗോ തീരത്തേക്ക് ഒഴുകിയെത്തിയത്. കപ്പലിന് ഇരുവശങ്ങളിലും 'ഗൾഫ് സ്ട്രീം' എന്ന എഴുത്തല്ലാത കപ്പൽ ആരുടേതാണെന്ന് കണ്ടെത്താൻ പോലും സാധിച്ചിരുന്നില്ല. കപ്പലിൽ നിന്ന് വലിയ രീതിയിലുള്ള എണ്ണ ചോർച്ചയുണ്ടായതിന് പിന്നാലെ ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.  

മാസങ്ങൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് തലകീഴായി മറിഞ്ഞ നിലയിലെത്തിയ കപ്പലിനെ ഉയർത്തി നേരെയാക്കാൻ സാധിച്ചത്. ഇതിന് പിന്നാലെ ടഗ് ബോട്ടുകളുടെ സഹായത്തോടെ കപ്പലിനെ വീണ്ടും കടലിൽ ഒഴുക്കാനും സാധിച്ചതായാണ് അധികൃതർ വിശദമാക്കുന്നത്. 50000 ബാരൽ എണ്ണയാണ് കപ്പലിൽ നിന്ന് കടലിൽ ഒഴുകി പടർന്നത്. ടഗ് ബോട്ടുകളുടെ സഹായത്തോടെ അറുപത് മീറ്റർ ആഴമുള്ള മേഖലയിലേക്ക് എത്തിച്ചാണ് കപ്പലിനെ നേരെയാക്കിയത്. എന്നാൽ അപായ സന്ദേശമൊന്നും നൽകാതെ ഒരു ജീവനക്കാരൻ പോലുമില്ലാതെ ഒഴുകിയെത്തിയ കപ്പലിനേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇനിയും ലഭ്യമായിട്ടില്ല. 

330 അടി നീളമാണ് അജ്ഞാത കപ്പലിനുണ്ടായിരുന്നത്. കപ്പലിന്റെ വശങ്ങളിലായി ഗൾഫ്സ്ട്രീം എന്നെഴുതിയത് ഇതിനോടകം മുങ്ങൽ വിദഗ്ധർ ആണ് കണ്ടെത്തിയത്. ബീച്ചുകളിലേക്ക് അടക്കം എണ്ണ എത്തിയതിന് പിന്നാലെയാണ് രാജ്യത്ത് എമർജൻസി പ്രഖ്യാപിച്ചത്. സംയുക്ത സേനയ്ക്കൊപ്പം ആയിരത്തിലേറെ വോളന്റിയർമാരാണ് എണ്ണ നീക്കം ചെയ്ത് വെള്ളം ശുദ്ധമാക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടത്. 30 ദശലക്ഷം യുഎസ് ഡോളറാണ് എണ്ണച്ചോർച്ച മൂലമുണ്ടായ നഷ്ടമെന്നാണ് ട്രിനിഡാഡ് ആൻഡ് ടുബാഗോ ഇതിനോടകം പ്രതികരിച്ചത്. 

തീരത്തേക്ക് എത്തിയ തകർന്ന കപ്പലിൽ ക്രൂ അടക്കം ആരും തന്നെയില്ലാത്തതിനാൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും കടൽ കൊള്ളയ്ക്കും ഉപയോഗിച്ചിരുന്ന കപ്പലാണ് ഇതെന്നാണ് സംശയിക്കുന്നത്. തീരമേഖലയിലെ വീടുകളിൽ നിന്ന് ആളുകളോട് മാറി താമസിക്കാനും മാസ്കുകൾ ധരിക്കാനും അധികൃതർ ആവശ്യപ്പെട്ടിരുന്നു. തലകീഴായി മറിഞ്ഞ നിലയിലായിരുന്നു കപ്പൽ ഒഴുകിയെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios