Asianet News MalayalamAsianet News Malayalam

1500 രൂപയുണ്ടെങ്കിൽ ഈ മൃ​ഗശാലയിലെ പാറ്റയ്‍ക്ക് നിങ്ങളുടെ മുൻകാമുകന്റെയോ കാമുകിയുടെയോ പേരിടാം

ഇനി അങ്ങനെ പേരിടാൻ ഒരു കാമുകനോ കാമുകിയോ ഇല്ലാത്തവരും വിഷമിക്കേണ്ട നിങ്ങളുടെ ജീവിതത്തെ ഏറെ ശല്യപ്പെടുത്തിയ ആ വ്യക്തി ആരായാലും അത് നിങ്ങളുടെ സുഹൃത്തോ, മേലുദ്യോഗസ്ഥനോ, ബന്ധുവോ, അയൽക്കാരനോ ആരും ആകട്ടെ ആ വ്യക്തിയുടെ പേര് ഈ വാലന്റൈൻ ദിനത്തിൽ മൃഗശാലയിലെ പാറ്റയ്ക്ക് ഇടാം. 

name-a-roach campaign for valentines day
Author
First Published Jan 19, 2023, 3:17 PM IST

വാലന്റൈൻസ് ഡേ സാധാരണയായി ആഘോഷിക്കുന്നത് പ്രണയിക്കുന്നവരും പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരും ഒക്കെയാണ്. എന്നാൽ, പ്രണയനൈരാശ്യം ഉള്ളവർക്കും വാലന്റൈൻസ് ഡേ ആഘോഷിക്കാം എന്നും അതിന് തങ്ങളുടെ കൈവശം ഒരു ഉഗ്രൻ വഴിയുണ്ടെന്നും വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കാനഡയിലെ ഒരു മൃഗശാല അധികൃതർ. സംഗതി വേറൊന്നുമല്ല ജീവിതത്തിൽ നിങ്ങളെ ഏറ്റവും അധികം അലോസരപ്പെടുത്തി കടന്നുകളഞ്ഞ കാമുകനോ കാമുകിയോ ഉണ്ടെങ്കിൽ ഈ വാലന്റൈൻസ് ദിനത്തിൽ അവരോട് ഒരു മധുര പ്രതികാരം ചെയ്യാമെന്നാണ് മൃഗശാല അധികൃതരുടെ വാഗ്ദാനം. മൃഗശാലയിലെ പാറ്റയ്ക്ക് ആ വ്യക്തിയുടെ പേര് നൽകാനുള്ള അവസരമാണ് മൃഗശാല അധികൃതർ ഒരുക്കിയിരിക്കുന്നത്.

ടൊറന്റോ സൂ വൈൽഡ് ലൈഫ് കൺസർവൻസി ആണ് ഇത്തരത്തിൽ ഒരു വേറിട്ട ആശയവുമായി എത്തിയിരിക്കുന്നത്. ഇനി അങ്ങനെ പേരിടാൻ ഒരു കാമുകനോ കാമുകിയോ ഇല്ലാത്തവരും വിഷമിക്കേണ്ട നിങ്ങളുടെ ജീവിതത്തെ ഏറെ ശല്യപ്പെടുത്തിയ ആ വ്യക്തി ആരായാലും അത് നിങ്ങളുടെ സുഹൃത്തോ, മേലുദ്യോഗസ്ഥനോ, ബന്ധുവോ, അയൽക്കാരനോ ആരും ആകട്ടെ ആ വ്യക്തിയുടെ പേര് ഈ വാലന്റൈൻ ദിനത്തിൽ മൃഗശാലയിലെ പാറ്റയ്ക്ക് ഇടാം. 

പക്ഷേ, സംഗതി വെറുതെ നടക്കില്ല കേട്ടോ, ചുരുങ്ങിയത് 25 ഡോളർ അതായത് 1507 രൂപ എങ്കിലും മൃഗശാലയ്ക്ക് സംഭാവന ആയി നൽകിയാൽ മാത്രമേ കാര്യം നടക്കൂ. മൃഗശാലയുടെ വെബ്സൈറ്റിൽ കയറിയാൽ ഓൺലൈനായി പേരിടൽ കർമ്മം നടത്താം. പക്ഷേ, അതിനു മുൻപ് സംഭാവന അടയ്ക്കണം എന്ന് മാത്രം. ഇങ്ങനെ സംഭാവന അടച്ച് പേരിട്ടതിനു ശേഷം നൽകിയ പേര് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റും വെബ്സൈറ്റിൽ നിന്നും ലഭിക്കും. വളരെ രസകരമായി നടത്തുന്ന ഒരു കാര്യമാണ് ഇതെന്നും അതുകൊണ്ടുതന്നെ വിദ്വേഷപരവും അശ്ലീലവുമായ യാതൊന്നും പേരുകൾക്കൊപ്പം ചേർക്കാൻ അനുവദിക്കില്ലെന്നും കർശനമായ നിർദ്ദേശം മൃഗശാല അധികൃതർ നൽകിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് മൃഗശാല അധികൃതർ പോസ്റ്റ് ചെയ്ത ട്വീറ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വളരെ രസകരവും നൂതനവുമായ ഒരു ആശയം എന്നാണ് ഒരു വിഭാഗം ആളുകൾ ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ, ഇതിൽ രസകരമായി ഒന്നും തോന്നുന്നില്ലെന്നും വളരെ ക്രൂരമായ ഒന്നായി തോന്നുന്നു എന്നും ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്നുമാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios