Asianet News MalayalamAsianet News Malayalam

ചെടികളില്‍ നാനോവളങ്ങളുപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

ഇന്ത്യന്‍ സയന്‍സ് ജേര്‍ണലിലാണ് നാനോവളത്തെക്കുറിച്ച് പറയുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന രാസവളങ്ങളുടെ ഏറിയപങ്കും നമ്മള്‍ ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴിലുള്ള സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നാനോ വളങ്ങള്‍ ഉല്‍പാദിപ്പിച്ചിട്ടുള്ളത്. 

Nano fertilizers advantages and issues
Author
Thiruvananthapuram, First Published Dec 15, 2019, 3:09 PM IST

ലോകമൊട്ടാകെ കാര്‍ഷികമേഖല ഇന്ന് പലതരത്തിലുമുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കൃഷിക്ക് യോജിച്ച ഭൂമി ലഭ്യമല്ലാത്ത അവസ്ഥയും നഗരവല്‍ക്കരണവും വളരെ പ്രധാനപ്പെട്ട പ്രതിസന്ധിയാണ്. മണ്ണില്‍ ഒന്നില്‍ കൂടുതല്‍ പോഷക മൂല്യങ്ങളുടെ അഭാവമുണ്ടാകുന്നതും ജലസേചന സൗകര്യം ലഭ്യമല്ലാത്തതുമുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഈ മേഖലയിലുണ്ട്. ഈ സാഹചര്യത്തില്‍ മികച്ച ഉത്പാദനം ലക്ഷ്യമാക്കി കാര്‍ഷികരംഗത്ത് നാനോടെക്‌നോളജിയില്‍ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു.

ലോകത്തിലെ ജനസംഖ്യ 2050 ആകുമ്പോള്‍ 9 ബില്യണില്‍ കൂടുതലാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയും മനുഷ്യര്‍ക്ക് പോഷകഗുണമുള്ള ആഹാരം നല്‍കാനും ഭക്ഷ്യസുരക്ഷ നിലനിര്‍ത്താനും വളരെ പ്രയാസപ്പെടുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്.

Nano fertilizers advantages and issues

കൃഷി ചെയ്യാന്‍ ധാരാളമായി ഉപയോഗിക്കുന്ന രാസവളങ്ങളുടെ ഉത്പാദനത്തിനുള്ള ചെലവ് തന്നെ കൂടുതലാണ്. അതോടൊപ്പം പരിസ്ഥിതിയെയും മനുഷ്യനെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത് മനസിലാക്കിയ ഗവേഷകരാണ് പരിസ്ഥിതി സൗഹൃദ വളങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയത്.

കാര്‍ഷികമേഖലയില്‍ നാനോ ടെക്‌നോളജി ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ പല പല ഉപയോഗങ്ങള്‍ക്കായി പരീക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മണ്ണിലുള്ള പോഷക മൂല്യങ്ങളുടെ അളവ് പരിശോധിക്കാനായി നാനോ സ്‌കെയില്‍ സെന്‍സറുകള്‍ ഉപയോഗിക്കുന്നു. അതുപോലെതന്നെ നാനോ സ്‌കെയില്‍ കീടനാശിനികളും പരീക്ഷിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയെ ബലപ്പെടുത്താനും ജലശുദ്ധീകരണത്തിനും പോഷകങ്ങള്‍ വീണ്ടെടുക്കാനും നാനോടെക്‌നോളജി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

ഇന്ത്യന്‍ സയന്‍സ് ജേര്‍ണലിലാണ് നാനോവളത്തെക്കുറിച്ച് പറയുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന രാസവളങ്ങളുടെ ഏറിയപങ്കും നമ്മള്‍ ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴിലുള്ള സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നാനോ വളങ്ങള്‍ ഉല്‍പാദിപ്പിച്ചിട്ടുള്ളത്. നാനോ രൂപത്തില്‍ വളം നല്‍കുമ്പോള്‍ സസ്യങ്ങള്‍ക്ക് ഫലപ്രദമായി ആഗിരണം ചെയ്യാന്‍ കഴിയും. നമ്മള്‍ സാധാരണ പ്രയോഗിക്കുന്ന രാസവളങ്ങളുടെ പകുതിയോ നാലിലൊരുഭാഗമോ മാത്രമേ വേണ്ടിവരുന്നുള്ളു.
 
പോഷകമൂല്യങ്ങള്‍ ആഗിരണം ചെയ്യാനുള്ള ചെടികളുടെ ശേഷി വര്‍ദ്ധിപ്പിക്കാനും നാനോ വളങ്ങള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നാനോ വളം സസ്യങ്ങള്‍ക്ക് നല്‍കിയാല്‍ ഏകദേശം 60 ശതമാനം വരെ സ്വീകരിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ചെലവ് ചുരുക്കി വരുമാനം കൂടുതല്‍ ഉണ്ടാക്കാന്‍ കഴിയും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ജൈവ നാനോ വളങ്ങള്‍ തരിയായും ദ്രാവക രൂപത്തിലും ലഭ്യമാണ്.

സാധാരണ കര്‍ഷകര്‍ രാസവളങ്ങള്‍ മേല്‍മണ്ണില്‍ നേരിട്ടോ വെള്ളത്തില്‍ കലര്‍ത്തിയോ നല്‍കാറുണ്ട്. ഉപയോഗിക്കുന്ന വളത്തിന്റെ വലിയൊരു ഭാഗം അന്തരീക്ഷത്തിലും ജലാശയങ്ങളിലും കലര്‍ന്ന് പരിസ്ഥിതി മലിനീകരണത്തിനും ആവാസവ്യവസ്ഥ തകിടം മറിക്കാനും കാരണമാകുന്നു. ഉദാഹരണത്തിന് യൂറിയ നല്‍കുമ്പോള്‍ അതിലെ നൈട്രജന്റെ 75 ശതമാനം പാടങ്ങളിലും മണ്ണിലുമുള്ള ബാഷ്പീകരണപ്രക്രിയ വഴിയും വെള്ളത്തിലേക്ക് ഒലിച്ചിറങ്ങിയുമെല്ലാം നഷ്ടമാകുന്നു.

ഇപ്പോഴത്തെ നൈട്രജന്‍ വളങ്ങള്‍ മണ്ണില്‍ നൈട്രജന്‍ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് അമിതപോഷണത്തിനും ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിനും കാരണമാകുന്നു. പ്രധാനപ്പെട്ട മാക്രോന്യൂട്രിയന്റ്‌സ് ആയ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ വളരെ കൂടിയ അളവില്‍ തന്നെ നഷ്ടമാകുന്നു. നാനോ വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പോഷകങ്ങള്‍ 40 മുതല്‍ 50 വരെ ദിവസങ്ങള്‍ കൊണ്ട് വളരെ പതുക്കെയാണ് മണ്ണിലേക്ക് എത്തുന്നത്. സാധാരണ രാസവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ 4 മുതല്‍ 10 ദിവസത്തിനുള്ളില്‍ പോഷകങ്ങള്‍ മണ്ണിലെത്തും. അതുപോലെ തന്നെ സാധാരണ രാസവളങ്ങളേക്കാള്‍ കുറഞ്ഞ അളവില്‍ ഉപയോഗിച്ചാല്‍ മതിയെന്നതുകൊണ്ട് പണച്ചെലവ് കുറവാണ്.

ദോഷവശങ്ങളെക്കുറിച്ച്‌ ബോധവാന്‍മാരാകണം

Nano fertilizers advantages and issues

 

ഇത്തരം നാനോവളങ്ങളുടെയും മറ്റ് പദാര്‍ഥങ്ങളുടെയും ഉപയോഗങ്ങള്‍ സുസ്ഥിരവും കൃത്യതയുള്ളതുമായ കാര്‍ഷികസംവിധാനത്തിലേക്ക് വഴി തുറക്കുന്നുവെന്നത് ശരിയാണ്. എന്നിരുന്നാലും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പരിമിതികള്‍ കൂടി നാം തിരിച്ചറിയണം. അതായത് വിപണിയില്‍ ഇത്തരം വളങ്ങളും കീടനാശിനികളും വില്‍പ്പനയ്‌ക്കെത്തിക്കുന്നതിന് മുമ്പ് ശ്രദ്ധയോടെ ദോഷവശങ്ങളെക്കുറിച്ചും മനസിലാക്കണം. നാനോമെറ്റീരിയല്‍സ് എന്ന വിഭാഗത്തില്‍പ്പെടുന്ന പദാര്‍ഥങ്ങളുടെ അമിതമായ ഉപയോഗം പരിസ്ഥിതിയെയും ഭക്ഷ്യശ്യംഖലയെയും തകരാറിലാക്കിയേക്കാം. അതുവഴി നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷ്യഉത്പന്നങ്ങള്‍ കഴിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുമ്പോഴും കൂടുതല്‍ പഠനം ആവശ്യമുള്ള മേഖലയാണിത്.

 
 

Follow Us:
Download App:
  • android
  • ios