Asianet News MalayalamAsianet News Malayalam

തകർച്ചയിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൈപിടിച്ചുയർത്തിയ നരസിംഹാവതാരത്തിന് ഇന്ന് ജന്മശതാബ്‌ദി

മരണാനന്തരം റാവുവിന്റെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിനു പോലും വെക്കുകയുണ്ടായില്ല

narasimha rao the man who helped india out of financial crisis turns 100
Author
Delhi, First Published Jun 28, 2021, 4:45 PM IST

ഇന്ന് നമ്മുടെ മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ ജന്മ ശതാബ്ദിയാണ്. സ്വതന്ത്ര ഇന്ത്യയുടെ ഒൻപതാം പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. 1921 ജൂൺ 28 -ന് ആന്ധ്രപ്രദേശിലെ, അന്ന് നൈസാമിന്റെ ഭരണത്തിന് കീഴിൽ പുലർന്നിരുന്ന ഹൈദരാബാദിലാണ് പാമുലപർതി വെങ്കട നരസിംഹറാവു ജനിക്കുന്നത്. 1991 -96 കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നതിനു പുറമെ, പല കാലഘട്ടങ്ങളിലായി ഇന്ത്യയുടെ വിദേശ്യകാര്യം, ആഭ്യന്തരം, പ്രതിരോധം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള റാവു ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിപദം അടക്കം മറ്റുപല വിശിഷ്ടസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 

രാജ്യം അതീവഗുരുതരമായ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്ന ഒരു നിർണായകഘട്ടത്തിലാണ് നരസിംഹറാവു ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേറുന്നത്.  ഇന്ത്യയുടെ എക്കാലത്തെയും സ്നേഹിത രാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയൻ ശിഥിലമായ കാലം. ആ ദുർഘട സന്ധിയിൽ,  ഉത്തരവാദിത്തമേറ്റെടുക്കുന്ന ഏതൊരാൾക്കും ശരശയ്യയായി മാറിയേക്കാവുന്ന സാഹചര്യത്തിൽ,  ഇന്ത്യയുടെ ഭരണസിംഹാസനം ഏറ്റെടുക്കാനും, വെല്ലുവിളികളോട് പോരാടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അന്ന് റാവു പ്രകടിപ്പിച്ച ധൈര്യം അസാമാന്യമാണ്.  

അസ്വീകാര്യനിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്

1991 മെയിൽ രാജീവ് ഗാന്ധി വധിക്കപ്പെട്ട ശേഷം പ്രധാനമന്ത്രി പദം ഒഴിവു വന്നപ്പോൾ, ദില്ലി കോൺഗ്രസ് സർക്കിളുകളിലെ ഏറ്റവും കുറവ് സ്വീകാര്യത ഉണ്ടായിരുന്ന നേതാക്കളിൽ ഒരാൾ നരസിംഹ റാവു ആയിരുന്നു. അന്ന് എൻഡി തിവാരി, അർജുൻ സിംഗ്, ശരദ് പവാർ എന്നിങ്ങനെ നിരവധി പേർ നരസിംഹറാവുവിന്റെ ഓരോ നീക്കത്തിനുമെതിരെ ചരടുവലികൾ നടത്തിക്കൊണ്ടിരുന്ന കാലം. പാർലമെന്റിൽ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും അന്ന് പ്രസിഡന്റ് ആർ വെങ്കിട്ടരാമൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിക്കുകയായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പരമാവധി എംപിമാർ ഉണ്ടായിരുന്ന ആ പാർലമെന്റിലെ കോൺഗ്രസ് പക്ഷം ഇന്ത്യയുടെ ആദ്യത്തെ 'ദക്ഷിണേന്ത്യൻ പ്രധാനമന്ത്രി' എന്ന ആശയത്തിന് പിന്നിൽ അണി നിരക്കുന്നു. അന്ന് അത് സാക്ഷാത്കരിക്കാൻ വേണ്ടി കെ കരുണാകരൻ അടക്കമുള്ളവരാണ് ദില്ലിയിൽ കരുക്കൾ നീക്കിയത്.

narasimha rao the man who helped india out of financial crisis turns 100

നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പക്ഷത്ത് അവശേഷിച്ചിരുന്ന ഏറ്റവും മുതിർന്ന നേതാവ് എന്ന നിലയ്ക്കാണ് നരസിംഹറാവുവിന് നറുക്ക് വീണത് എന്നും ഒരപഖ്യാതി അക്കാലത്തുണ്ടായിരുന്നു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു, കേന്ദ്രത്തിൽ പല പോർട്ട് ഫോളിയോകൾ കൈകാര്യം ചെയ്തിരുന്നു, പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയിരുന്നു എന്നിങ്ങനെ പല അധിക യോഗ്യതകളും റാവുവിന് അക്കാലത്തുണ്ടായിരുന്നു. സമാന യോഗ്യതകൾ തിവാരിക്കും ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം തിരഞ്ഞെടുപ്പിൽ ജയിച്ചു കയറുകയുണ്ടായില്ല എന്ന ഒരൊറ്റ കാരണത്താൽ പ്രധാനമന്ത്രി പദത്തിന് പരിഗണിക്കപ്പെട്ടില്ല. അങ്ങനെ ഏറെ നാൾ നീണ്ട ചർച്ചകൾക്കൊടുവിൽ, ല്യൂട്ടൻസ് ദില്ലിയുടെ അധികാര ഇടനാഴികളിലേക്ക് ആദ്യമായി ഒരു ദക്ഷിണേന്ത്യൻ പൗരൻ നടന്നു കയറുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ രാഷ്ട്രം

1991 ജൂൺ 20 - വൈകുന്നേരം. കാബിനറ്റ് സെക്രട്ടറി നരേഷ് ചന്ദ്ര, പുതുതായി സ്ഥാനമേറ്റ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മുന്നിലേക്ക് എട്ടുപേജുള്ള ഒരു ടോപ്പ് സീക്രട്ട് നോട്ട് ഫയലിൽ കൊണ്ടുചെന്നു വെക്കുന്നു. പ്രധാനമന്ത്രിയുടെ  അടിയന്തര ശ്രദ്ധ ഏതേതു കാര്യങ്ങളിലേക്കാണ് ചെല്ലേണ്ടത് എന്നത് സൂചിപ്പിക്കുന്ന കുറിപ്പുകൾ ആയിരുന്നു ആ നോട്ടിൽ. അതിൽ പറഞ്ഞ വിവരങ്ങൾ വായിച്ച റാവുവിന്റെ കാലിൻചുവട്ടിൽ നിന്ന് ഭൂമി പിളർന്നുമാറി. "ഇന്ത്യയുടെ അവസ്ഥ, ഇത്രയും മോശമാണോ? " റാവു ചന്ദ്രയോട് ചോദിച്ചു. "അല്ല സാർ, ഇതിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ മോശമാണ് അവസ്ഥ". സാമ്പത്തികം ക്ഷയിച്ച് ക്ഷയിച്ച് വിദേശ നാണയത്തിന്റെ ശേഖരം, വെറും 311 കോടി ഡോളർ മാത്രമായിരുന്നു അന്ന്. 1991 ഫെബ്രുവരിയിൽ അത് പിന്നെയും ക്ഷയിച്ച് വെറും 89 കോടി ഡോളറിലേക്ക് കൂപ്പുകുത്തി. ചുരുക്കിപ്പറഞ്ഞാൽ, രാജ്യത്തിൻറെ ഖജനാവിൽ രണ്ടാഴ്ച കഴിച്ചുകൂട്ടാൻ വേണ്ട വിദേശകറൻസി പോലുമില്ല എന്ന അവസ്ഥ. 

അതിന്റെ പ്രധാന കാരണം 1990 ലെ ഗൾഫ് യുദ്ധത്തിൽ എണ്ണവിലയിൽ ഉണ്ടായ മൂന്നിരട്ടി വർധനവും, കുവൈറ്റിൽ നിന്ന് ആയിരകണക്കിന് തൊഴിലാളികളെ നാട്ടിലേക്ക് അടിയന്തരമായി എത്തിക്കേണ്ടി വന്നതും അടക്കമുള്ള പലവിധം പ്രശ്നങ്ങളായിരുന്നു. ഗൾഫിൽ നിന്നുള്ള വിദേശ നാണ്യത്തിന്റെ ഒഴുക്ക് ഗൾഫ് യുദ്ധത്തോടെ പാടെ നിലച്ചത് തന്നെയാണ് ഇങ്ങനെ ഒരു ക്ഷാമം സത്യത്തിൽ ഉണ്ടാക്കുന്നത്. അതിനു പുറമെ, മണ്ഡൽ കമ്മീഷന്റെ നിർദേശങ്ങളെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സമരങ്ങളുടെ പരമ്പരയും രാജ്യത്ത് സാമ്പത്തിക ക്ഷീണത്തിനു കാരണമായി. ഏതാണ്ട് അതേ സമയത്തുതന്നെ, ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വൻതോതിൽ പ്രവാസികൾ പണം പിൻവലിക്കാൻ കൂടി തുടങ്ങി. എൺപതുകളിൽ അന്നത്തെ സർക്കാരുകൾ വാങ്ങിക്കൂട്ടിയിരുന്ന ഹ്രസ്വകാല വായ്പകളുടെ പലിശക്കടങ്ങളും അപ്പോഴേക്കും കുന്നുകൂടി സർക്കാരിന് വലിയ ബാധ്യതയായി മാറിക്കഴിഞ്ഞിരുന്നു. 1991 ഓഗസ്റ്റിൽ ഇന്ത്യയുടെ നാണയപ്പെരുപ്പം വർധിച്ച് 16.7 % ആയി മാറുന്നു. 

'റാവു - സിംഗ്' സഖ്യം
 
അന്ന് സകലരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചോദ്യം, 'ഈ നിർണായക സന്ധിയിൽ ധനമന്ത്രി സ്ഥാനം എന്ന ഭാരം ആരെറ്റെടുക്കും' എന്നതായിരുന്നു. പ്രധാനമന്ത്രിയാകാൻ നരസിംഹറാവുവിനെ പിന്തുണച്ച പ്രണബ് മുഖർജി ഒരിക്കൽ കൂടി നോർത്ത് ബ്ലോക്കിലെത്തും എന്നുതന്നെ ആയിരുന്നു അന്നത്തെ പ്രതീക്ഷ. എന്നാൽ, നരസിംഹറാവുവിന്റെ തീരുമാനം ആ പ്രതീക്ഷകളെ പാടെ തകിടം മറിക്കുന്ന ഒന്നായിരുന്നു. രാജ്യം അഭൂതപൂർവമായ സാമ്പത്തിക കെടുതികളിലൂടെ കടന്നു പോകുന്ന ആ ഘട്ടത്തെ അതിജീവിക്കുക എന്ന ലക്‌ഷ്യം മുന്നിലുള്ളതുകൊണ്ട്, താൻ ഇക്കുറി ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെ ആണ് ധനമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നത് എന്ന് റാവു അന്ന് തന്റെ സ്നേഹിതനായ പിസി അലക്‌സാണ്ടറെ അറിയിക്കുന്നു. രണ്ടു പേരുകളാണ് അന്ന് റാവു മുന്നോട്ട്  വെക്കുന്നത്. ഒന്ന്, മുൻ റിസർവ് ബാങ്ക് ഗവർണർ ഐജി പട്ടേൽ, രണ്ട്, ഡോ. മൻമോഹൻ സിംഗ്. 

 

narasimha rao the man who helped india out of financial crisis turns 100

 

അലക്‌സാണ്ടറിനു പ്രിയം മൻമോഹൻ സിങിനെ ആയിരുന്നു. അതുകൊണ്ടുതന്നെ മൻമോഹനെ പറഞ്ഞു സമ്മതിപ്പിച്ച് പദവി ഏറ്റെടുപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തെ തന്നെ ഏല്പിക്കപ്പെട്ടു. പിസി അലക്‌സാണ്ടർ പിന്നീട് 'ത്രൂ ദ കോറിഡോർസ് ഓഫ് പവർ - ആൻ ഇൻസൈഡർസ് വ്യൂ' എന്ന തന്റെ ആത്മകഥയിൽ, അടുത്ത ദിവസം പുലർച്ചെ അഞ്ചരയ്ക്ക് മൻമോഹൻ സിങിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു സമ്മതിപ്പിച്ചെടുക്കുന്നതിനെപ്പറ്റി ഒക്കെ വിവരിക്കുന്നുണ്ട്. 

സത്യപ്രതിജ്ഞയ്ക്ക് മുമ്പായി മൻമോഹൻ സിങിന് നരസിംഹറാവുവിൽ നിന്ന് ഒരു ഉറപ്പു കിട്ടിയിരുന്നു. സിങ്ങിന് ഇഷ്ടമുള്ള പോലെ പ്രവർത്തിക്കാം. രാജ്യത്തെ ഈ കടക്കെണിയിൽ നിന്ന് കരകയറ്റാൻ സാധ്യമായത് എന്തും ചെയ്യാം. " നമ്മുടെ നയങ്ങൾ വിജയിച്ചാൽ, അതിന്റെ ക്രെഡിറ്റ് നമുക്ക് ഒന്നിച്ചു പങ്കിടാം. പരാജയപ്പെട്ടാൽ അങ്ങേയ്ക്ക് രാജിവെക്കേണ്ടിയും വരാം "എന്നാണ് മൻമോഹൻ സിങിനോട് അന്ന് റാവു പറഞ്ഞത്. 

റാവു സർക്കാരിന്റെ പരിഷ്‌കാരങ്ങൾ

ഇന്ത്യൻ റുപ്പിയുടെ മൂല്യ ശോഷണം പരിഹരിക്കുക എന്നതായിരുന്നു റാവുവിന്റെ മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.  രൂപയെ അവമൂല്യനം(devaluate) ചെയുക എന്ന ഒരു മാർഗം മാത്രമാണ് അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നത്. അതിനെ അന്നത്തെ പ്രസിഡന്റ് വെങ്കട്ടരാമൻ എതിർത്തിരുന്നു എന്ന് ജയറാം രമേഷ് തന്റെ 'ദ ബ്രിങ്ക് ആൻഡ് ബാങ്ക് - ദ ഇന്ത്യാസ് 1991 സ്റ്റോറി' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. വേണ്ടത്ര ഭൂരിപക്ഷം പാർലമെന്റിൽ അവകാശപ്പെടാനില്ലത്ത ഒരു മന്ത്രിസഭയ്ക്ക് ഇത്ര നിർണായകമായ ഒരു തീരുമാനം എടുക്കാനുള്ള അർഹത ഇല്ലെന്നതായിരുന്നു രാഷ്ട്രപതിയുടെ അഭിപ്രായം. അറുപതുകളിൽ സമാനമായ ഒരു നീക്കം ഇന്ദിരാ ഗവൺമെന്റിൽ നിന്നുണ്ടായപ്പോൾ അതിനെ എതിർത്ത നരസിംഹറാവുവിന് തന്നെ പിന്നീട് അത് ചെയ്യേണ്ടി വരുന്നു. രണ്ടു  ഘട്ടങ്ങളിലായി ചെയ്യാം എന്ന് മൻമോഹൻ നിർദേശിക്കുന്നു. അങ്ങനെ 1991 ജൂലൈ ഒന്നാം തീയതി മുതൽ അത് നടപ്പിലാക്കുന്നു. 

 

narasimha rao the man who helped india out of financial crisis turns 100

 

റാവുവിന്റെ ജീവിതത്തെ ഏറെക്കുറെ വിശദമായി വിവരിച്ചിട്ടുള്ള വിനയ് സീതാപതിയുടെ പുസ്തകം 'ഹാഫ് ലയൺ' -ലൂടെ അടുത്തിടെ ഈ സംഭവങ്ങൾ പൊതുജന ശ്രദ്ധയിലേക്ക് കടന്നുവന്നിട്ടുണ്ട്. തന്റെ രാഷ്ട്രീയ സപര്യയിൽ റാവു മാക്കിയവെല്ലി പറയുന്നത് വിനയ് സീതാപതി തന്റെ ജീവചരിതപുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. " സിംഹത്തിന്റെയും കുറുക്കന്റെയും റോൾ സഹചര്യത്തിനനുസരിച്ച് മാറിമാറി നിറവേറ്റാൻ റാവുവിന് നന്നായി അറിയുമായിരുന്നു എന്നാണ് സീതാപതി എഴുതുന്നത്. അന്ന് പാർലമെന്റിൽ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത കാലമാണല്ലോ. പലവുരു വിശ്വാസപ്രമേയങ്ങൾ കൊണ്ടുവന്ന് പ്രതിപക്ഷം സർക്കാരിനെ ഞെട്ടിച്ചുകൊണ്ടിരുന്ന കാലം. അപ്പോഴൊക്കെ തന്റെ അനുനയം ഒന്നുകൊണ്ടുമാത്രം റാവു മന്ത്രിസഭാ വീഴാതെ കാത്തു. അതേസമയം, തികഞ്ഞ സിംഹപ്രതാപത്തോടെയാണ് അദ്ദേഹം രാജ്യത്ത് ആഗോളീകരണം കൊണ്ടുവന്നത്. നരസിംഹ റാവുവിന്റെയും മൻമോഹൻ സിംഗിന്റെയും നയങ്ങളാണ് തൊണ്ണൂറുകളിൽ ഇന്ത്യയുടെ സാമ്പത്തികരംഗം തകർന്നടിയാതെ കാത്തത്. 

ബാബറി മസ്ജിദിന്റെ പേരിൽ കേട്ട പഴി

എന്നാൽ, ഈ ഞാണിന്മേൽക്കളി ചിലപ്പോൾ റാവുവിന് ദോഷവും ചെയ്തിട്ടുണ്ട്. 1992 -ൽ ബാബരി മസ്ജിദ് തകർക്കുക എന്ന ലക്ഷ്യത്തോടെ കർ സേവകർ പുറപ്പെട്ടപ്പോൾ, അങ്ങനെ ഒരു സംഭവത്തിനുവേണ്ട എല്ലാ വൈകാരിക പശ്ചാത്തലവും ഒരുക്കാൻ വേണ്ടി അദ്വാനി അടക്കമുള്ള നേതാക്കൾ രഥയാത്രയും കൊണ്ട് നടന്നപ്പോൾ, സംഗതികൾ നിയന്ത്രണാധീനമാക്കാൻ വേണ്ടി ഒരു ചെറുവിരലനക്കാൻ റാവുവിന് സാധിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തിന് നേർക്കുള്ള പ്രധാന വിമർശനങ്ങളിൽ ഒന്ന്. പതിനാലു ഭാഷകളിൽ നിഷ്ണാതനായിരുന്ന നരസിംഹറാവുവിന്, അയോധ്യയിൽ ബാബറിമസ്ജിദ് പൊളിക്കുമ്പോൾ അതിൽ ഏതെങ്കിലും ഒരു ഭാഷയിൽ  'അരുത്' എന്നൊരു വാക്കുച്ചരിച്ചുകൂടായിരുന്നോ എന്ന് പിന്നീട് നർമ്മരൂപേണ ലോനപ്പൻ നമ്പാടനും വിമർശിക്കുകയുണ്ടായി. 

narasimha rao the man who helped india out of financial crisis turns 100

നരസിംഹ റാവുവിന്റെ ഭരണപരിഷ്കാരങ്ങൾക്ക് മൂന്നു പതിറ്റാണ്ടു പൂർത്തിയാവുന്ന 2021 -ലും അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾ തുടരുക തന്നെയാണ്. ഇന്നത്തെ സാമ്പത്തിക ഭദ്രതയിലേക്ക് ഇന്ത്യയെ നയിച്ച ദീർഘവീക്ഷണമുള്ള നേതാവ് എന്ന് ചിലർ റാവുവിനെ വാഴ്ത്തുമ്പോൾ, റാവുവിന്റെ ജീവചരിത്രകാരനായ സീതാപതി അടക്കമുള്ള പലരും അതിന്റെയൊക്കെ ക്രെഡിറ്റ് അന്നത്തെ ധനകാര്യമന്ത്രിയും പിന്നീട് രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങിനാണ്. വിൻസ് കേബിൾ എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ തന്റെ  Money and Power: The World Leaders Who Changed Economics എന്ന പുസ്തകത്തിലും ക്രെഡിറ്റ് കൊടുത്തുകണ്ടിട്ടുളളത് മൻമോഹൻ സിങിന് തന്നെയാണ്. സംഗതി ആ വിപ്ലവകരമായ നയങ്ങൾക്ക് പിന്നിലെ ബുദ്ധി മൻമോഹൻ സിങിന്റെ തന്നെയാവും എങ്കിലും, അതൊക്കെ നടപ്പിലാക്കും മുമ്പ്  കോൺഗ്രസ് പാർട്ടിയുടെ അംഗീകാരം നേടിയെടുക്കുക എന്ന ക്ലിഷ്ടമായ പണി എടുത്തിരുന്ന ആൾ എന്ന നിലയ്ക്ക് നരസിംഹറാവുവിനും അതിൽ കാര്യമായ ക്രെഡിറ്റ് തന്നെ അവകാശപ്പെടാനുണ്ട്. 

narasimha rao the man who helped india out of financial crisis turns 100
  
സമവായത്തിൽ ഊന്നിയ ഒരു നയരൂപീകരണമായിരുന്നു നരസിംഹറാവുവിന്റെ രീതി.  തുടർന്നുവന്ന അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻസിംഗ് ഗവണ്മെന്റുകളും തങ്ങളുടെ നിലപാടുകൾ വിഭാവനം ചെയ്തതും ഏറെക്കുറെ, റാവു സ്വീകരിച്ച നയങ്ങളെ പിൻപറ്റിത്തന്നെ ആയിരുന്നു. ജീവിച്ചിരുന്ന കാലത്തോ, മരണശേഷമോ അദ്ദേഹത്തിന് കോൺഗ്രസ് പാർട്ടിയിൽ നിന്നുപോലും ദേശീയ തലത്തിൽ ഒരു അംഗീകാരമോ ആദരവോ നേടാനുള്ള യോഗമുണ്ടായിരുന്നില്ല. മരണാനന്തരം അദ്ദേഹത്തിന്റെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിനു വെക്കാൻ പോലും ഹൈക്കമാൻഡ് തയ്യാറായില്ല  എന്നാണ് വിനയ് സീതാപതി ഹാഫ് ലയണിൽ എഴുതുന്നത്.

എന്തായാലും, അദ്ദേഹം മറിച്ച് പത്തുപതിനാറുവർഷത്തിനിപ്പുറം, രാഷ്ട്രത്തിന് പിവി നരസിംഹറാവു എന്ന പരിണതപ്രജ്ഞനായ നേതാവ് നൽകിയ സംഭാവനകളെ എടുത്ത് പറഞ്ഞുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ട്വീറ്റ്  ചെയ്തിട്ടുണ്ട്.  
 

Follow Us:
Download App:
  • android
  • ios