Asianet News MalayalamAsianet News Malayalam

റഷ്യയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിൽ നവാൽനി, തടവിൽ പീഡനമെന്നും, അവസ്ഥ വളരെ മോശമെന്നും വിദേശ മാധ്യമങ്ങൾ

അവിടെ ഓരോ സംഭാഷണവും നിരീക്ഷിക്കപ്പെടുന്നു, മൊബൈൽ ഫോണുകൾ നിരോധിച്ചിരിക്കുന്നു, ഇമെയിലുകൾ തടഞ്ഞിരിക്കുന്നു. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് കുളിച്ച് ജോലികൾ തീർത്ത് ദേശീയ ഗാനം കേൾക്കണം, പിന്നീട് നിരനിരയായി നിന്ന് എണ്ണമെടുക്കലാണ്. ആ പരിശോധനക്കിടയിലുടനീളം മരംകോച്ചുന്ന തണുപ്പിൽ പുറത്ത് നിൽക്കണം.

navalny in penal colony no 2 jail
Author
Russia, First Published Mar 30, 2021, 9:40 AM IST

റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ നിന്ന് രണ്ട് മണിക്കൂർ അകലെയായിട്ടാണ് പീനൽ കോളനി നമ്പർ 2 എന്ന ജയിൽ. ചുറ്റുമുള്ള ഉയർന്ന ലോഹവേലികൾക്കും മുള്ളുവേലികൾക്കും പിന്നിലുള്ള ജീവിതം തീർത്തും ഭീതിജനകമാണ്. തകർന്നുകിടക്കുന്ന കെട്ടിടത്തിന്റെ തുരുമ്പിച്ച കവാടങ്ങൾക്കപ്പുറം അനേകം സൈനിക ഉദ്യോഗസ്ഥരുടെ സൂക്ഷ്മനീരീക്ഷണത്തിൽ കഴിയുകയാണ് റഷ്യയുടെ പ്രധാന പ്രതിപക്ഷ നേതാവ് അലക്സി നവാൽനി. ഇനി രണ്ടര വർഷം അദ്ദേഹം അവിടെയാണ്. റഷ്യയിൽ ഏറ്റവും മോശം ജയിലാണ് അതെന്ന് അതിലെ മുൻതടവുകാർ സാക്ഷ്യപ്പെടുത്തുന്നു. തീവ്രമായ ഒറ്റപ്പെടലും മാനസികവും ശാരീരികവുമായ പീഡനങ്ങളുമാണ് അവിടെ എല്ലാവരെയും കാത്തിരിക്കുന്നതെന്ന് അവർ പറയുന്നു.  

navalny in penal colony no 2 jail

ഇതെല്ലാം വെറും ഊഹാപോഹങ്ങളാണ് എന്ന് തള്ളിക്കളയാൻ സാധിക്കില്ല, കാരണം നവാൽ‌നിയ്ക്ക് കടുത്ത നടുവേദന അനുഭവപ്പെടുന്നുണ്ട് എന്നും, ഇത് നടക്കാനുള്ള കഴിവിനെ ബാധിച്ചു എന്നും, അദ്ദേഹത്തിന്റെ ഉറക്കം തടഞ്ഞുകൊണ്ട് അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നുമുള്ള ആരോപണവുമായി നവാൽനിയുടെ നിയമ സഹായ സംഘം ഇപ്പോൾ മുന്നോട്ട് വന്നിരിക്കയാണ്. നവാൽനിയുടെ അഭിഭാഷകരിലൊരാളായ വാദിം കോബ്സേവ് അദ്ദേഹത്തെ കണ്ടതിന് ശേഷമാണ് ഈക്കാര്യം ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിന് ശരിയായ രീതിയിൽ ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ദുർബലപ്പെടുത്തുന്നതിന് മനഃപൂർവ്വമായ ശ്രമം നടക്കുന്നുവെന്നും അഭിഭാഷകൻ അഭിപ്രായപ്പെട്ടു.  

navalny in penal colony no 2 jail

നാലാഴ്ചയായി കടുത്ത നടുവേദനയെക്കുറിച്ച് നവാൽ‌നി പരാതിപ്പെട്ടിട്ടും വൈദ്യസഹായം ലഭിച്ചിട്ടില്ലെന്നും കോബ്‌സെവ് പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ കാലുകളിലൊന്നിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും അഭിഭാഷകൻ പറഞ്ഞു. “ഇതെല്ലാം സ്വാഭാവികമായും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കി. ഇപ്പോൾ അദ്ദേഹത്തിൻ്റെ വലതുകാലിൽ ആരോ​ഗ്യം നഷ്ടപ്പെട്ടു. അദ്ദേഹത്തിന് സഹിക്കാൻ പറ്റാത്ത വേദനയുണ്ട്. അദ്ദേഹത്തിന് നടക്കാൻ ക്രച്ചസ് ആവശ്യമാണ്” കോബ്സെവ് പറഞ്ഞു. നവാൽനിയുടെ നടുവേദനയ്ക്ക് കാരണമായതിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെങ്കിലും, ജയിൽ അധികൃതർ രാത്രിയിൽ പലതവണ അദ്ദേഹത്തെ ഉണർത്തുന്നതാണ് ആരോഗ്യനില വഷളാക്കിയതെന്ന് അഭിഭാഷകൻ പറഞ്ഞു. "പ്രിവന്റീവ് മോണിറ്ററിംഗിനായി രാത്രി എട്ട് തവണ അദ്ദേഹത്തെ വിളിച്ചുണർത്തുന്നു. അദ്ദേഹത്തെ നിരീക്ഷിക്കാനായി ഇതിനകം തന്നെ കട്ടിലിന് മുകളിൽ വീഡിയോ ക്യാമറ തൂക്കി ഇട്ടിട്ടുണ്ടെന്നും കോബ്സെവ് ട്വീറ്റ് ചെയ്തു.

അവിടെ ഓരോ സംഭാഷണവും നിരീക്ഷിക്കപ്പെടുന്നു, മൊബൈൽ ഫോണുകൾ നിരോധിച്ചിരിക്കുന്നു, ഇമെയിലുകൾ തടഞ്ഞിരിക്കുന്നു. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് കുളിച്ച് ജോലികൾ തീർത്ത് ദേശീയ ഗാനം കേൾക്കണം, പിന്നീട് നിരനിരയായി നിന്ന് എണ്ണമെടുക്കലാണ്. ആ പരിശോധനക്കിടയിലുടനീളം മരംകോച്ചുന്ന തണുപ്പിൽ പുറത്ത് നിൽക്കണം. മാത്രമല്ല, ഒരു മണിക്കൂറിലധികം അത് നീണ്ടുനിൽക്കുകയും ചെയ്യും. തടവുകാർ അനങ്ങാതെ, കൈകൾ പുറകിൽ കെട്ടി നിൽക്കും. ഭരണകൂടത്തിന്റെ കാഠിന്യവും ശൈത്യകാലവും കണക്കിലെടുക്കുമ്പോൾ തടവുകാർക്കിടയിൽ ആരോഗ്യപ്രശ്നങ്ങൾ സാധാരണമാണ്. ഡോക്ടർമാർ ആറ് മാസം കൂടുമ്പോൾ മാത്രം വന്ന് പരിശോധിക്കുന്നു. അതൊരു യഥാർത്ഥ തടങ്കൽ പാളയമാണെന്ന് നവാൽനി പറയുന്നു.

navalny in penal colony no 2 jail

"സാധാരണ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ അവിടെ നിർബന്ധിതരാകുന്നു. മറ്റ് കുറ്റവാളികളുമായി സംസാരിക്കാൻ നിങ്ങൾക്ക് അവകാശമില്ല. ജീവനക്കാരുടെ പേരുകളുടെ പട്ടിക പഠിക്കാൻ അവർ നിങ്ങളെ നിർബന്ധിക്കുന്നു. ദിവസം മുഴുവൻ നിങ്ങൾ ഒരേനിൽപ്പ് നിൽക്കണം. രാവിലെ ആറ് മുതൽ രാത്രി 10 മണിക്ക് നിങ്ങൾക്ക് ഇരിക്കാൻ അനുവാദമില്ല. അവർ നിങ്ങളെ വായിക്കാൻ അനുവദിക്കുന്നില്ല, ഒരു കത്തെഴുതാൻ അനുവദിക്കുന്നില്ല" ഒരു മുൻ തടവുകാരൻ ഓർക്കുന്നു. പ്രൊബേഷൻ ലംഘനം മൂലം ഫെബ്രുവരി രണ്ടിന് മോസ്കോ കോടതിയാണ് നവാൽനിയെ ജയിലിലേക്ക് അയച്ചത്.

ഇവിടെ, ദിവസം മുഴുവൻ കൈകൾ പുറകിൽ കെട്ടി നിൽക്കാനോ ചിലപ്പോൾ ഇരിക്കാനോ നിർബന്ധിക്കുന്നു. രാജ്യത്തെ ഏറ്റവും കഠിനമായ ജയിലാണ് ഇത്. ചിലർ ഇവിടേക്ക് വരാതിരിക്കാൻ സ്വയം ഞരമ്പ് മുറിക്കുന്നു. “നവാൽ‌നിയുടെ പ്രാധാന്യം കണക്കിലെടുത്ത് അവർ ശാരീരികമായി എന്തെങ്കിലും ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, മാനസിക സമ്മർദ്ദം അതീവ ഗുരുതരമായിരിക്കും” ഒരു മുൻതടവുകാരൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios