മാർ‌ച്ച്, ഏപ്രിൽ മാസങ്ങളിൽ കനത്ത ചൂടിനും വരൾച്ചയ്ക്കുമാണ് കൽക്കത്ത സാക്ഷ്യം വഹിച്ചത്. അതും മരങ്ങളിൽ ഫം​ഗൽ ഇൻഫെക്ഷനും തുടർന്ന് അവയുടെ നാശത്തിനും കാരണമായിട്ടുണ്ടാകാം എന്നും വിദ​ഗ്‍ദ്ധർ പറയുന്നു. 

വേപ്പ് മരങ്ങൾ(Neem trees)ക്ക് നാം വലിയ പ്രാധാന്യം നൽകാറുണ്ട്. ഔഷധങ്ങളിൽ ഉപയോ​ഗിക്കുന്നതും ജൈവകീടനാശിനിയായി ഉപയോ​ഗിക്കുന്നതുമെല്ലാം അതിന് കാരണങ്ങളാണ്. എന്നാൽ, അതേ വേപ്പുമരം തന്നെ കൽക്കത്ത (Kolkata) നഗരത്തിലുടനീളം ഇപ്പോൾ കീടരോഗത്തിന്റെ ഇരകളായി മാറുകയാണ്. സമീപകാലങ്ങളിലുണ്ടായ വേപ്പുമരങ്ങളുടെ നാശത്തിന് കാരണം ഫംഗസ് മൂലമുണ്ടാകുന്ന ഡൈബാക്ക് (dieback disease- കമ്പുണങ്ങൽ) രോ​ഗമാവാം എന്ന് വിദ​ഗ്‍ദ്ധർ പറയുന്നു. 

ഇലകൾ വാടിപ്പോകൽ, മഞ്ഞനിറവും തവിട്ടുനിറവും ബാധിക്കുക, പിന്നാലെ ഇലപൊഴിയുക തുടങ്ങിയവയെല്ലാം മരങ്ങളുടെ അന്ത്യത്തിലേക്ക് നയിച്ചേക്കാം. ചെടിയുടെ ഒന്നോ അതിലധികമോ ഭാഗങ്ങളിൽ അവ ഉണ്ടാകാമെന്നും സസ്യശാസ്ത്രജ്ഞർ പറയുന്നു. മാർ‌ച്ച്, ഏപ്രിൽ മാസങ്ങളിൽ കനത്ത ചൂടിനും വരൾച്ചയ്ക്കുമാണ് കൽക്കത്ത സാക്ഷ്യം വഹിച്ചത്. അതും മരങ്ങളിൽ ഫം​ഗൽ ഇൻഫെക്ഷനും തുടർന്ന് അവയുടെ നാശത്തിനും കാരണമായിട്ടുണ്ടാകാം എന്നും വിദ​ഗ്‍ദ്ധർ പറയുന്നു. 

”ഈ ഫം​ഗസ് ബാധ വലിയ ദുരന്തം തന്നെയാണ്. നഗരത്തിന്റെ കാലാവസ്ഥാ ചരിത്രത്തിൽ 122 വർഷത്തിനുള്ളിലുണ്ടായ ഈ നീണ്ട വേനൽക്കാലം പല ജീവിവർഗങ്ങളെയും ദുർബലരാക്കി. അണുബാധയ്ക്ക് ഇരയാക്കി എന്നും എനിക്ക് തോന്നുന്നു. ജലവിതാനം തുടർച്ചയായി താഴുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയേയുള്ളൂ” എന്ന് ബംഗാൾ ബയോഡൈവേഴ്‌സിറ്റി ബോർഡ് ചെയർമാൻ എച്ച് എസ് ദേബ്‌നാഥ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അതുപോലെ തന്നെ ഇത് കാലാവസ്ഥാവ്യതിയാനത്തിന്റെ അപകടങ്ങളെ കുറിച്ച് സൂചന നൽകുന്നുവെന്നും മറ്റ് പല വിദ​ഗ്ദ്ധരും അഭിപ്രായപ്പെടുന്നു.