ഇപ്പോഴും നേപ്പാളിൽ സംഘർഷം തുടരുകയാണ്. യുവാക്കൾ ഇപ്പോഴും തെരുവിൽ തന്നെയാണ്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജി വയ്ക്കണം എന്നുള്ളതാണ് യുവാക്കളുടെ ആവശ്യം.
നേപ്പാളിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുവാക്കൾ തെരുവിൽ പ്രക്ഷോഭത്തിലാണ്. സാമൂഹിക മാധ്യമങ്ങൾ നിരോധിച്ച സർക്കാർ നടപടിക്ക് പിന്നാലെയുണ്ടായ പ്രക്ഷോഭം ഇപ്പോൾ തുടരുന്നത് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ്. മന്ത്രിമാരുടെ വീടുകൾക്ക് സമരക്കാർ തീയിട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് തുടരുന്ന സംഘർഷം ഇന്നലെയോടുകൂടി രക്തരൂക്ഷിതമായിത്തീരുകയായിരുന്നു. ഇന്നും സമരക്കാർ തെരുവിൽ തന്നെയാണ്. ഒരുപക്ഷേ, ഇത്രയധികം ജെൻ സി തെരുവിലിറങ്ങിയൊരു പ്രക്ഷോഭം ഇപ്പോഴാകണം ലോകം കാണുന്നത്. ജെൻ സി വിപ്ലവമെന്ന രീതിയിൽ രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തിൽ അനൗദ്യോഗിക കണക്ക് പ്രകാരം 19 പേരെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സോഷ്യൽ മീഡിയാ നിരോധനം
നാലാം തീയതിയാണ് നേപ്പാളിൽ സാമൂഹിക മാധ്യമങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയത്. കാരണമായി പറഞ്ഞത്, നേപ്പാൾ കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് സാമൂഹിക മാധ്യമങ്ങൾ പാലിച്ചില്ല എന്നതും.
സാമൂഹിക മാധ്യമങ്ങളുടെ കമ്പനികൾക്ക് ആഗസ്ത് 28 മുതൽ ഒരാഴ്ചയ്ക്കുള്ളിൽ ഐടി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം എന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് ചെയ്തിരുന്നില്ല എന്നാണ് സർക്കാർ പുറത്തിറക്കിയ നോട്ടീസിൽ ആരോപിക്കുന്നത്.
കഴിഞ്ഞ വർഷമാണ് സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ചത്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചത് എന്നാണ് സർക്കാരിന്റെ പക്ഷം. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾ പരിഹരിക്കുന്നതിനായി നേപ്പാളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അവരുടെ വക്താവിനെയും, നേപ്പാളിൽ നിന്നുള്ളവരെ തന്നെ ഗ്രിവെൻസ് ഹാൻഡ്‌ലിങ് ഓഫിസറായും നിയമിക്കണമെന്നതുമായിരുന്നു സർക്കാരിന്റെ ആവശ്യം.
എന്നാൽ, മെറ്റ, യൂട്യൂബ്, എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ തുടങ്ങി ആരും തന്നെ ഐടി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തില്ല. ഇതോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച മന്ത്രാലയം സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകൾ രാജ്യത്ത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. മൊത്തം 26 സാമൂഹിക മാധ്യമങ്ങളാണ് ഇതോടെ രാജ്യത്ത് വിലക്ക് നേരിട്ടത്.

അതോടൊപ്പം തന്നെ, ദേശീയ സുരക്ഷ ഉറപ്പാക്കുക, വിദ്വേഷം പടർത്തുന്ന സോഷ്യൽ മീഡിയാ പോസ്റ്റുകൾക്കും കമന്റുകൾക്കും തടയിടുക, വ്യാജവാർത്തകൾ ഇല്ലാതാക്കുക, ഓൺലൈൻ തട്ടിപ്പുകൾക്ക് അറുതി വരുത്തുക എന്നിവയെല്ലാം സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകൾക്ക് പിന്നിലുള്ളതായിട്ടാണ് സർക്കാർ പറയുന്നത്.
എന്നാൽ, സർക്കാർ സാമൂഹിക മാധ്യമങ്ങൾ വിലക്കി ഉത്തരവിറക്കിയതോടെ സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് നടപടി എന്നാരോപിച്ച് പതിനായിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി. ബിസിനസുകളെയടക്കം ഈ വിലക്കുകൾ ബാധിക്കുമെന്നതും സമരക്കാർ ചൂണ്ടിക്കാട്ടി.
പ്രക്ഷോഭം, മരണം
കാഠ്മണ്ഡുവിൽ തുടങ്ങിയ പ്രക്ഷോഭം അധികം വൈകും മുമ്പ് തന്നെ വിവിധ നഗരങ്ങളിലേക്കും വ്യാപിച്ചു. ബനേശ്വർ, സിംഗദുർബാർ, നാരായൺഹിതി അടക്കമുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ നിലവിൽ വന്നിട്ടും തെരുവുകൾ സമരക്കാർ കീഴടക്കി. പതിനായിരക്കണക്കിന് യുവാക്കളാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിൽ മാത്രമല്ല, സർക്കാരിന്റെ അഴിമതിക്കെതിരെ കൂടിയാണ് പ്രതിഷേധം എന്ന് പറഞ്ഞു കൊണ്ടാണ് യുവാക്കൾ തെരുവിലിറങ്ങിയത്.
'സോഷ്യൽ മീഡിയ അല്ല രാജ്യത്ത് നിരോധിക്കേണ്ടത് ഭരിക്കുന്നവരുടെ അഴിമതിയാണ് ഇല്ലാതാക്കേണ്ടത്' എന്നതായിരുന്നു പ്രക്ഷോഭത്തിലെ ഒരു പ്രധാനപ്പെട്ട മുദ്രാവാക്യം. 'സോഷ്യൽ മീഡിയാ നിരോധനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക', 'അഴിമതിക്കെതിരെ യുവാക്കൾ' തുടങ്ങിയ മുദ്രാവാക്യങ്ങളും യുവാക്കൾ ഉയർത്തി.

ഇന്നലെ (എട്ടാം തീയതി) സാഹചര്യം കൂടുതൽ വഷളായി മാറി. പ്രക്ഷോഭത്തിന്റെ രൂപം മാറി. പ്രതിഷേധക്കാർക്ക് നേരെ റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു. പാർലമെന്റിനടുത്തെത്തിയ യുവാക്കൾ അകത്തേക്ക് കയറാനുള്ള ശ്രമം നടത്തി. പാർലിമെന്റിൽ പ്രവേശനത്തിന് നിരോധനമുള്ള സ്ഥലത്തേക്ക് കടന്ന യുവാക്കൾക്ക് നേരെ സുരക്ഷാസേന വെടിയുതിർക്കുകയും ചെയ്തു. 19 പേർക്കാണ് പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് എന്നാണ് അനൗദ്യോഗികമായ കണക്കുകൾ പറയുന്നത്. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.
ആഭ്യന്തരമന്ത്രിയുടെ രാജി, വിലക്ക് പിൻവലിക്കൽ
പ്രക്ഷോഭം ശക്തമായതോടെ നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖാക് രാജിവെച്ചു. സംഘർഷത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തമേറ്റെടുക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രി രാജിവച്ചത്.
ഇന്നലെ തന്നെ (സപ്തംബർ എട്ട്) സാമൂഹിക മാധ്യമങ്ങൾക്കുള്ള വിലക്ക് സർക്കാർ പിൻവലിക്കുകയും ചെയ്തിരുന്നു. അടിയന്തിര മന്ത്രിസഭ കൂടിയായിരുന്നു വിലക്ക് പിൻവലിക്കാനുള്ള തീരുമാനം എടുത്തത്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണമെന്ന് വാർത്താ വിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അഭ്യർത്ഥിക്കുകയും ചെയ്തു. അപ്പോഴും, സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്ന് തന്നെയായിരുന്നു മന്ത്രിയുടെ നിലപാട്.
സംഘർഷം തുടരുന്നു, പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാവശ്യം
എന്നാൽ, ഇപ്പോഴും നേപ്പാളിൽ സംഘർഷം തുടരുകയാണ്. യുവാക്കൾ ഇപ്പോഴും തെരുവിൽ തന്നെയാണ്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജി വയ്ക്കണം എന്നുള്ളതാണ് യുവാക്കളുടെ ആവശ്യം. രാജി വയ്ക്കും വരെ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ല എന്നതാണ് ജെൻ സിയുടെ നിലപാട്. പ്രതിപക്ഷവും സർക്കാരിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്.

ഒറ്റനോട്ടത്തിൽ
സപ്തംബർ 4 - സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് നേപ്പാൾ സർക്കാർ ഉത്തരവിറക്കുന്നു. നിരോധിച്ചത് 26 സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ
സപ്തംബർ 8 -നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജെൻ സി നടത്തിയ പ്രക്ഷോഭം രക്തരൂക്ഷിതമാകുന്നു. 19 പേർ മരിച്ചതായി കണക്കുകൾ പറയുന്നു. അനവധിപ്പേർക്ക് പരിക്ക്.
രാത്രിയിൽ സോഷ്യൽ മീഡിയയ്ക്ക് മുകളിലുള്ള വിലക്ക് പിൻവലിക്കുന്നു.
അതിനിടയിൽ ആഭ്യന്തരമന്ത്രി രമേഷ് ലേഖാക് രാജി വയ്ക്കുന്നു.
സപ്തംബർ 9 - വിലക്കുകൾ നീക്കിയെങ്കിലും പ്രധാനമന്ത്രി രാജി വയ്ക്കുംവരെ സമരം എന്ന് പറഞ്ഞുകൊണ്ട് തെരുവിൽ ജെൻ സി പ്രക്ഷോഭം തുടരുന്നു.

