നേപ്പാളില്‍ ബാലവേലയുടെ മറവില്‍ ലൈംഗിക വ്യാപാരം നടക്കുന്നതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ജോലി ചെയ്യുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ബാലവേലക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നടത്തിയ പഠനമാണ് വ്യക്തമാക്കിയത്

നേപ്പാളില്‍ (Nepal) ബാലവേലയുടെ (Child labour) മറവില്‍ ലൈംഗിക വ്യാപാരം (Sex trade) നടക്കുന്നതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ (Kathmandu) ജോലി ചെയ്യുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ (Minors) ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ബാലവേലക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നടത്തിയ പഠനമാണ് വ്യക്തമാക്കിയത്. ബ്രിട്ടീഷ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്ലാരിസ (ചൈല്‍ഡ് ലേബര്‍ ആക്ഷന്‍ റിസര്‍ച്ച് പ്രോഗ്രാം) എന്ന സന്നദ്ധ സംഘടനയാണ് പഠനം നടത്തിയത്. ഗ്രാമപ്രദേശങ്ങളില്‍നിന്നും തലസ്ഥാന നഗരത്തിലേക്ക് വരുന്ന ദരിദ്രസാഹചര്യത്തിലുള്ള പെണ്‍കുട്ടികളെ ലൈംഗികവൃത്തിക്കുപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 400 -ലേറെ പെണ്‍കുട്ടികളാണ സംഘടനയോട് തങ്ങള്‍ അനുഭവിക്കുന്ന ദുരിതജീവിതം വെളിപ്പെടുത്തിയതെന്ന് ക്ലാരിസയിലെ ഗവേഷക പ്രജ്ഞ ലാംസല്‍ ബിബിസിയോട് പറഞ്ഞു.

സംഘടനയോട് സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തിയ റിത (പേര് അതല്ല) എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ കേള്‍ക്കുക:

നേപ്പാളിലെ ഒരു കുഗ്രാമത്തിലാണ് റിതയുടെ വീട്. മദ്യത്തിന്റെ അടിമയാണ് അമ്മ. അച്ഛന്‍ മലേഷ്യയിലേക്ക് ജോലി ചെയ്യാന്‍ പോയി. അതിനു ശേഷം കുടുംബത്തെ തിരിഞ്ഞുനോക്കുന്നില്ല. മറ്റ് വരുമാനമാര്‍ഗങ്ങളില്ല. ആ സാഹചര്യത്തിലാണ് റിത തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ജോലി തേടി വന്നത്. 

ഒരു ഇഷ്ടിക ഫാക്ടറിയിലായിരുന്നു ആദ്യം ജോലി കിട്ടിയത്. പിന്നീട് വീട്ടുജോലി ചെയ്തു. അതിനു ശേഷം ഒരു ഹോട്ടലില്‍ പാചകപ്പണി. അതു കഴിഞ്ഞ് ഒരു കടയില്‍ സഹായിയായി നിന്നു ''കൂലി വളരെ കുറവാണ്. ജോലി കൂടുതലും. അതിലും വലിയ പ്രശ്‌നമാണ്, കൂടെ ജോലിചെയ്യുന്ന മുതിര്‍ന്ന പുരുഷന്‍മാരുടെ ശാരീരിക ഉപദ്രവം. തോന്നുമ്പോഴെല്ലാം അവര്‍ ദേഹത്ത് കേറിപ്പിടിക്കും. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കും.''-റിത പറയുന്നു. 

14 വയസ്സുള്ളപ്പോള്‍ ഒരു ബാറിലെ റസ്‌റ്റോറന്റില്‍ ജോലി കിട്ടി. അവിടെ മദ്യപിക്കാന്‍ എത്തുന്നവരോടൊപ്പം ഇരുന്നുകൊടുക്കണം. ''അവര്‍ മദ്യപിക്കുകയും ഹൂക്ക വലിക്കുകയും ചെയ്യും. ദേഹത്ത് തൊടും. അശ്്‌ളീലം പറയും. എതിര്‍ക്കാന്‍ പറ്റില്ല. ചിലരൊക്ക ചുംബിക്കാന്‍ നോക്കും. ടോയ്‌ലറ്റില്‍ പോവണം എന്ന് പറഞ്ഞാണ് എപ്പോഴും ഞാന്‍ രക്ഷപ്പെടാറുള്ളത്.''-അവള്‍ പറയുന്നു. 

പുരുഷന്‍മാര്‍ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചതിന്റെയും നിര്‍ബന്ധിച്ച് അടുത്തുള്ള ഗസ്റ്റ് ഹൗസുകളിലോ മുറികളിലോ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെയും അനുഭവങ്ങളേറെ പറയാനുണ്ട് ഈ കുട്ടിക്ക്. 

ഇത് റിത എന്ന പെണ്‍കുട്ടിയുടെ മാത്രം പ്രശ്‌നമല്ല. നൂറു കണക്കിന് പെണ്‍കുട്ടികളാണ് സമാനമായ അവസ്ഥയില്‍ നേപ്പാള്‍ നഗരങ്ങളില്‍ ജീവിതം മുന്നോട്ടുനീക്കുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്. ബാറുകളുടെയും റസ്‌റ്റോറന്റുകളുടെയും നാടന്‍ പാട്ട് അരങ്ങളുകളുടെയും ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെയും മറവില്‍ ലൈംഗിക വ്യാപാരം കൊഴുക്കുകയാണ് നേപ്പാളില്‍ എന്നാണ് വ്യക്തമാകുന്നത്. 

നേപ്പാളില്‍ അഞ്ചിനും 17 -നും ഇടയിലുള്ള 11 ലക്ഷം കുട്ടികളാണ് ബാലവേലയില്‍ ഏര്‍പ്പെടുന്നത് എന്നാണ് കണക്കുകള്‍. ബാലവേല നിരോധിച്ചിട്ടുണ്ടെങ്കിലും ഇവരില്‍ 0.22 ശതമാനം അതികഠിനമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ബാലവേല അവസാനിപ്പിക്കാനുള്ള യുഎന്‍ കരാറില്‍ ഒപ്പുവെച്ച രാജ്യമാണ് നേപ്പാള്‍. 2025-ഓടെ ബാലവേല അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അടുത്ത വര്‍ഷത്തോടെ കഠിനമായ ജോലികളില്‍നിന്നും കുട്ടികളെ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍, ഇതെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങുകയാണ്. 

ഗ്രാമപ്രദേശങ്ങളില്‍ ദരിദ്രമായ സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളാണ് ജീവിക്കാന്‍ മാര്‍ഗമില്ലാതെ നഗരങ്ങളിലേക്ക് ജോലി തേടി എത്തുന്നത്. അനധികൃത ഏജന്‍സികളോ ബന്ധുക്കളോ പരിചയക്കാരോ വഴിയാണ് ഇവരില്‍ പലരും നഗരങ്ങളിലേക്ക് എത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും മസാജ് പാര്‍ലറുകള്‍ മുതല്‍ ഡാന്‍സ് ബാര്‍, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയ ഇടങ്ങളിലേക്കാണ് എത്തുന്നത്. നേപ്പാളില്‍ വ്യാപകമായുള്ള നാടന്‍പാട്ട് സ്ഥിരം അരങ്ങുകളിലേക്കും ഇവര്‍ എത്തുന്നു. നല്ല നിലയില്‍ നടക്കുന്ന അപൂര്‍വ്വം സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും ഇത്തരത്തിലുള്ള ഭൂരിഭാഗം അരങ്ങുകളും ലൈംഗിക ചൂഷണത്തിനുള്ള മറയായാണ് ഉപയോഗിക്കപ്പെടുന്നത്. വീട്ടുകാരുടെ ഏകവരുമാനമാര്‍ഗം ആയതിനാല്‍ ഇത്തരം കെണികളില്‍നിന്നും രക്ഷപ്പെട്ടുപോവാന്‍ ഈ കുട്ടികള്‍ക്ക് കഴിയുന്നില്ല. അതേപോലെ തന്നെ, ജോലി പോവുമെന്ന ഭയം കാരണം പൊലീസിലോ അധികാരസ്ഥാപനങ്ങളിലോ പരാതി പറയാനും ഇവര്‍ക്ക് കഴിയുന്നില്ല.