മുൻ ആരോഗ്യ മന്ത്രി ബിരോദ് ഖതിവാഡയുടെ മകളാണ് ശ്രിംഖല (ex Miss Nepal Shrinkhala Khatiwada). അമ്മ മുനു സിഗ്ദൽ ഖതിവാഡ ബാഗ്മതി പ്രവിശ്യയിലെ സംസ്ഥാന പാർലമെന്റ് അംഗമാണ്. 2018 -ൽ മിസ് നേപ്പാൾ വേൾഡ് കിരീടം നേടിയത് ശ്രിംഖലയാണ്. 

മുൻ മിസ് നേപ്പാളിന്റെ സോഷ്യൽ മീഡിയാ ഫോളോവേഴ്സിന്റെ എണ്ണം കുറയുന്നു. ഏകദേശം ഒരു ലക്ഷത്തോളം പേരാണ് മിസ് നേപ്പാൾ ആയിരുന്ന ശ്രിംഖല ഖതിവാഡയെ അൺഫോളോ ചെയ്തിരിക്കുന്നത്. നേപ്പാളിൽ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെയും സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് ശ്രിംഖലയെ ആളുകൾ അൺഫോളോ ചെയ്തിരിക്കുന്നതും.

സോഷ്യൽ മീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ, വിലക്ക് പിൻവലിച്ചിട്ടും പ്രക്ഷോഭം അടങ്ങിയില്ല. അഴിമതിക്കെതിരെ എന്നും പ്രധാനമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടർന്നു. ഇതോടെ പ്രധാനമന്ത്രിയും രാജിവച്ചു.

നേപ്പാളിൽ സാധാരണക്കാരായ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് മന്ത്രിമാരുടെയും ഉന്നത ഉദ്യോ​ഗസ്ഥരുടെയും മക്കളായ നെപ്പോ ബേബികൾ ആഡംബരജീവിതം നയിക്കുകയാണ് എന്ന ആക്ഷേപം സോഷ്യൽ മീഡിയയ്ക്ക് വിലക്കേർപ്പെടുത്തുന്നതിന് മുമ്പ് തന്നെ ഉയർന്നിരുന്നു. അനേകം പോസ്റ്റുകൾ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. മുൻ മിസ് നേപ്പാളായിരുന്ന ശ്രിംഖലയ്ക്കെതിരെയും നെപ്പോ ബേബിയാണ് എന്നും പ്രതിഷേധത്തെ കുറിച്ച് ഒരുവാക്ക് പോലും സോഷ്യൽ മീഡിയയിൽ മിണ്ടിയില്ല എന്നും ആരോപണം ഉയർന്നു.

നേപ്പാളിലെ മുൻ ആരോഗ്യ മന്ത്രി ബിരോദ് ഖതിവാഡയുടെ മകളാണ് ശ്രിംഖല. അമ്മ മുനു സിഗ്ദൽ ഖതിവാഡ ബാഗ്മതി പ്രവിശ്യയിലെ സംസ്ഥാന പാർലമെന്റ് അംഗമാണ്. 2018 -ൽ മിസ് നേപ്പാൾ വേൾഡ് കിരീടം നേടിയത് ശ്രിംഖലയാണ്. തുടർന്ന് ആ വർഷം 118 മത്സരാർത്ഥികളോടൊപ്പം മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയും സൗന്ദര്യമത്സരത്തിൽ ആദ്യ 12 സ്ഥാനങ്ങളിൽ എത്തുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ശൃംഖല തന്റെ വിദേശരാജ്യത്തെ യാത്രകളുടെയും മറ്റും അനേകം പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ടായിരുന്നു. പ്രക്ഷോഭം ആരംഭിക്കുന്നതിന് മുമ്പ് ഒരു മില്ല്യണിലധികം ഫോളോവർമാരുണ്ടായിരുന്നു ശൃംഖലയ്ക്ക്. ഇപ്പോൾ 904K ഫോളോവർമാരാണ് ഉള്ളത്. ഒമ്പതാം തീയതിയോടെ 97,000 -ത്തോളം ഫോളോവർമാരാണ് ഇല്ലാതായത്.