Asianet News MalayalamAsianet News Malayalam

'ഒരിക്കൽപ്പോലും പ്രതികളെ എൻകൗണ്ടർ ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല', നിർഭയ കേസിൽ ദില്ലി പോലീസ് കമ്മീഷണറായിരുന്ന നീരജ് കുമാർ

വിശക്കുന്ന സിംഹങ്ങൾക്ക് അവരെ ഇട്ടുകൊടുക്കണം എന്ന് പലരും പറഞ്ഞു അന്ന്. ജനക്കൂട്ടത്തെക്കൊണ്ട് കല്ലെറിഞ്ഞു കൊല്ലിക്കണം എന്ന് ചിലർ പറഞ്ഞു. എന്നാൽ ഞങ്ങൾ നിയമവിരുദ്ധമായ ഒരു നടപടിക്കും അന്ന് വഴങ്ങിയില്ല.

Never thought about encountering the accused, says Neeraj Kumar the Delhi Police Commissioner during Nirbhaya case
Author
Delhi, First Published Dec 7, 2019, 5:53 PM IST

ഹൈദരാബാദ് കൂട്ടബലാത്സംഗ കൊലപാതകക്കേസിലെ പ്രതികളെ എൻകൗണ്ടർ ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലവിധം അഭിപ്രായങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഏറെയും നിയമം അനുശാസിക്കുന്ന പ്രക്രിയകളെ മറികടന്ന്, വിധിപറച്ചിലും ശിക്ഷ നടപ്പിലാക്കലും ഒക്കെ ചെയ്തുകളഞ്ഞ സൈബറാബാദ് കമ്മീഷണർ സജ്ജനാറിനെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ്. തലേന്നുവരെ കേസന്വേഷണത്തിൽ അനാസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് പൊലീസിനെതിരെ പ്രകടനം നടത്തിയവരെ നേരം വെളുക്കും മുമ്പ് പൊലീസിന് കൈകൊടുക്കുന്നവരും ലഡു വിതരണം ചെയ്യുന്നവരുമാക്കി മാറ്റി ഈ എൻകൗണ്ടർ. ഈ വ്യാജ ഏറ്റുമുട്ടൽ കൊലപാതകം പൊലീസ് നടത്തിയത് പൊതുജനത്തിന്റെ ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദത്തിന് അടിപ്പെട്ടുകൊണ്ടാണ് എന്ന വിമർശനവും അതിനിടെ ഉയർന്നുവന്നു. അങ്ങനെയൊരു എൻകൗണ്ടർ നടത്തുക എന്നതല്ലാതെ മറ്റൊരു മാർഗവും പൊലീസിന് മുന്നിൽ ഉണ്ടായിരുന്നില്ല എന്നൊക്കെയായിരുന്നു പ്രചാരണം. 

എന്നാൽ ഇതിലും വലിയ ജനസമ്മർദ്ദത്തെ അതിജീവിച്ചുകൊണ്ട്, ഇതിന്റെ നാലിരട്ടി അക്രമാസക്തമായ രീതിയിൽ ഒരു യുവതിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന ഒരു കേസുണ്ടായിരുന്നു 2012 -ൽ. നിർഭയ കേസ് എന്ന പേരിൽ പിന്നീട് പരക്കെ അറിയപ്പെട്ട ആ കേസിന്റെ അന്വേഷണം ദില്ലിപോലീസ് സ്തുത്യർഹമായി പൂർത്തിയാക്കിയത്  വെറും അഞ്ചുദിവസം കൊണ്ടാണ്. ആ കേസന്വേഷിച്ച സംഘത്തെ നയിച്ചത് ദില്ലി പോലീസ് കമ്മീഷണറായിരുന്ന നീരജ് കുമാർ ഐപിഎസ് ആയിരുന്നു.  അദ്ദേഹം ഹൈദരാബാദ് എൻകൗണ്ടറിനെപ്പറ്റി പ്രതികരിച്ചത് ഇപ്രകാരമായിരുന്നു," എന്റെ മേൽ അസാധാരണമായ പൊതുജന-രാഷ്ട്രീയ സമ്മർദ്ദം നിർഭയ കേസ് അന്വേഷണ വേളയിൽ ഉണ്ടായിരുന്നു. പൊലീസുകാരെ റേപ്പിസ്റ്റുകളെപ്പോലെയാണ് അന്ന് ജനം കണ്ടിരുന്നത്. ദിവസവും കമ്മീഷണർ ഓഫീസിനു മുന്നിൽ സമരവും പ്രകടനങ്ങളുമായിരുന്നു. 

അന്നൊക്കെ ഇടയ്ക്കിടെ എനിക്ക് മെസ്സേജുകൾ വന്നിരുന്നു. അറിയുന്ന പലരിൽ നിന്നും. എന്നോട് ഉത്തരവിടാൻ അധികാരമുള്ള പലരിൽ നിന്നും. വിശക്കുന്ന സിംഹങ്ങൾക്ക് അവരെ ഇട്ടുകൊടുക്കണം എന്ന് പലരും പറഞ്ഞു അന്ന്. ജനക്കൂട്ടത്തെക്കൊണ്ട് കല്ലെറിഞ്ഞു കൊല്ലിക്കണം എന്ന് ചിലർ പറഞ്ഞു. എന്നാൽ ഞങ്ങൾ നിയമവിരുദ്ധമായ ഒരു നടപടിക്കും അന്ന് വഴങ്ങിയില്ല. ആ സമ്മർദ്ദങ്ങൾക്കിടയിലും ഞങ്ങൾ ദിവസങ്ങൾക്കകം തന്നെ പ്രതികളെ എല്ലാവരെയും പിടികൂടി. അവർ എല്ലാവരും കയ്യിൽ വന്നിട്ടും, അവരിൽ  ഒരാളെപ്പോലും എൻകൗണ്ടർ ചെയ്തുകളയുന്നതിനെപ്പറ്റി ഞാൻ ചിന്തിക്കുക പോലും ചെയ്തില്ല. ഞാൻ ഇന്ത്യൻ പീനൽ കോഡിൽ വിശ്വസിക്കുന്നു എന്നതുതന്നെ കാരണം. "

അഞ്ചു ദിവസം, 41  പൊലീസുകാർ ഇത്രയുമാണ് ഡിസിപി ഛായാ ശർമ്മക്ക് കേസ് തെളിയിക്കാൻ വേണ്ടിവന്നത്. കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആറുപ്രതികളെയും ഒന്നിനുപിന്നാലെ ഒന്നായി അറസ്റ്റുചെയ്ത്, പത്തുദിവസത്തിനകം ദില്ലി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇത്രയധികം വട്ടം ഡിഎൻഎ ടെസ്റ്റ് നടത്തിയ ഒരു കേസ് ഇന്ത്യൻ ക്രിമിനൽ ഹിസ്റ്ററിയിൽ വേറെ കാണില്ല. ഓരോ ഘട്ടത്തിലും അവർ തെളിവുകളെ അരക്കിട്ടുറപ്പിച്ചിരുന്നത് ഡിഎൻഎ ടെസ്റ്റിലൂടെ സാമ്പിളുകൾ മാച്ചുചെയ്തുകൊണ്ടായിരുന്നു. പല്ലുകൾ മുതൽ, കുറ്റാരോപിതരുടെ വസ്ത്രങ്ങളിലെ കറകൾ വരെ. വിവസ്ത്രരാക്കി പുറത്തു തള്ളിയപ്പോൾ, അഴിച്ചെടുത്തിരുന്ന ഇരകളുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞിരുന്നു പ്രതികൾ. എന്നാൽ കത്തിച്ചേടത്ത് പൂർണമായും കത്താതെ ബാക്കിവന്ന തുണിക്കഷ്ണഗങ്ങളിൽ ഡിഎൻഎ ടെസ്റ്റ് നടത്തി അത് ഇരകളുടേതാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ സംഘത്തിനായി. 
Never thought about encountering the accused, says Neeraj Kumar the Delhi Police Commissioner during Nirbhaya case

സംഭവം നടന്ന ശേഷം പാർക്കിങ് ലോട്ടിൽ കൊണ്ട് ചെന്നിടും മുമ്പ് പ്രതികൾ തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സിന്റെ ഉൾഭാഗം കഴുകിയിറക്കിയിരുന്നു. എന്നിട്ടും, ബസ്സിനുള്ളിൽ വെള്ളമോ, ചൂലോ എത്താത്തിടങ്ങളിൽ ഒളിച്ചിരുന്ന രക്തത്തുള്ളികളിൽ ഡിഎൻഎ ടെസ്റ്റ് നടത്തി ബലാത്സംഗം നടന്നത് കസ്റ്റഡിയിലെടുത്ത ബസ്സിനുള്ളിൽ തന്നെയാണെന്ന പൊലീസ് സ്ഥാപിച്ചെടുത്തു. 

അതിനിടെ അന്വേഷണ സംഘത്തിനുമേൽ സമ്മർദ്ദങ്ങൾ ഒരുപാടുണ്ടാകുന്നു. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് എന്ന ആരോപണം വന്നു. അച്ചടക്കനടപടികൾക്ക് സമ്മർദ്ദമുണ്ടായി. എന്നാൽ ദില്ലി പൊലീസ് കമ്മീഷണർ നീരജ് കുമാർ സമ്മർദ്ദങ്ങളെ തനിക്ക് താഴേക്ക് കടത്തിവിട്ടില്ല. വസന്ത് വിഹാർ പോലീസ് സ്റ്റേഷന് മുന്നിൽ നിരന്തരം പ്രകടനങ്ങൾ നടക്കുന്നുണ്ടായിരുന്നതിനാൽ അന്വേഷണ സംഘം പിൻവാതിലിലൂടെയായിരുന്നു സ്റ്റേഷനിൽ വന്നുപോയിരുന്നത്. ഒന്നിന് പിറകെ ഒന്നായി കുറ്റകൃത്യത്തിൽ പങ്കുവഹിച്ച സകലപ്രതികളെയും പിടികൂടി എങ്കിലും, വിശ്രമിക്കാൻ അന്വേഷണ സംഘം തയ്യാറല്ലായിരുന്നു. പഴുതടച്ച ഒരു കുറ്റപത്രം സമർപ്പിക്കപ്പെട്ടില്ല എന്നുണ്ടെങ്കിൽ പ്രതികൾ കോടതിയിൽ രക്ഷപ്പെടാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവ് അവരെ കുറ്റപത്രം എത്ര പെർഫെക്റ്റ് ആക്കാമോ അത്രയും ആക്കാൻ വേണ്ടി പരിശ്രമിക്കാൻ പ്രേരിപ്പിച്ചു. അതിനിടെ ഒരു പ്രതി, രാം സിങ്ങ് തിഹാർ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണയ്ക്ക് വന്നു. ജുവനൈൽ ആയ ഒരാളെ മാത്രം പരമാവധി ശിക്ഷയായ മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചു. മറ്റുള്ള നാലുപേർക്കും കോടതി വധശിക്ഷ തന്നെ നൽകി. 

ചെയ്ത കുറ്റം മറച്ചുവെക്കാനും പൊലീസിന്റെ പിടിയിൽ അകപ്പെടാതിരിക്കാനും പ്രതികൾ പരമാവധി പരിശ്രമിച്ചു. മനുഷ്യസാധ്യമായതെന്തും ചെയ്ത് അവരെ നിയമത്തിനുമുന്നിൽ കൊണ്ട് നിർത്താൻ ദില്ലി പോലീസും.  ഒടുവിൽ ആ പോരാട്ടത്തിൽ ജയം ദില്ലിപൊലീസിനൊപ്പമായിരുന്നു. ഈ കേസിന്റെ അന്വേഷണവും വിചാരണയും എല്ലാം തന്നെ ദില്ലി പൊലീസ് ഈ കേസിൽ കാണിച്ച ശുഷ്കാന്തിയുടെയും, ആത്മാർത്ഥതയുടെയും, കഠിനാദ്ധ്വാനത്തിന്റെയും ഉത്തമോദാഹരണങ്ങളാണ്. 

ഇന്ന്, സംഭവം നടന്നിട്ട് ഏഴുവർഷമായി. ഇന്നുവരെ പ്രതികൾക്ക് ജാമ്യം കിട്ടുകയോ, വധശിക്ഷയിൽ ഇളവുകിട്ടുകയി ഉണ്ടായിട്ടില്ല. അത്രയ്ക്ക് പഴുതടച്ചുകൊണ്ടുള്ള ഒരു അന്വേഷണവും, കുറ്റപത്രവും, വിചാരണയുമായിരുന്നു ദില്ലിപോലീസും പ്രോസിക്യൂട്ടറും ചേർന്ന് നയിച്ചത്. ഇന്ത്യൻ ക്രമാസമാധാനപരിപാലന ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ഈ കേസ്. ഒരു ബലാത്സംഗക്കേസിൽ പ്രതികളെ എന്തുചെയ്യണം എന്നതിന്റെ കാര്യത്തിലെ റോൾ മോഡൽ ദില്ലി നിർഭയകേസും, അതന്വേഷിച്ച കമ്മീഷണർ നീരജ് കുമാറും, ഡിസിപി ഛായാ ശർമ്മയുമാണ്. എന്നാൽ, അത് ഏറെ ശ്രമകരമായ ഒരു ജോലിയാണ്. പൊലീസിന് അതിന്റെ പണി കൃത്യമായി ചെയ്യേണ്ടി വരും. എന്നുമാത്രമല്ല, പ്രതികൾക്ക് നിയമത്തിന്റെ ഒരു ലൂപ്പ് ഹോളും പ്രയോജനപ്പെടുത്താൻ സാധിക്കാത്തവണ്ണം വളരെ കൃത്യമായ തെളിവുകളും കോടതിയിൽ ഹാജരാക്കേണ്ടിവരും. ആ ജോലി ചെയ്യാൻ ഡൽഹി പോലീസ് മിനക്കെട്ടു, അതിനു പകരം ഹൈദരാബാദ് പൊലീസ് എൻകൗണ്ടർ എന്ന എളുപ്പവഴി തെരഞ്ഞെടുത്തു. അതുമാത്രമാണ് ഇവിടെ നടന്നിരിക്കുന്നത്. 

Never thought about encountering the accused, says Neeraj Kumar the Delhi Police Commissioner during Nirbhaya case

പ്രതികളെ കോടതിയിൽ ഹാജരാക്കിയാൽ കൃത്യമായ തെളിവുകൾ വേണം. ദില്ലി പൊലീസ് രാപ്പകൽ ഉറക്കമില്ലാതെ അതുണ്ടാക്കാൻ പ്രയത്നിച്ചു. കൃത്യമായ അന്വേഷണം നടത്തിയപ്പോൾ  കിട്ടിയ നേരിയ കച്ചിത്തുരുമ്പുകളിൽ പിടിച്ചു കേറിക്കൊണ്ട്  അവർ തുടർച്ചയായ തിരച്ചിലുകൾ നടത്തി. ദില്ലിയുടെ തെരുവുകളിൽ പൊലീസിന് ഉണ്ടായിരുന്ന ഇൻഫോർമർ നെറ്റ്‌വർക്കിനെ ഫലപ്രദമായ ഉപയോഗിച്ചു അവർ. ഒടുവിൽ ദില്ലി പൊലീസ് കോടതിയിൽ  നൽകിയ ആയിരം പേജുള്ള ഒരു കുറ്റപത്രം പിന്നീട് ഒരു സംശയത്തിനും ഇടയുണ്ടാക്കുന്ന ഒന്നായിരുന്നില്ല. ഹൈദരാബാദ് പൊലീസിനെ സംബന്ധിച്ചിടത്തോളം ഇനി പണി വളരെ കുറവാണ്. വെടിവെച്ചു കൊന്ന സ്ഥിതിക്ക് പ്രതികളിളെന്നു പൊലീസ് ചൂണ്ടിക്കാട്ടിയവർ ആരും തന്നെ  ഇനി തങ്ങളുടെ കുറ്റം നിഷേധിക്കാൻ പോകുന്നില്ല. അവർക്കെതിരെ തെളിവുകൾ നിരത്തുക താരതമ്യേന എളുപ്പമാകും. കേസ് വളരെ പെട്ടെന്നുതന്നെ ക്ളോസ് ചെയ്യാനാകും. കോടതിയിൽ പ്രതിഭാഗം വക്കീലിന്റെ ചോദ്യങ്ങളെ നേരിടേണ്ട ആവശ്യമില്ല. അങ്ങനെ സൗകര്യങ്ങൾ പലതുണ്ടവർക്ക്. ആകെ നേരിടാനുള്ളത് എൻകൗണ്ടറിനെപ്പറ്റി നടക്കാൻ പോകുന്ന സ്വതന്ത്ര അന്വേഷണം മാത്രമാണ്. അതാണെങ്കിൽ പലപ്പോഴും കേവലം ഔപചാരികതമാത്രമായി അവസാനിപ്പിക്കാനാണ് പതിവ്. 

" എൻകൗണ്ടർ നടന്നാൽ സ്വാഭാവികമായും ചോദ്യങ്ങൾ ഉയർന്നുവരും. ഹൈദരാബാദിൽ പോലീസ് വെടിവെച്ചു കൊന്നവർ തീവ്രവാദികളോ അധോലോക നായകരോ അല്ലായിരുന്നു. എന്നാൽ, അത്രമേൽ ജനശ്രദ്ധ പതിഞ്ഞ ഒരു അന്വേഷണമായിരുന്നു അത്. എൻകൗണ്ടർ എന്ന ഒരു നടപടിയിൽ ആ അന്വേഷണം അവസാനിച്ച സ്ഥിതിക്ക് ഇനി അതിനെപ്പറ്റിയും അന്വേഷണം നടത്തേണ്ടതുണ്ട്. അത് പൂർത്തിയായാൽ മാത്രമേ അതേപ്പറ്റി പറയാനാകൂ." നീരജ് കുമാർ ഐപിഎസ് ഹൈദരാബാദ് എൻകൗണ്ടറിനെപ്പറ്റി കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios