മ്യാന്‍മറില്‍ ജനാധിപത്യം സ്ഥാപിക്കുന്നതിനായിട്ടുള്ള പരിശ്രമത്തിന്‍റെ പേരില്‍ 1991 -ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‍കാരം നേടിയ നേതാവാണ് ആങ് സാന്‍ സ്യൂചി. 

തടവിലുള്ള മ്യാൻമർ നേതാവ് ആങ് സാന്‍ സ്യൂചിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന കുറ്റം കൂടി ചാര്‍ത്തിയെന്ന് പുതിയ വിവരം. വ്യാഴാഴ്ച സ്യൂചിയുടെ അഭിഭാഷകന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി ഒന്നിന് ആങ് സാന്‍ സ്യൂചിയെ അറസ്റ്റ് ചെയ്‍ത ശേഷം പട്ടാളം അട്ടിമറിയിലൂടെ ഭരണം സ്വന്തമാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കും മാറിത്തുടങ്ങിയിട്ടുണ്ട്. നിരവധിപ്പേരാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്. പ്രക്ഷോഭകര്‍ തമ്മിലുള്ള ആശയവിനിമയം തടയുന്നതിനുള്ള പുതിയ നടപടിയെന്നോണം കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വയർലെസ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ്. 

ഇന്‍റർനെറ്റ് സേവന ദാതാക്കളോട് അവരുടെ സേവനങ്ങൾ നിർത്താനായി പട്ടാള ഭരണകൂടം ഉത്തരവിട്ടതായി നിരവധി ടെലികോം വൃത്തങ്ങൾ അറിയിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ മ്യാന്‍മറിലെ ഭൂരിഭാഗം പേരും എഴുന്നേറ്റത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാവാതെയാണ്. മ്യാന്‍മറിലെ മിനിസ്ട്രി ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ നിന്നും ടെലകോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം കിട്ടുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മ്യാന്‍മറില്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവയ്ക്കണം എന്നായിരുന്നു നിര്‍ദ്ദേശം. 

മ്യാൻ‌മറിലെ ഭൂരിഭാഗം ഉപഭോക്താക്കളും വയർ‌ലെസ് ഡാറ്റാ സേവനങ്ങളിലൂടെയാണ് ഇൻറർ‌നെറ്റിലേക്ക് കണക്റ്റുചെയ്യുന്നത്. ആശയവിനിമയവും വിവരങ്ങളുടെ ഒഴുക്കും തടയുന്നതിനുള്ള ശ്രമത്തിൽ, ഭരണകൂടം രാത്രി ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒരുമണി മുതൽ ഇന്‍റർനെറ്റ് വെട്ടിക്കുറച്ചതായി ഇന്‍റർനെറ്റ് മോണിറ്റർ നെറ്റ്ബ്ലോക്കുകൾ സ്ഥിരീകരിച്ചു. 19 -ാം ദിവസം മൊബൈൽ ഡാറ്റയും പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

അട്ടിമറിക്ക് ശേഷം ആങ് സാന്‍ സ്യൂചിയേയും അവരുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) യിലെ മറ്റ് അംഗങ്ങളെയും പട്ടാളം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആറ് വാക്കി-ടോക്കികള്‍ അനധികൃതമായി ഇറക്കുമതി ചെയ്യുക, കൊറോണ വൈറസ് പ്രോട്ടോക്കോളുകൾ ലംഘിക്കുക എന്നിവയുൾപ്പെടെ നിരവധി ചെറിയ കുറ്റകൃത്യങ്ങളാണ് പട്ടാളം നേരത്തെ അവരുടെ മേല്‍ ആരോപിച്ചിരുന്നത്. പുറത്താക്കപ്പെട്ട മൂന്ന് കാബിനറ്റ് മന്ത്രിമാര്‍ക്കും തടങ്കലിലായ ഓസ്‌ട്രേലിയൻ സാമ്പത്തിക ഉപദേഷ്ടാവുമായ സീൻ ടർണെലിനെതിരെയും ഒരാഴ്ച മുമ്പ് യാങ്കോൺ കോടതിയിൽ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റം ചുമത്തിയതായി മുഖ്യ അഭിഭാഷകൻ ഖിൻ മൗങ് സാ ടെലിഫോണിലൂടെ റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍, രണ്ട് ദിവസം മുമ്പ് മാത്രമാണ് താനിതേക്കുറിച്ച് അറിഞ്ഞത് എന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 14 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ഔദ്യോഗിക രഹസ്യ നിയമത്തിന്‍റെ ലംഘനം. 

മ്യാന്‍മറില്‍ ജനാധിപത്യം സ്ഥാപിക്കുന്നതിനായിട്ടുള്ള പരിശ്രമത്തിന്‍റെ പേരില്‍ 1991 -ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‍കാരം നേടിയ നേതാവാണ് ആങ് സാന്‍ സ്യൂചി. പിന്നീട് റോഹിങ്ക്യൻ ജനതയ്ക്ക് മേലെയുള്ള പട്ടാളത്തിന്റെ നടപടികളെ ന്യായീകരിച്ചതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും അവർക്ക് നേരെയുണ്ടായി. 

നേരത്തെ ചുമത്തിയ കുറ്റങ്ങള്‍ക്ക് തത്സമയ ഓൺലൈൻ വീഡിയോ സ്യൂചി വിചാരണയ്ക്ക് ഹാജരായി. അവരുടെ മറ്റൊരു വക്കീലായ മിന്‍ മിന്‍ സോയി, സ്യൂചിയുടെ ആരോഗ്യനിലയില്‍ പ്രശ്‍നമൊന്നുമില്ലെന്ന് അറിയിച്ചു. 75 വയസാണ് സ്യൂചിയ്ക്ക്. സ്യൂചിയെ അമ്മ എന്നാണ് വക്കീല്‍ അഭിസംബോധന ചെയ്‍തത്. മ്യാന്‍മറില്‍ മിക്കവരും സ്യൂചിയെ അമ്മ എന്ന് തന്നെയാണ് വിളിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അത്രയേറെ സ്വാധീനം അവര്‍ക്കുണ്ട്. ആങ് സാൻ സ്യൂചിയുടെ കൂടെ പ്രസിഡന്റ് വിൻ മിന്തിനെയും പട്ടാളം അട്ടിമറിയിൽ സ്ഥാനഭ്രഷ്ടനാക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹവും വിവിധ ആരോപണങ്ങൾ നേരിടുന്നു. പ്രസിഡണ്ടിന്‍റെ ആരോഗ്യത്തിലും പ്രശ്‍നങ്ങളില്ലെന്ന് മിന്‍ മിന്‍ സോയി അറിയിച്ചു. ഇരുവർക്കുമെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്ന് അഭിഭാഷകര്‍ പറയുന്നു. 

പ്രക്ഷോഭത്തെ തുടർന്ന് മ്യാന്‍മറില്‍ കുട്ടികളടക്കം അഞ്ഞൂറോളം പേരെയെങ്കിലും പട്ടാളം വെടിവച്ചു കൊന്നതായി അനൗദ്യോഗിക വിവരമുണ്ട്. ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും വിവിധ രാജ്യങ്ങളും ശക്തമായി ഇതിനെ അപലപിച്ചു.