സൂക്ഷിക്കുക; യുവതികളെ ഉപയോഗിച്ച് ഡേറ്റിംഗ് ആപ്പിലൂടെ പുരുഷന്മാരെ വലയിലാക്കും, പിന്നെ സംഭവിക്കുക ഇത്?
ഡേറ്റിങ്ങിന് പുരുഷന്മാർ തയ്യാറായാൽ പിന്നീട് പോകേണ്ട റെസ്റ്റോറന്റും കഴിക്കേണ്ട ഭക്ഷണങ്ങളും തീരുമാനിക്കുന്നത് യുവതികൾ ആയിരിക്കും.

ഓരോ ദിവസവും തട്ടിപ്പുകളുടെ പുതിയ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദില്ലി, പൂനെ എന്നിവിടങ്ങളിൽ ചില റെസ്റ്റോറന്റുകൾ ഡേറ്റിംഗ് ആപ്പ് ഉപയോഗപ്പെടുത്തി തട്ടിപ്പുകൾ നടത്തുന്നു എന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. യുവതികളെ വാടകയ്ക്ക് എടുത്ത് ഡേറ്റിങ്ങ് ആപ്പിലൂടെ പുരുഷന്മാരെ വലയിൽ ആക്കിയാണ് തട്ടിപ്പുകൾ നടത്തുന്നതെന്നും നിരവധി പേരാണ് ഇതിനോടകം ഇരകളായത് എന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. പൂനെ സ്വദേശിയായ യുവാവിന് 23,000 രൂപ ഇതുപോലെ നഷ്ടമായി എന്ന് പറയുന്നു.
റെസ്റ്റോറന്റുകൾ വാടകയ്ക്ക് എടുക്കുന്ന യുവതികൾ വ്യാജ പ്രൊഫൈലുകളിൽ ഡേറ്റിംഗ് ആപ്പുകളിൽ സജീവമാകും. തുടർന്ന് ഈ യുവതികൾ സമ്പന്നരായ പുരുഷന്മാരെ വലയിലാക്കുകയും ആദ്യ ഡേറ്റിങ്ങിന് ക്ഷണിക്കുകയും ചെയ്യും. ഡേറ്റിങ്ങിന് പുരുഷന്മാർ തയ്യാറായാൽ പിന്നീട് പോകേണ്ട റെസ്റ്റോറന്റും കഴിക്കേണ്ട ഭക്ഷണങ്ങളും തീരുമാനിക്കുന്നത് യുവതികൾ ആയിരിക്കും. റെസ്റ്റോറന്റിൽ എത്തിക്കഴിഞ്ഞാൽ അവിടുത്തെ ഏറ്റവും വിലകൂടിയ വിഭവങ്ങൾ യുവതികൾ തന്നെ ഓർഡർ ചെയ്യും.
ഒടുവിൽ ബില്ലടയ്ക്കേണ്ട ചുമതല തന്ത്രപരമായി പുരുഷന്മാരുടെ തലയിൽ ഇടുകയും ചെയ്യും. റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചു പിരിഞ്ഞു കഴിഞ്ഞാൽ പിന്നെ ഈ യുവതികളുടെ യാതൊരു വിവരവും ഉണ്ടാവുകയുമില്ല. ഇനി ബില്ലടക്കാൻ പുരുഷന്മാർ മടിച്ചാൽ ഡേറ്റിംഗ് വേളയിലെ ചാറ്റ് വിവരങ്ങൾ പുറത്തുവിടുമെന്നാകും യുവതികളുടെ ഭീഷണി എന്നാണ് പറയുന്നത്.
മാധ്യമപ്രവർത്തക ദീപിക ഭരദ്വാജ് ഇതുപോലെ അനുഭവമുണ്ടായ ഒരു വ്യക്തിയുടെ റെസ്റ്റോറന്റിന്റെ ബില്ലിന്റെ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നായിരുന്നു അവരുടെ പോസ്റ്റ്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയാണ് സംഭവമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: