ഹിറ്റ്ലറുടേതെന്ന് കരുതുന്ന ഡിഎൻഎ സാമ്പിളുകൾ ഉപയോഗിച്ച് നടത്തിയ പുതിയ ഗവേഷണം അദ്ദേഹത്തിന് കാൽമാൻ സിൻഡ്രോം എന്ന ജനിതക വൈകല്യം ഉണ്ടായിരുന്നിരിക്കാമെന്ന് സൂചിപ്പിക്കുന്നു. ഹിറ്റ്ലറുടെ ജൂത പാരമ്പര്യം, മറ്റ് മാനസിക വൈകല്യങ്ങൾ എന്നിവയും പഠനം പരിശോധിച്ചു. 

ഡോൾഫ് ഹിറ്റ്ലറുടേതെന്ന് കരുതപ്പെടുന്ന ഡിഎൻഎ സാമ്പിൾ പരിശോധനാ റിപ്പോർട്ടുമായി ​ഗവേഷകർ. 'ഹിറ്റ്ലേഴ്സ് ഡിഎൻഎ: ബ്ലൂപ്രിന്‍റ് ഓഫ് എ ഡിക്ടേറ്റർ' എന്ന് പേരിട്ടിരിക്കുന്ന ഡിഎൻഎ പരിശോധന ഫലമടങ്ങി‌യ ഡോക്യുമെന്‍ററി യുകെയിലെ ചാനൽ ഫോറിൽ പ്രദർശിപ്പിച്ചു. യുകെയിലെ ബാത്ത് സർവകലാശാലയിലെ പ്രൊഫസറും ജനിതക ശാസ്ത്രഞ്ജയുമായ ടൂറി കിം​ഗാണ് നാല് വർഷമെടുത്ത് നടത്തിയ ​ഗവേഷണത്തിന് നേതൃത്വം നൽകിയത്. 1945 -ൽ ഹിറ്റ്ലർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ ബങ്കറിലെ സോഫയുടെ ഒരു ഭാ​ഗത്തുണ്ടായിരുന്ന രക്തക്കറയും ഹിറ്റ്ലറുടെ ബന്ധുവിന്‍റെ രക്തത്തിന്‍റെ ഡിഎൻഎ സാമ്പിളും താരതമ്യം ചെയ്തായിരുന്നു അവരുടെ പഠനം.

കാൽമാൻ സിൻഡ്രോം

ഹിറ്റ്ലർക്ക് കാൽമാൻ സിൻഡ്രോം എന്ന ജനിതക വൈകല്യമുണ്ടായിരുന്നു എന്ന സൂചനകളാണ് ഡിഎൻഎ പരിശോധനയിൽ നിന്നും ഇവരുടെ കണ്ടെത്തൽ. അതിനൊപ്പം തന്നെ ഹിറ്റ്ലർക്ക് ജൂത പാരമ്പര്യം ഉണ്ടായിരുന്നോയെന്നും മാനസിക പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്ന ജനിതക വൈകല്യങ്ങൾ ഉണ്ടായിരുന്നോയെന്നുമാണ് പ്രധാനമായും ഇവർ പരിശോധിച്ചത്. ഡോക്യുമെന്‍ററിയിൽ പങ്കുവെച്ച കണ്ടെത്തലുകൾ ഈ മേഖലയിലെ മറ്റ് ശാസ്ത്രഞ്ജർ പരിശോധിക്കുകയോ ഏതെങ്കിലും ഒരു ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിവരങ്ങളുടെ ആധികാരികത ഇപ്പോഴും പൂർണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഹിറ്റ്ലറിന് ജീൻ മ്യൂട്ടേഷൻ സംഭവിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കണ്ടെത്തലായി ഡോക്യുമെന്‍ററിയിൽ അവതരിപ്പിക്കുന്നത്. ജീനിലെ ഈ വകഭേദം കാൽമാൻ സിൻഡ്രോമിനും കൺജെനിറ്റൽ ഹൈപ്പോ​ഗൊനാഡ്രോപിക് ഹൈപോ​ഗൊനാഡിസത്തിനും കാരണമായെന്നാണ് കണ്ടെത്തൽ. പുരുഷന്മാരിൽ പ്രായപൂർത്തിയാകുന്നത് വൈകിപ്പിക്കുന്നതിനും വൃഷണ വളർച്ചയെ ബാധിക്കുന്നതിനും കാരണമാകുന്നതാണ് ഈ അവസ്ഥ. ടെസ്റ്റോസ്റ്റിറോൺ അളവ് കുറവായിരിക്കും എന്നതാണ് ഇതിന്‍റെ പ്രധാന കാര്യം. പ്രായപൂർത്തിയാകാതിരിക്കുന്നതിലേക്കോ ഭാ​ഗികമായ പ്രായപൂർത്തിയിലേക്കോ ആണിത് നയിക്കുക.

ക്രിപ്റ്റോർക്കിഡിസം

ചരിത്രപരമായ പല സംഭവങ്ങളെയും കോർത്തിണക്കിയാണ് കിം​ഗ് തന്‍റെ കണ്ടെത്തലുകൾ സാധൂകരിക്കാൻ ശ്രമിക്കുന്നത്. 1923 -ലെ പരാജയപ്പെട്ട മ്യൂണിക് ബിയർ ഹാൾ അട്ടമറിക്ക് ശേഷം ഹിറ്റ്ലർ ജയിലിൽ കഴിഞ്ഞതിനെക്കുറിച്ചുള്ള ഒരു മെഡിക്കൽ രേഖയാണ് ഇത്തരത്തിൽ ഉദാഹരിക്കുന്ന ഒരു കാര്യം. ഈ മെഡിക്കൽ രേഖപ്രകാരം ഹിറ്റ്ലറിന് വൃഷണം, വൃഷണ സഞ്ചിയിലേക്ക് ഇറങ്ങാത്ത 'ക്രിപ്റ്റോർക്കിഡിസം' എന്ന അവസ്ഥയുണ്ടായിരുന്നെന്നാണ് കിം​ഗ് ചൂണ്ടിക്കാണിക്കുന്നത്. ഹിറ്റ്ലറിന് കൽമാൻ സിൻഡ്രോം ഉണ്ടായിരുന്നെന്ന കണ്ടെത്തൽ തന്നെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി പ്രധാനപ്പെട്ടതാണെന്നാണ് ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചരിത്രകാരനും ലക്ചറുമായ ഡോ. അലക്സ് ​കേ പറയുന്നത്. ഹിറ്റ്ലറുടെ വ്യക്തിബന്ധങ്ങളുടെ അഭാവത്തിന്‍റെ കാരണങ്ങൾ വിശദീകരിക്കാൻ ഈ വിവരങ്ങൾ സഹായിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ കാരണങ്ങൾ കൊണ്ടാവാം സ്വകാര്യ ജീവിതത്തിന് പ്രധാന്യം കൊടുക്കാതെ ഹിറ്റ്ലർ മുഴുവൻ സമയവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഹിറ്റ്ലറിന് ജൂത പാരമ്പര്യമുണ്ടോയെന്ന ചോ​ദ്യത്തിന് 'ഇല്ല' എന്ന ഗവേഷകരുടെ മറുപടി ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. ഹിറ്റ്ലറിന് ഒന്നിലധികം നാഡീസംബന്ധിയും ജനിതകപരവുമായ അവസ്ഥകൾ ഉണ്ടായിരുന്നെന്നാണ് മറ്റൊരു കണ്ടെത്തൽ. സ്കീസോഫ്രീനിയ, അറ്റൻഷൻ ഡെഫിഷിറ്റ് ഹൈപ്പർ ആക്ടിവിറ്റി, ഓട്ടിസം എന്നീ അവസ്ഥകൾ ഹിറ്റ്ലറിന് ഉണ്ടായിരുന്നുവെന്നാണ് ഡിഎൻഎ പരിശോധനയിൽ നിന്നും ഇവർ കണ്ടെത്തിയിരിക്കുന്നത്. പോളിജെനിക സ്കോറുമായി ജീനിനെ താരതമ്യപ്പെടുത്തിയാണ് ഈ കണ്ടെത്തലിലേക്ക് അവർ എത്തിയിരിക്കുന്നത്.

മറുവാദം

എന്നാൽ, ഒരു വ്യക്തിക്കുണ്ടാകുന്ന ഇത്തരം അവസ്ഥകൾ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്താനാകില്ലെന്നും തെളിവുകൾ ഇല്ലാതെയുള്ള ഇത്തരം ജനിതക നിർണയ വാദങ്ങൾ തെറ്റാണെന്നുമുള്ള ആരോപണങ്ങൾ ശാസ്ത്രലോകത്ത് നിന്നും ഉയരുന്നുണ്ട്. സ്കീസോഫ്രീനിയ മനഃശാസ്ത്ര പരിശോധനയിൽ മാത്രമാണ് നിർണയിക്കാനാവുകയെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ കിം​ഗിന്‍റെ കണ്ടെത്തലുകൾ നിലവിൽ അപൂർണമായി തുടരുകയാണ്. ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയുടെ ജനിതക - മാനസിക വൈകല്യങ്ങളുടെ പഠനം അയാൾ ലോകത്തോട് ചെയ്ത അതിക്രമത്തിന്‍റെ തോത് കുറയ്ക്കില്ലെന്നും അത്തരം ശ്രമങ്ങൾ അം​ഗീകരിക്കാനാകില്ലെന്നും ഇവർ വാദിക്കുന്നു.