യുഎസ് പ്രസിഡന്‍റ് എപ്സ്റ്റീൻ ബില്ലിൽ ഒപ്പുവെച്ചെങ്കിലും, നിയമത്തിലെ പഴുതുകൾ ഫയലുകൾ പൂർണ്ണമായി പുറത്തുവിടുന്നത് തടഞ്ഞേക്കാം. ട്രംപ് സ്വയം രക്ഷപ്പെടാനും ഡെമോക്രാറ്റുകളെ കുടുക്കാനും ശ്രമിക്കുന്നുവെന്ന സംശയങ്ങളും ഇതിനിടെ ഉയർന്നു.
വലിയൊരു യുദ്ധം പ്രതീക്ഷിച്ച എല്ലാവരേയും അമ്പരപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് എപ്സ്റ്റീൻ ബില്ലിൽ ഒപ്പിട്ടു. ഇനി 30 ദിവസത്തിനകം ജസ്റ്റിസ് വകുപ്പ് ഫയുകൾ പുറത്തുവിടണം. പക്ഷേ, അപ്പോഴും ചില പഴുതുകളുണ്ട്. തുടരുന്ന ക്രിമിനൽ അന്വേഷണവുമായോ വ്യക്തിയുടെ സ്വകാര്യതയുമായോ ബന്ധപ്പെട്ടതൊന്നും പുറത്ത് വിടേണ്ടതില്ല.
ജനപ്രതിനിധിസഭയും സെനറ്റും വൻ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസാക്കിയത്. പിന്നെ പ്രസിഡൻഷ്യൽ വീറ്റോക്കും സാധ്യതയില്ലാതെയായി. ഇത്രനാളും തട്ടിപ്പ് എന്നൊക്കെ പറഞ്ഞിരുന്ന പ്രസിഡന്‍റാണ് പെട്ടെന്ന് അതിനുവേണ്ടി വാദിക്കാൻ തുടങ്ങിയത്. എന്നിട്ടും സൗദി സംഘത്തിന്‍റെ സന്ദർശനത്തിനിടെ തട്ടിപ്പ് വാദം ആവർത്തിച്ചു. എന്തായാലും ഫയലുകൾ പുറത്തുവരും. എത്രമാത്രം എന്നതിലാണ് സസ്പെൻസ്. ക്രിമിനൽ അന്വേഷണ വിവരങ്ങളാണ് ഫയലിൽ കൂടുതൽ, ഇരകളുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ, റെയ്ഡുകളിൽ പിടിച്ചെടുത്തത്. പക്ഷേ, ക്രിമിനൽ അന്വേഷണ വിവരങ്ങൾ പുറത്തുവിടേണ്ട കാര്യമില്ല. പ്രസിഡന്‍റ് പ്രഖ്യാപിച്ച അന്വേഷണത്തിൽ സംശയം വരുന്നത് അവിടെയാണ്.
ട്രംപ്, സ്വയം സുരക്ഷിതനാക്കിയോ?
എപ്സ്റ്റീന് ഉന്നതരുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനാണ് ട്രംപ് തന്‍റെ വിശ്വസ്തയായ അറ്റോർണി ജനറൽ പാം ബോണ്ടിയോട് ആവശ്യപ്പെട്ടത്. അത് ക്രിമിനൽ അന്വേഷണമെന്ന് വ്യാഖ്യാനിച്ചാൽ അത്തരം ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടേണ്ട. ബില്ലിനായി ആദ്യം നീക്കം തുടങ്ങിയ റിപബ്ലിക്കൻ കോൺഗ്രസ് അംഗം തോമസ് മാസിയുടെ സംശയം അതാണ്. അന്വേഷണം മറയാക്കി പലതും പിടിച്ചുവയ്ക്കുക. ട്രംപ് - എപ്സ്റ്റീൻ ബന്ധവും പുറത്തുവരില്ല. ഇതെല്ലാം തയ്യാറാക്കി വച്ചിട്ടാണോ പ്രസിഡന്‍റ് തന്നെ ബില്ലിനായി വാദിച്ച് തുടങ്ങിയതെന്ന് സംശയിക്കേണ്ടിവരും. രണ്ടാമൂഴ പ്രചാരണ കാലത്ത് ഫയലുകൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഭരണമേറ്റിട്ട് പുറത്തുവിട്ടത് ഫ്ലൈറ്റ് ലോഗുകളാണ്. ഇനിയുമുണ്ടെന്നു പ്രസിഡന്‍റ് പറഞ്ഞു. പക്ഷേ, ഇല്ല എന്ന് പറഞ്ഞു പാം ബോണ്ടി. അതാണ് രണ്ട് പക്ഷത്തേയും ജനപ്രതിനിധികളെ അസ്വസ്ഥരാക്കിയത്. അങ്ങനെ ബില്ലിനുള്ള നീക്കം തുടങ്ങി.

ഡമോക്രാറ്റുകൾ
കോൺഗ്രസ് കഴിഞ്ഞയാഴ്ച പുറത്തുവിട്ടതിൽ തന്നെ എപ്സ്റ്റീന്‍റെ ട്രംപ് പരാമർശങ്ങൾ ധാരാളം. പ്രസിഡന്‍റിന്‍റെ എപ്സ്റ്റീൻ ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ് പലതും. മറ്റൊന്നുകൂടിയുണ്ട്. ഇപ്പോഴും പ്രസിഡന്‍റിന്‍റെ വാദം, അതൊരു ഡമോക്രാറ്റ് പ്രശ്നമെന്നാണ്. ഉന്നതരായ ഡമോക്രാറ്റുകളുടെ എപ്സ്റ്റീൻ ബന്ധം അന്വേഷിക്കാനാണ് ട്രംപ്, പാം ബോണ്ടിയോട് ആവശ്യപ്പെട്ടത്. അങ്ങനെയെങ്കിൽ പുറത്തുവരിക ഡമോക്രാറ്റുകളുടെ മാത്രം വിവരങ്ങളായിരിക്കും, ചിലപ്പോൾ. ഇതിനകം തന്നെ ചിലർ കുടുങ്ങിയിട്ടുണ്ട്. വിർജിൻ ഐലന്‍റസ് ജനപ്രതിനിധി സഭാംഗമായസ്റ്റേസി പ്ലാസ്കറ്റ്, എപ്സ്റ്റീന് സന്ദേശമയച്ചു. കോൺഗ്രഷണൽ മൊഴിയെടുപ്പ് (Congressional testimony) നടക്കുന്നതിനിടെയാണ് സന്ദേശം പോയത്. എന്തിനെന്ന് വിശദീകരിക്കാനായിട്ടില്ല അവർക്ക്. അതേപോലെ ഡമോക്രാറ്റ് ഭരണകാലത്തെ വൈറ്റ് ഹൗസ് ഉന്നതോദ്യോഗസ്ഥനും ഇപ്പോൾ Open AI ബോർഡംഗവുമായ ലാറി സമ്മേഴ്‌സും കുടുങ്ങി. സ്ഥാനം രാജിവച്ചു. എപ്സ്റ്റീനുമായുളള സൗഹൃദ സന്ദേശങ്ങളുടെ പേരിൽ. ഹാർവാഡിലെ സേവനവും അവസാനിച്ചുവെന്ന മട്ടാണ്.
നീതി തേടി ഇരകൾ
2019 -ൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എപ്സ്റ്റീന്‍റെ ക്ലയന്‍റ് ലിസ്റ്റിൽ പ്രസിഡന്‍റുമാരും പ്രധാനമന്ത്രിമാരും രാജകുമാരൻമാരും രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വിദഗ്ധരുമുണ്ടെന്നത് വ്യക്തമായ കാര്യമാണ്. അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ എത്രമാത്രം പുറത്തുവരുമെന്നത് മാത്രമല്ല, എന്തൊക്കെ വന്നാലും അതൊക്കെ പ്രസിഡന്‍റ് തള്ളിക്കളഞ്ഞാൽ, അവഗണിച്ചാൽ എന്തുസംഭവിക്കുമെന്നതും അവ്യക്തമാണ്. പക്ഷേ, പേരുകളെല്ലാം സഭയിൽ ഉറക്കെ വായിക്കുമെന്ന് അറിയിച്ചിരിക്കയാണ് റിപബ്ലിക്കൻ അംഗങ്ങൾ മാർജോറി ഗ്രീനും തോമസ് മാസിയും. കാത്തിരിക്കുന്നവരിൽ എപ്സ്റ്റീന്‍റെ ഇരകളുമുണ്ട്. നീതി കിട്ടണമെന്ന ആഗ്രഹമാണവർക്ക്. അതിൽ പക്ഷേ, രാഷ്ട്രീയമില്ല.


