ന്യൂസിലന്‍ഡില്‍ ഏറെക്കാലമായി ജനങ്ങള്‍ ചര്‍ച്ച ചെയ്‍തിരുന്ന വിഷയമാണ് ദയാവധം. അനുകൂലമായും പ്രതികൂലമായും ഒരുപാടു ചര്‍ച്ചകളും വാദങ്ങളും ഇതിന്‍റെ പേരിലുണ്ടായി. ഇപ്പോഴിതാ ഭൂരിഭാഗം ജനങ്ങളും ദയാവധത്തെ അനുകൂലിച്ചുകൊണ്ട് വോട്ട് ചെയ്‍തിരിക്കുകയാണ്. ഇതോടെ, ദയാവധം അംഗീകരിക്കുന്ന നിയമത്തിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡില്‍. 65.2% വോട്ടർമാർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്ന 'എൻഡ് ഓഫ് ലൈഫ് ചോയ്സ് ആക്റ്റ് 2019' നെ പിന്തുണച്ചതായി പ്രാഥമിക റഫറണ്ടം ഫലങ്ങൾ കാണിക്കുന്നു. 

ഒരു രോഗി അനുഭവിക്കുന്ന വേദന, ഭേദമാക്കാനാവില്ലെന്ന് വൈദ്യശാസ്ത്രപരമായി സ്ഥിരീകരിച്ചാൽ, വേദനയിൽനിന്നും മുക്തനാകാനുള്ള അവസാന മാർഗ്ഗമെന്ന നിലക്ക് മരണം ആഗ്രഹിക്കുന്ന രോഗിയെ ഡോക്ടർക്ക് സഹായിക്കാം എന്നതാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യം പൊതുവോട്ടെടുപ്പിൽ ഉൾപ്പെടുത്തുന്നത്. ഇത് വളരെ ഗുരുതരമായി രോഗം ബാധിച്ചിരിക്കുന്ന, ആറ് മാസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത രോഗികളെ രണ്ട് ഡോക്ടര്‍മാരുടെ അനുവാദത്തോടെ ദയാവധത്തിന് സഹായിക്കുന്ന ഒന്നാണ്. 

വെള്ളിയാഴ്ച പ്രഖ്യാപിച്ച ഫലങ്ങളിൽ വിദേശ ബാലറ്റുകൾ ഉൾപ്പെടെ 480,000 പ്രത്യേക വോട്ടുകൾ ഉൾപ്പെടുന്നില്ല. അതിനാൽ അവസാനഫലം നവംബർ ആറ് വരെ സ്ഥിരീകരിക്കില്ല. എങ്കില്‍പ്പോലും, ആ വോട്ടുകള്‍ പരിഗണിക്കുമ്പോഴും ഫലത്തില്‍ വലിയ മാറ്റമുണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ 2021 നവംബറോടുകൂടി പുതിയ നിയമം വരുമെന്നാണ് കരുതുന്നത്. നിയമം വന്നു കഴിഞ്ഞാല്‍ ദയാവധം നിയമപരമായിട്ടുള്ള നെതര്‍ലാന്‍ഡ്, കാനഡ അടക്കമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ന്യൂസിലന്‍ഡും ഇടം പിടിക്കും. 

ഈ മാസം ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇക്കാര്യത്തിലുള്ള ജനഹിതപരിശോധനയും നടന്നത്. ദയാവധത്തിന് പുറമെ കഞ്ചാവ് നിയമവിധേയമാക്കുന്ന കാര്യത്തിലും ജനഹിതം തേടുകയുണ്ടായി. എന്നാല്‍, 53 ശതമാനം പേരും 'വേണ്ട' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 46 ശതമാനം പേരാണ് 'വേണം' എന്ന് രേഖപ്പെടുത്തിയിരുന്നത്. അതിനാല്‍ത്തന്നെ കഞ്ചാവ് നിയമവിധേയമാക്കാനുള്ള സാധ്യത കുറവാണെന്നാണ് കാണുന്നത്. 

പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍, പ്രതിപക്ഷ നേതാവ് ജുഡിത് കൊളിന്‍സ് എന്നിവരടക്കം ദയാവധത്തെ പിന്തുണച്ചിരുന്നു. കൂടുതല്‍ ജനങ്ങളും 'യെസ്' പറഞ്ഞതോടെ ദയാവധം അംഗീകരിക്കുന്നതിന് തടസമുണ്ടാവില്ലെന്നാണ് മനസിലാവുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വൈകാരികമായ പ്രചാരണങ്ങളുടെ ഫലം കൂടിയാണ് ഇത് എന്ന് പറയേണ്ടി വരും. നിരവധിപ്പേര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ദയാവധം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രചാരണങ്ങള്‍ നടത്തിയിരുന്നു. അതില്‍ ഗുരുതരമായ രോഗം ബാധിച്ചവരും അവരുടെ ബന്ധുക്കളും എല്ലാമുണ്ടായിരുന്നു. 

രോഗമുക്തി സാധ്യതയില്ലാത്തവര്‍ക്ക് ഒടുവില്‍ ദയാവധം അനുവദിക്കാന്‍ സഹായിക്കുന്ന നിയമം വരുന്നുവെന്നതില്‍ വളരെയധികം സന്തോഷമുണ്ട്. അവരുടെ വേദനാജനകമായ ജീവിതം അവസാനിപ്പിക്കുക എന്ന തെരഞ്ഞെടുപ്പ് നടത്താന്‍ അവര്‍ക്ക് അവസരം ഉണ്ടാകുമല്ലോ എന്നാണ് ഇതില്‍ പലരും ജനഹിതം അറിഞ്ഞതിനെ തുടര്‍ന്ന് പ്രതികരിച്ചത്.