വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ദയാവധം ഇനി നിയമവിധേയം. ഈ മാസം 17-ന് നടന്ന ഹിതപരിശോധനയിലാണ് രാജ്യം ഈ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. 65 ശതമാനം ആളുകള്‍ ഇതിന് അനുകൂലമായ തീരുമാനം എടുത്തു. 

കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് ദയാവധത്തിന് അനുകൂലമായ നിയമം പാസാക്കിയിരുന്നു. എന്നാല്‍, ഇത് നിയമവിധേയമാവാന്‍ ഹിതപരിശോധനയില്‍ 50 ശതമാനത്തിലേറെ വോട്ടുകള്‍ വേണം. അതിന്റെ ഭാഗമായാണ് ഹിതപരിശോധന നടന്നത്. നവംബര്‍ ആറിന് നിയമം നടപ്പില്‍ വരും. ഇതുപ്രകാരം ഗുരുതരമായ രോഗം നേരിട്ട്, ദയാവധം നല്‍കണമെന്ന് ആവശ്യപ്പെടുന്ന രോഗികള്‍ക്ക് മരിക്കാനുള്ള മരുന്ന് നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും. 

എന്നാല്‍, ഹിതപരിശോധനയില്‍ ഇതോടൊപ്പം ഉണ്ടായിരുന്ന, കഞ്ചാവ് നിയമവിധേയമാക്കണോ എന്ന ചോദ്യത്തിന് 53 ശതമാനം പേര്‍ എതിരായി വോട്ട് ചെയ്തു. 46 ശതമാനം പേര്‍ മാത്രമാണ് അനുകൂല നിലപാട് എടുത്തത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യം എതിര്‍ത്തിരുന്ന പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ ഹിതപരിശോധനയില്‍ തീരുമാനം മാറ്റി. കഞ്ചാവ് നിയമവിധേയമാക്കണം എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ദയാവധം അനുവദിക്കണമെന്നായിരുന്നു ആദ്യം മുതലേ അവരുടെ അഭിപ്രായം.

ദയാവധം നിയമവിധേയമാക്കണമെന്ന് ജസീന്തയുടെ മുഖ്യ എതിരാളിയായ നാഷനല്‍ പാര്‍ട്ടി നേതാവ് ജൂഡിത്ത് കോളിന്‍സും  നിലപാട് എടുത്തിരുന്നു.നിലവില്‍ ബെല്‍ജിയം, നെതര്‍ലാന്‍ഡ്, ലക്‌സംബര്‍ഗ്, കാനഡ, കൊളംബിയ എന്നീ അഞ്ച് രാജ്യങ്ങളില്‍ മാത്രമാണ് ദയാവധം നിയമവിധേയമാക്കിയത്. ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ സ്വിറ്റ്‌സര്‍ലാന്‍ഡിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തും നിയമവിധേയമാണ്. ചുരുക്കം രാജ്യങ്ങളില്‍ മാത്രമാണ് കഞ്ചാവ് നിയമവിധേയമാക്കിയത്.