ഗുരുഗ്രാമിൽ ഉയർന്ന ശമ്പളം വാങ്ങിയിട്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സോഫ്റ്റ്‍വെയർ ഡെവലപ്പറുടെ റെഡ്ഡിറ്റ് കുറിപ്പ് വൈറലാകുന്നു. വാടക, ഇ.എം.ഐ, മറ്റ് ചെലവുകൾ എന്നിവ കഴിഞ്ഞ് മാസാവസാനം കയ്യിൽ പണമില്ലാത്ത അവസ്ഥയെക്കുറിച്ചും, മെട്രോ നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ചും ഈ ചർച്ച വെളിച്ചം വീശുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുറമേ നിന്ന് അറിയുന്ന വലിയ ശമ്പളക്കണക്കുകൾ പലപ്പോഴും മെട്രോ നഗരങ്ങളിലെ യഥാർത്ഥ ജീവിതച്ചെലവുകളുമായി ഒത്തുപോകാറില്ലെന്ന യാഥാർത്ഥ്യം തുറന്നുകാട്ടുകയാണ് സോഷ്യൽ മീഡിയയിലെ പുതിയൊരു ചർച്ച. ഉയർന്ന ശമ്പളം വാങ്ങിയിട്ടും മാസാവസാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗുരുഗ്രാമിലെ 27-കാരനായ ഒരു സോഫ്റ്റ്‍വെയർ ഡെവലപ്പറുടെ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പുറത്ത് നിന്നുള്ളവർക്ക് തൻറെ വരുമാനം വലിയ തുകയെന്ന് തോന്നുമെങ്കിലും തനിക്ക് സ്വന്തം കുടുംബത്തിന്‍റെ ആവശ്യങ്ങൾ പോലും തൃപ്തികരമായി നിറവേറ്റാൻ കഴിയുന്നില്ലെന്ന് ഇദ്ദേഹം സങ്കടത്തോടെ പങ്കുവെക്കുന്നു.

ചെലവായി പോകുന്ന ശമ്പളം

വാടകയും ഇ.എം.ഐയും (EMI) മറ്റ് കുടുംബച്ചെലവുകളും കഴിഞ്ഞ് മാസാവസാനം കയ്യിൽ ഒന്നും അവശേഷിക്കാത്ത അവസ്ഥയിലാണ് താനെന്ന് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ ഈ യുവാവ് പറയുന്നു. അടുത്തിടെ വിവാഹിതനായ ഇദ്ദേഹം, തന്‍റെ ഭീമമായ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും സുഹൃത്തുക്കളിൽ നിന്ന് വാങ്ങിയ കടത്തെക്കുറിച്ചും കുറിപ്പിൽ വിശദീകരിക്കുന്നു. തന്നെക്കാൾ ഇരട്ടി ശമ്പളം വാങ്ങുന്ന സഹപ്രവർത്തകരെ കാണുമ്പോൾ, സ്വന്തം കുടുംബത്തിന് ഒരു ആഡംബര ജീവിതം നൽകാൻ കഴിയാത്തതിൽ വലിയ വിഷമമുണ്ടെന്നും അദ്ദേഹം തുറന്നു പറയുന്നു.

1.5 ലക്ഷം രൂപ 15,000 -ത്തിന് തുല്യം

"1.5 ലക്ഷം രൂപ ഇപ്പോൾ വെറും 15,000 രൂപ പോലെയാണ് തോന്നുന്നത്, എനിക്ക് നല്ലൊരു ഉപദേശം വേണം," എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം തന്‍റെ മാസവരുമാനത്തിന്‍റെ കണക്കുകൾ നിരത്തിയത്.

വരുമാനവും ചെലവുകളും ഇങ്ങനെ:

  • പ്രതിമാസ വരുമാനം: 1.44 ലക്ഷം
  • പ്ലോട്ട് ഇ.എം.ഐ : 44,000 രൂപ
  • ഗുരുഗ്രാമിലെ വീട്ടുവാടക: 25,000 രൂപ
  • പലചരക്ക് സാധനങ്ങൾ: 6,000 - 7,000. രൂപ വരെ
  • ഇന്ധനച്ചെലവ്: ₹8,000 - ₹10,000 രൂപ
  • വ്യക്തിപരമായ ചെലവുകൾക്ക്: 15,000 രൂപ
  • പുറത്ത് നിന്നുള്ള ഭക്ഷണം, മറ്റ് ചെലവുകൾ: 7,000 - ₹8,000
  • ആകെ ചില്: ഏകദേശം ₹1.1 ലക്ഷം

"ഇതിനുപുറമെ കാർ സർവീസിംഗ്, ഇൻഷുറൻസ് പ്രീമിയങ്ങൾ, മെഡിക്കൽ ബില്ലുകൾ, നാട്ടിലുള്ള മാതാപിതാക്കളുടെ ആവശ്യങ്ങൾ എന്നിങ്ങനെ അപ്രതീക്ഷിതമായി വരുന്ന വലിയ ചെലവുകൾ കൂടിയാകുമ്പോൾ കയ്യിൽ ഒന്നും ഇല്ലാത്ത അവസ്ഥയാകും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂടാതെ, സുഹൃത്തുക്കളിൽ നിന്ന് വാങ്ങിയ 2.55 ലക്ഷത്തിന്‍റെ കടം എത്രയും വേഗം വീട്ടാനുള്ള ശ്രമത്തിലാണെന്നും ഇദ്ദേഹം എഴുതി.

'ഒരു വഴി പറഞ്ഞു തരൂ'

"എന്‍റെ അതേ പ്രായമുള്ളവർ എന്നെക്കാൾ ഇരട്ടി തുക സമ്പാദിക്കുന്നത് കാണുമ്പോൾ വലിയ മാനസിക വിഷമം തോന്നാറുണ്ട്. എന്‍റെ ഭാര്യക്കും കുടുംബത്തിനും സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഒരു ജീവിതം നൽകാൻ എനിക്ക് കഴിയുന്നില്ല," എന്ന് റെഡ്ഡിറ്റ് ഉപയോക്താക്കളോട് സഹായം അഭ്യർത്ഥിച്ച് കൊണ്ട് അദ്ദേഹം എഴുതി. ഭാവിയിൽ ഒരു സോഫ്റ്റ്‍വെയർ ഡെവലപ്പർ എന്ന നിലയിൽ പ്രൊമോഷനും ശമ്പളവർദ്ധനവും വഴി കാര്യങ്ങൾ എളുപ്പമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, നിലവിലെ സാഹചര്യം വളരെ കഠിനമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

പ്രതികരിച്ച് നെറ്റിസെൺസ്

ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് തങ്ങളുടെ വ്യത്യസ്തമായ അഭിപ്രായങ്ങളുമാ ന്ന രംഗത്തെത്തിയത്. ഒരാൾ കുറിച്ചതിങ്ങനെ: "ഇന്ത്യയിലെ 97-98 ശതമാനം മികച്ച ശമ്പളമാണ് നിങ്ങൾക്കിപ്പോൾ ലഭിക്കുന്നത്. മറ്റുള്ളവർ ജീവിച്ച് പോകുന്നുണ്ടെങ്കിൽ നിങ്ങൾക്കും ഇതിലും നന്നായി ജീവിക്കാം." ഇതിന് മറുപടിയായി, തനിക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണെന്നല്ല, മറിച്ച് ദിവസേനയുള്ള ഈ സാമ്പത്തിക സമ്മർദ്ദം മാനസികമായി തളർത്തുന്നുണ്ടെന്നാണ് ഐടി ജീവനക്കാരൻ പ്രതികരിച്ചത്. ഒരു വശത്ത് ഇദ്ദേഹത്തിന്‍റെ അവസ്ഥയെ ആളുകൾ ദൂർത്തായി കാണുമ്പോൾ, മറുവശത്ത് ഉയർന്ന പണപ്പെരുപ്പവും ആഡംബര നഗരങ്ങളിലെ വലിയ ജീവിതച്ചെലവുകളും യാഥാർത്ഥ്യമാണെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു.