മുംബൈയിലെ ഫോർട്ടിൽ വെച്ച് യുവതികളെ പിന്തുടർന്ന യുവാവ് പൊതു ഇടത്ത് വച്ച് അശ്ലീല പ്രവൃത്തി നടത്തി. അസ്വസ്ഥരായ സ്ത്രീകൾ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഇയാൾ രക്ഷപ്പെട്ടു. എന്നാൽ, യുവതികൾ നൽകിയ പരാതിയുടെ അസ്ഥാനത്തിൽ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിയമ സംരക്ഷണം ഉണ്ടെങ്കിലും ഇന്നും സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾക്ക് കൈയും കണക്കുമില്ല. ഗാർഹിക പീഡനങ്ങളോടൊപ്പം തന്നെ പൊതുവിടത്തിലും സ്ത്രീകൾ പലതരത്തിലുള്ള പീഡനങ്ങൾക്ക് ഇന്നും ഇരയാക്കപ്പെടുന്നു. ഏറ്റവും ഒടുവിലായി മഹാനഗരമായ മുംബൈയിലെ ഫോർട്ട് പ്രദേശത്ത് വച്ച് തങ്ങളെ പിന്തുടരുകയും പിന്നാലെ സ്വയംഭോഗം ചെയ്യുകയും ചെയ്ത യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് കൊണ്ട് ഇത്തരം ഞരമ്പുരോഗികളെ കണ്ടെത്താനും നിയമത്തിന്‍റെ വഴിക്ക് കൊണ്ടുവരാനും യുവതികൾ അഭ്യർത്ഥിച്ചു. പിന്നാലെ വീഡിയോ വൈറലായി.
പിന്തുടർന്നു പിന്നാലെ അശ്ലീല പ്രവർത്തി
സൗത്ത് മുംബൈയിലെ ഫോർട്ടിൽ വച്ചാണ് യുവതികൾക്ക് ഇത്തരമൊരു അനുഭവം ഉണ്ടായത്. മുംബൈ രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടറിൽ പോകുന്ന പ്രതിയുടെ വീഡിയോയാണ് യുവതികൾ പങ്കുവച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് തങ്ങളെ പിന്തുടർന്ന് അസ്വസ്ഥകരമായ രീതിയിൽ നോക്കുകയും ചെയ്തപ്പോഴാണ് തങ്ങൾ സംഭവം ശ്രദ്ധിച്ചതെന്ന് യുവതികൾ പറയുന്നു.
ഒരു പ്രശ്നം ഉണ്ടാകാതിരിക്കാനായി കൂടുതൽ സുരക്ഷിതമായ, ആൾത്തിരക്കേറിയ പ്രദേശത്തേക്ക് മാറാൻ ശ്രമിച്ചു. എന്നാൽ അയാൾ സ്കൂട്ടറിൽ തങ്ങളെ പിന്തുടർന്നു. അവസാനം ഒരു മരത്തിന് സമീപം സ്കൂട്ടർ നിർത്തി അതിൽ ഇരുന്നു കൊണ്ട് തങ്ങളെ നോക്കി അയാൾ സ്വയംഭോഗം ചെയ്യാൻ ആരംഭിച്ചെന്നും യുവതികൾ പറയുന്നു. ആ പ്രവർത്തി തങ്ങളെ കൂടുതൽ ആശങ്കയിലാക്കിയെന്നും ഇതേ തുടർന്ന് യുവാവിന്‍റെ വീഡിയോ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചെന്നും യുവതികൾ വീഡിയോയിൽ കുറിച്ചു. എന്നാൽ, വീഡിയോ ഷൂട്ട് ചെയ്യാൻ തുടങ്ങിയതോടെ യുവാവ് പെട്ടെന്ന് തന്‍റെ സ്കൂട്ടറെടുത്ത് സ്ഥലം വിട്ടു. എന്നാൽ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് (MH01FF 6808) കൃത്യമായി വീഡിയോയിൽ പതിഞ്ഞിരുന്നു.
ശിക്ഷ കടുത്തതാകണമെന്ന് നെറ്റിസെന്‍സ്
വീഡിയോ വളരെ വേഗം തന്നെ വൈറലായി. യുവതികൾ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് വച്ച് അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. പ്രാഥമികാന്വേഷണത്തിൽ പ്രതി മസ്ഗാവ് പ്രദേശത്ത് നിന്നുള്ള ആളാകാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഫോർട്ട് പോലുള്ള തിരക്കേറിയ വാണിജ്യ പ്രദേശങ്ങളിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതമായും ആത്മാഭിമാനത്തോടെയും നടത്താൻ സാധിക്കില്ലെങ്കിൽ രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിലെ അവസ്ഥയെന്തായിരിക്കുമെന്ന് നിരവധി പേരാണ് ചോദിച്ചത്. നിയമം ഉണ്ടാക്കിയാൽ മാത്രം പോരെ അത് ശക്തമായി പ്രവർത്തികമാക്കണമെന്നും ഇത്തരം കുറ്റവാളികളെ അവരൊരിക്കലും മറക്കാത്ത തരത്തിലുള്ള ശിക്ഷ നൽകണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി.


