ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയില്‍ കിടത്തിയ കുട്ടിയോടൊപ്പം ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. അതില്‍ സാമ്പത്തിക ബാധ്യതയെന്നാണ് എഴുതിയതെങ്കിലും പ്രശ്നം മറ്റൊന്നായിരുന്നു.

ഴിഞ്ഞ ശനിയാഴ്ച രാവിലെ പൻ‌വേലിലെ ടാക്കയിൽ രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബ്ലാക്കറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനൊപ്പം ഇംഗ്ലീഷില്‍ ഒരു കുറിപ്പുമുണ്ടായിരുന്നു. മാനസികവും സാമ്പത്തികവുമായ സാഹചര്യം കാരണം മറ്റ് നിവര്‍ത്തിയില്ലാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നതെന്ന് ആ കുറിപ്പില്‍ എഴുതിയിരുന്നു.

ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് ടക്ക കോളനിയിലെ മൊറാജ് റെസിഡൻസിയിലെ സ്വപ്നാലെയിലെ പെൺകുട്ടികളുടെ അനാഥാലയത്തിന് പുറത്തുള്ള നടപ്പാതയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കിടത്തിയ പ്ലാസ്റ്റിക്ക് കൊട്ടയില്‍ ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പിൽ, കുട്ടിയെ ഉപേക്ഷിക്കാനുള്ള സാഹചര്യം വിവരിച്ചു. പിന്നാലെ പ്രദേശത്തെ സിസിടിവി പരിശോധിച്ച പോലീസ് പുലർച്ചെ 2.42 ന് ബുര്‍ഖ ധരിച്ച ഒരു സ്ത്രീ കാറില്‍ വന്നിറങ്ങി നീല നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് പെട്ടി അനാഥാലയത്തിന് സമീപത്ത് വച്ച്, അതേ കാറില്‍ തന്നെ കയറി പോകുന്നത് കണ്ടെത്തി.

View post on Instagram

തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തില്‍ 24 മണിക്കൂറിനുള്ളില്‍ മുംബൈ പോലീസ് കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടെത്തി. കുട്ടിയുടെ അമ്മയും അച്ഛനും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും കഴിഞ്ഞ വർഷം ഇവരുടെ വിവാഹം കഴിഞ്ഞെങ്കിലും ഇരുവരുടെയും വീട്ടുകാര്‍ കാര്യം അറിഞ്ഞിരുന്നില്ലെന്നും അതിനാലാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കസ്റ്റഡിയിലുള്ള കുട്ടിയെ തിരികെ കൊണ്ടുപോകാൻ ദമ്പതികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കാറിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്തിയതെന്ന് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ അജയ് ലാൻഡ്‌ഗെ പറഞ്ഞു. അമ്മയ്ക്കും അച്ഛനും 23 ഉം 24 ഉം വയസ്സാണെന്നും വിദ്യാസമ്പന്നരും, സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ള ഇരുവരും ഭിവണ്ടിയിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം വീട്ടുകാര്‍ അറിയാതെ രഹസ്യമായി വിവാഹം കഴിച്ചു. ഇതേക്കുറിച്ച് കുടുംബങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അതിനാൽ കുട്ടിയെ സംരക്ഷിക്കാന്‍ കഴിയില്ലെന്നാണ് ദമ്പതികൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടതായും ഇരുവരുടെയും മാതാപിതാക്കളെ കാര്യങ്ങൾ ധരിപ്പിക്കാനായി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അലിബാഗിലെ വാത്സല്യ പുനർവികാസ് കേന്ദ്രത്തിൽ സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ് കുഞ്ഞ് ഇപ്പോൾ.