ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ക്ക് കാരണം കണ്ടെത്താനോ രോഗം ഭേദമാക്കാനോ കഴിഞ്ഞില്ല.
കുട്ടികളില്‍ വിര ശല്യം സാധാരണമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നാണ് കുട്ടികളില്‍ വിരശല്യമുണ്ടാകാറുള്ളത്. മരുന്ന് കഴിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആ പ്രശ്നത്തിന് പരിഹാരം കാണാറാണ് പതിവ്. എന്നാല്‍, അസാധാരണമായ ഒരു സംഭവമാണ് ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ട് വയസുകാരിയായ ഒരു പെണ്‍കുട്ടി കഴിഞ്ഞ ഒരു മാസമായി ഛർദ്ദിക്കുന്നത് ജീവനുള്ള വിരകളെയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാങ്‌ഷൗ സിറ്റിയിൽ നിന്നുള്ള എട്ടുവയസ്സുകാരിയാണ് ദുരിതജീവിതം നയിച്ചത്. ഏതാണ്ട് ഒരു മാസത്തോളം നടത്തിയ പരിശോധനയ്ക്കൊടുവില്‍ വീട്ടിന് സമീപത്തുള്ള വെള്ളത്തിൽ നിന്നുള്ള ഡ്രെയിൻ ഈച്ചയുടെ ലാർവകളാണ് കുട്ടിയുടെ വിര ശല്യത്തിന് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി.
ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷവും കുട്ടി വിരകളെ ഛർദ്ദിച്ച് തുടങ്ങിയതോടെയാണ് ആശങ്ക ഏറിയത്. മാത്രമല്ല കുടുംബത്തിലെ മറ്റാര്‍ക്കും അത്തരത്തിലൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. കുട്ടിയുടെ അച്ഛന്‍ ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. 'ഒരു സെന്‍റീമീറ്റർ നീളമുള്ള ഒരുപിടി പുഴുക്കളെ' ആണ് അവൾ ഒരോ ദിവസവും ഛർദ്ദിച്ചതെന്നാണ്. ആദ്യ ദിവസം തന്നെ കുട്ടിയുമായി അച്ഛനുമമ്മയും പ്രാദേശിക ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍മാര്‍ക്ക് രോഗത്തിന്‍റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ദിവസങ്ങൾ പരിശ്രമിച്ചിട്ടും രോഗം ശമിക്കാതിരുന്നതും കാരണം കണ്ടെത്തുന്നതില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടതും കുട്ടിയുടെ മാതാപിതാക്കളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒടുവില്‍ ജിയാങ്‌സുവിലെ സൂചോ സർവകലാശാലയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ദ്ധനായ ഡോ. ഷാങ് ബിംഗ്ബിംഗ് കുട്ടിയെ പരിശോധിച്ചു. അദ്ദേഹം കൂടുതല്‍ പരിശോധനയ്ക്കായി വിരയുടെ സാമ്പിൾ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലേക്ക് അയക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടു. അവിടെ നടന്ന പരിശോധനയിലാണ് മോത്ത് ഈച്ച എന്ന് അറിയപ്പെടുന്ന ഡ്രെയിൻ ഈച്ചയുടെ ലാർവയെയാണ് കുട്ടി ഛർദ്ദിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. ഡ്രെയിൻ ഈച്ചകൾ ഈർപ്പമുള്ള വേനൽക്കാല മാസങ്ങളിൽ ചൈനയുടെ തെക്കൻ പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുന്നവയാണ്. വീടുകളിലെ ഡ്രെയിനേജുകൾ. കുളിമുറികൾ, അടുക്കള തുടങ്ങി ഇരുണ്ട ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്.
യാങ്‌ഷൗ സിഡിസിയിലെ ഡിപ്പാർട്ട്‌മെന്‍റ് മേധാവിയായ സൂ യുഹുയിയുടെ അഭിപ്രായത്തിൽ, മലിനമായ വെള്ളവുമായുള്ള സമ്പർക്കത്തിലൂടെയാണ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് വിരകൾ പ്രവേശിച്ചത്. കുട്ടി പല്ല് തേക്കുമ്പോഴോ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോഴോ, തെറിക്കുന്ന വെള്ളത്തിലൂടെ വിരകൾ അവളുടെ ശരീരത്തിൽ പ്രവേശിച്ചേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവയുടെ അമിതമായ സാന്നിധ്യം ശരീരത്തിലെ ദഹന പ്രക്രിയയുടെ താളം തെറ്റിക്കും. ഒപ്പം ഡ്രെയിൻ ഈച്ചകളെ ഒരിക്കലും നഗ്നമായ കൈകൾ കൊണ്ട് കൊല്ലരുതെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സന്ദർഭങ്ങളില്‍ അവ വഹിക്കുന്ന ബാക്ടീരിയകൾ കണ്ണുകളിലൂടെയോ വായയിലൂടെയോ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പും ബേക്കിംഗ് സോഡയും കലർത്തിയ തിളച്ച വെള്ളം ബാധിച്ച ഇത്തരം സ്ഥലങ്ങളില്‍ ഒഴിച്ച് ഇവയുടെ ലാർവകളെ കൊല്ലണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.


