മനുഷ്യന്‍റെ കഴിഞ്ഞകാല ചരിത്രങ്ങളുടെ നേർക്കാഴ്‍ചയാണ് മ്യൂസിയം. നമ്മുടെ വംശത്തിന്‍റെ, സംസ്‍കാരത്തിന്‍റെ, ഭൂതകാലത്തിന്‍റെ ചരിത്രമുറങ്ങുന്ന അവിടം എന്നും പഴമയുടെ ഗന്ധം പേറുന്നു. എന്നാൽ, നാം കണ്ട് ശീലിച്ച മ്യൂസിയങ്ങളിൽനിന്നും തികച്ചും വ്യത്യസ്‍തമായിരുന്നു വാഷിംഗ്‍ടൺ ഡിസിയിൽ 2008 -ൽ തുടങ്ങിയ 'ന്യൂസിയം' (Newseum) എന്ന മ്യൂസിയം. പഴമയുടെ ചരിത്രമല്ല അവിടെയുള്ളത്, മറിച്ച് പുതുയുഗത്തിന്‍റെ ചരിത്രമാണ് അവിടെ തുറന്നു കാണിക്കുന്നത്. അതും മാധ്യമങ്ങളുടെ കണ്ണിലൂടെ വർത്തമാനകാല സംഭവങ്ങളെ വരച്ച് കാണിക്കാൻ ശ്രമിക്കുകയാണ് ന്യൂസിയം.  

 

മാധ്യമ ചരിത്രത്തിനും, മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി സമർപ്പിച്ചിട്ടുള്ള മ്യൂസിയം, പേര് സൂചിപ്പിക്കുന്ന പോലെതന്നെ വാർത്തകളുടെ ചരിത്രമാണ് ചൂണ്ടികാണിക്കുന്നത്. സമകാലീന ചരിത്രത്തിൽ അഭിപ്രായ സ്വാതന്ത്രത്തിനുള്ള പ്രാധാന്യവും ഈ മ്യൂസിയം എടുത്തുകാണിക്കുന്നു . മ്യൂസിയത്തിൽ ഒരു 9/11 ഗാലറിയുമുണ്ട്. അതിൽ തീവ്രവാദ ആക്രമണമണത്തെക്കുറിച്ചും, സംഭവത്തിന് സാക്ഷ്യം വഹിച്ച മാധ്യമപ്രവർത്തകരുടെ വിവരണങ്ങളുമുണ്ട്.

 

മാത്രമല്ല, വേൾഡ് ട്രേഡ് സെന്ററിന്‍റെ കഷ്‍ണങ്ങളും പെൻസിൽവേനിയയിലെ തകർന്ന വിമാനത്തിന്‍റെ ഒരു ഭാഗവും ഗാലറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂസിയത്തിന്‍റെ മറ്റൊരു പ്രധാന ആകർഷണം ബെർലിൻ വാൾ ഗാലറിയാണ്. 12 അടി ഉയരമുള്ള കോൺക്രീറ്റ് ബാരിക്കേഡിന്‍റെ എട്ട് ഭാഗങ്ങളും, ജർമ്മനിക്കു പുറത്തുള്ള ഏറ്റവും വലിയ മതിലിന്‍റെ ഭാഗങ്ങളും ഇവിടെ കാണാം. ഇത്രയും സവിശേഷമായ ഈ മ്യൂസിയം ഇപ്പോൾ നഷ്‍ടത്തിലാണ് എന്നത് തികച്ചും അത്ഭുതകരമാണ്.


 
പതിനൊന്ന് വർഷത്തെ പ്രവർത്തനത്തിന് ശേഷം ഒടുവിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ന്യൂസിയം ചൊവ്വാഴ്ച്ചയോടെ അടച്ചുപൂട്ടുകയാണ്. ന്യൂസിയത്തിന്‍റെ നടത്തിപ്പുകാരായ 'ഫ്രീഡം ഫോറം' എന്ന സ്ഥാപനം വർഷങ്ങളായുള്ള സാമ്പത്തിക ബാധ്യത മൂലം മ്യൂസിയം നിലനിൽക്കുന്ന ഭൂമി വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ജോൺസ് ഹോപ്‍കിൻസ് സർവകലാശാലയ്ക്ക് 373 മില്യൺ ഡോളറിനാണ് ഇത് വിറ്റത്. ഡി‌സി അധിഷ്ഠിത ബിരുദ പ്രോഗ്രാമുകൾക്കായി സർവകലാശാല ഇനി ഈ പെൻ‌സിൽ‌വാനിയ അവന്യൂവിലെ കെട്ടിടം ഉപയോഗിക്കും.

വാര്‍ത്തയുടെ ചരിത്രം പേറിയ ന്യൂസിയം ഇനിയില്ല; ഇല്ലാതാകുന്നത് വാര്‍ത്തകള്‍ക്കായൊരിടം

“ഞങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കഥകൾ ജനങ്ങളിലേക്ക് എത്തിച്ചത്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു” പബ്ലിക് റിലേഷൻസ് ഡയറക്ടർ സോന്യ ഗവങ്കർ ന്യൂസിയത്തിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് പറയുന്നു. 'മ്യൂസിയ'ത്തെ കുറിച്ചുള്ള കാഴ്‍ചപ്പാട് തന്നെ ഞങ്ങൾ മാറ്റിയെന്നും അവർ കൂട്ടിച്ചേർത്തു. മ്യൂസിയത്തിന്‍റെ പരാജയത്തിന് അനവധി കാരണങ്ങളാണ് സോന്യ ചൂണ്ടികാണിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് നിർഭാഗ്യകരമായ ഒരു സമയത്തായിരുന്നു അതിന്‍റെ ആരംഭം എന്നതാണ്. 2008 -ലെ സാമ്പത്തിക മാന്ദ്യത്തിനിടയിലാണ് മ്യൂസിയത്തിന്‍റെ ഉദ്ഘാടനം നടക്കുന്നത്. സാമ്പത്തിക മാന്ദ്യം പത്രങ്ങളെ നല്ല രീതിയിൽ ബാധിച്ചിരുന്നു, പ്രത്യേകിച്ച് അനവധി പിരിച്ചുവിടലുകൾക്കും അടച്ചുപൂട്ടലുകൾക്കും ആ കാലം സാക്ഷ്യം വഹിച്ചിരുന്നു.

സൗജന്യ മ്യൂസിയങ്ങൾ നിറഞ്ഞ ഒരു നഗരത്തിൽ ഒരു സ്വകാര്യ സ്ഥാപനമായ ന്യൂസിയം വേണ്ടരീതിയിൽ അംഗീകരിക്കപ്പെട്ടില്ല എന്നതാണ് രണ്ടാമത്തെ കാരണം. ന്യൂസിയത്തിൽ ഒരു ടിക്കറ്റിന് മുതിർന്നവർക്ക് $ 25 (ഏകദേശം 1785 ഇന്ത്യന്‍ രൂപ) ചെലവാകുമായിരുന്നു. കൂടാതെ അനവധി മ്യൂസിയങ്ങളുടെ ഇടയിലാണ്, പ്രത്യേകിച്ചു  ദേശീയ ഗാലറി ഓഫ് ആർട്ടിന് തൊട്ടുമുന്നിലാണ് ഇത് സ്ഥിതിചെയ്‍തിരുന്നത്. ആളുകൾ സ്വാഭാവികമായും സൗജന്യ മ്യൂസിയങ്ങൾ സന്ദർശിക്കാൻ താല്പര്യപ്പെട്ടു.

 

മറ്റൊരു കാരണം ന്യൂസിയം ഒരിക്കലും തദ്ദേശീയരെ ആകർഷിച്ചിരുന്നില്ല എന്നതാണ്. മ്യൂസിയം  സന്ദർശിച്ചിരുന്നത് കൂടുതലും വിദേശികളും സ്‍കൂൾ കുട്ടികളുമാണ്. ഡിസിയിൽ താമസിക്കുന്ന ക്ലെയർ മിയേഴ്‍സ് ആ അഭിപ്രായം പൂർണ്ണമായും ശരിവക്കുന്നു. ക്ലെയർ സ്‍കൂളിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ന്യൂസിയം സന്ദര്‍ശിച്ചത്. ഇപ്പോൾ അത് പൂട്ടാൻ പോകുന്നുവെന്നറിഞ്ഞ് ഒരിക്കൽ കൂടി സന്ദർശിക്കാൻ വന്നതാണവർ. "മ്യൂസിയം സന്ദർശിക്കാൻ പണം അടക്കണം എന്നതാണ് ഇതിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പ്രധാന കാരണം എന്ന് ഞാൻ കരുതുന്നു” ക്ലെയർ പറയുന്നു. സൗജന്യ മ്യൂസിയങ്ങൾ ഉള്ളപ്പോൾ ആരാണ് ഇത്തരം മ്യൂസിയത്തിൽ പോകാൻ ആഗ്രഹിക്കുക എന്നും അവർ ചോദിച്ചു. പണമടച്ച് കയറുമ്പോൾ ഒരു ദിവസം കൊണ്ട് തന്നെ കണ്ട് തീർക്കണമെന്നുള്ള ഒരു സമ്മർദ്ദം ആളുകളിൽ ഉണ്ടാകുന്നു. നേരെമറിച്ച് മറ്റിടങ്ങളിൽ നമ്മുടെ സൗകര്യവും സമയവും അനുസരിച്ച് നമുക്ക് പോകാമെന്നുള്ളത് ഒരു വലിയ ആശ്വാസമാണെന്നും അവർ പറഞ്ഞു. പക്ഷേ, ഇത് അടച്ചുപൂട്ടുന്നതിൽ അതിയായ ദുഃഖമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.  

 

മ്യൂസിയത്തിന്‍റെ ശ്രദ്ധ പത്രപ്രവർത്തനത്തിലും ചരിത്രസംഭവങ്ങളിലും മാത്രമല്ല ഒതുങ്ങി നിന്നത്. മറിച്ച് അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശ പ്രശ്‍നങ്ങളും അത് ചർച്ച ചെയ്‍തിരുന്നു. ഇപ്പോൾ അടച്ചുവെങ്കിലും ഫ്രീഡം ഫോറം വിവിധ രൂപങ്ങളിൽ ദൗത്യം തുടരുമെന്ന് ഗവാങ്കർ പറഞ്ഞു. 

(ചിത്രങ്ങള്‍: GETTY)