Asianet News MalayalamAsianet News Malayalam

കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ എന്തുചെയ്യാം? എന്‍.ഐ.എ.എസിന്റെ പഠന റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്...

ഇന്ത്യയിലെ ഗ്രാമീണ മേഖലയെക്കുറിച്ച് വിശദമായ പഠനം നടത്തി മൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്. കാര്‍ഷിക മേഖലയിലെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 15 ശതമാനം കുറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

NIAS study report to prevent farmers suicide
Author
Delhi, First Published Nov 16, 2019, 12:01 PM IST

ഇന്ത്യന്‍ കാര്‍ഷിക രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കര്‍ഷക ആത്മഹത്യ. ഉത്പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ച വില ലഭിക്കാത്തതും വിത്തിനും വളങ്ങള്‍ക്കുമുള്ള സബ്‌സിഡി വെട്ടിച്ചുരുക്കുന്നതും ആത്മഹത്യയിലേക്കുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2016 -ല്‍ 6270 കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു. ഇതുകൂടാതെ, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്ന 5,109 പേര്‍ ജീവനൊടുക്കി. ഇന്ത്യയിലാകമാനമുള്ള കാര്‍ഷിക ഗ്രാമങ്ങളിലെ അസ്വസ്ഥമായ സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പഠന റിപ്പോര്‍ട്ടാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ്  സ്റ്റഡീസ് പുറത്തുവിടുന്നത്.

ബംഗളൂരു ആസ്ഥാനമായ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും ഡീനുമായ ഡോ. നരേന്ദ്ര പാനിയുടെ നേതൃത്വത്തിലുള്ള ടീമാണ് പഠനം നടത്തിയത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചും കാര്‍ഷികേതര മേഖലകളിലേക്ക് ജോലി തേടിപ്പോകുന്ന പ്രവണത വര്‍ധിക്കുന്നതിനെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ ഈ റിപ്പോര്‍ട്ട് നല്‍കുന്നു.

കര്‍ഷക ആത്മഹത്യകള്‍ തടയാനുള്ള മാര്‍ഗങ്ങള്‍

തരിശുഭൂമികള്‍ കണ്ടെത്തി കൃഷിക്ക് ഉപയുക്തമാക്കാന്‍ കര്‍ഷകരെ സഹായിക്കാനായി സ്ഥാപനങ്ങള്‍ ഉണ്ടാക്കണമെന്ന നിര്‍ദ്ദേശമാണ് ഇവര്‍ നല്‍കുന്നത്. അതുവഴി പാഴായിക്കിടക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി കൃഷിയിടങ്ങളായി മാറും. കമ്പോളത്തില്‍ ഉത്പന്നങ്ങള്‍ക്ക് കിട്ടുന്ന ന്യായമായ വിലയെക്കുറിച്ച് കര്‍ഷകരെ ബോധവാന്‍മാരാക്കാനും ഇവര്‍ക്ക് കഴിയണം. ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായ വിള-ഇന്‍ഷൂറന്‍സ് പദ്ധതി ഉണ്ടാക്കാനും മുന്‍കൈ എടുക്കണം.

നിലവില്‍ ജോലിയില്ലാതെ ജീവിക്കുന്ന മുതിര്‍ന്ന കര്‍ഷകത്തൊഴിലാളികളില്‍ നൈപുണ്യ വികസനത്തിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കണം. ഇതുകൂടാതെ കര്‍ഷകര്‍ക്ക് അടിസ്ഥാനപരമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങളും പഠനറിപ്പോര്‍ട്ടിലുണ്ട്. മെച്ചപ്പെട്ട ഭക്ഷണം, വെള്ളം, താമസം എന്നിവയെല്ലാം കര്‍ഷകര്‍ക്ക് കിട്ടാക്കനിയായി മാറുന്നു.

ഇന്ത്യയില്‍ കൃഷിക്ക് ഉപയോഗിക്കാവുന്ന ഏകദേശം 60 ശതമാനത്തോളം ഭൂമിയില്‍ ജലസേചനമില്ല. പ്രതിവര്‍ഷം ഇന്ത്യയിലെ 3.5 ശതമാനം കര്‍ഷകര്‍ക്ക് കൃഷിഭൂമി നഷ്ടപ്പെടുന്നുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കൃഷിമാത്രം അറിയാവുന്ന കര്‍ഷകര്‍ക്ക് ജീവിക്കാന്‍ ഉപാധിയില്ലാതാകുന്നു. ഉപജീവനത്തിനായി നഗരങ്ങളിലേക്ക് ഓടിപ്പോയവര്‍ നിരവധിയാണ്. ഇതില്‍ പലര്‍ക്കും വന്‍കിടക്കാരോട് പിടിച്ചു നിന്ന് കൃഷി വിജയിപ്പിക്കാന്‍ കഴിയാത്തവരാണ്. ഏകദേശം 20 ശതമാനത്തോളം സ്ത്രീകള്‍ കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ഗ്രാമീണ മേഖലയെക്കുറിച്ച് വിശദമായ പഠനം നടത്തി മൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്. കാര്‍ഷിക മേഖലയിലെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 15 ശതമാനം കുറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2004-2005 കാലഘട്ടത്തില്‍ 19 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. എന്നിരുന്നാലും ഇന്ത്യയില്‍ 45 ശതമാനം തൊഴില്‍ സാധ്യതകള്‍ ഇന്നും കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, കുറഞ്ഞ വേതനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

കാര്‍ഷിക മേഖലയിലെ ജോലി ഉപേക്ഷിച്ച് ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കൂടുമാറുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. മെച്ചപ്പെട്ട ജോലി തേടുകയാണ് ഇവര്‍. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം കൃഷി ചെയ്യാന്‍ പറ്റാത്തവരും മഴക്കെടുതി മൂലം വിള നശിച്ചവരും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കാന്‍ വഴി കണ്ടെത്താനാകാതെ ഇന്നും കഷ്ടപ്പെടുന്നു. പ്രകൃതി ദുരന്തങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഏല്‍പ്പിക്കുന്ന കനത്ത പ്രത്യാഘാതങ്ങള്‍ പാവപ്പെട്ട കര്‍ഷകരുടെ നിലനില്‍പ്പിനെയാണ് ബാധിക്കുന്നത്.

ജോലി തേടിയെത്തി വൃത്തിഹീനവും ജീവിക്കാന്‍ കഴിയാത്തതുമായ സാഹചര്യങ്ങളില്‍ കഴിയുന്ന ഇത്തരം  തൊഴിലാളികള്‍ക്കായി പ്രത്യേകം ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഈ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ള കര്‍ഷകത്തൊഴിലാളികളില്‍ നൈപുണ്യ വികസനത്തിനുള്ള വഴികള്‍ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. അതിനായി മൊബൈല്‍ ട്രെയിനിങ്ങ് സെന്ററുകള്‍ നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഗ്രാമീണ മേഖലയിലുള്ള യുവതീ യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതും നല്ലതാണ്.

കാര്‍ഷിക മേഖലയില്‍ നിന്ന് മാറി ജോലി സാധ്യതയുള്ള മറ്റു മേഖലകളിലേക്ക് പോകുന്നത് ജീവിത സാഹചര്യം മെച്ചപ്പെടുത്താനുതകുമെന്ന തിരിച്ചറിവ് നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയിലെ കാര്‍ഷികോത്പാദനം കുറയുന്നതോര്‍ത്ത് ആശങ്കാകുലരാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍. വികസ്വര രാജ്യമായ ഇന്ത്യയില്‍ കാര്‍ഷിക മേഖലയുടെ നിലനില്‍പ്പ് താളംതെറ്റാതിരിക്കേണ്ടത് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാന്‍ അത്യാവശ്യമാണ്. 2050 ആകുമ്പോള്‍ ലോകത്തിലെ 9 ബില്യണ്‍ ജനങ്ങള്‍ക്ക് ഭക്ഷണം കിട്ടാതാകുന്ന അവസ്ഥയിലേക്കാണ് കാര്‍ഷിക മേഖലയുടെ പതനം കൊണ്ടുചെന്നെത്തിക്കുന്നത്.


 

Follow Us:
Download App:
  • android
  • ios