സ്വന്തം മക്കൾ വയറുനിറയെ തിന്നാൻ വേണ്ടി അരവയറുണ്ട് മുണ്ടും മുറുക്കിയുടുത്ത് നടക്കുന്ന അമ്മമാരെ നമ്മൾ എത്ര കണ്ടിരിക്കുന്നു. മക്കളെ നല്ല സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കാൻ വേണ്ടി അവർ എന്തുമാത്രം പെടാപ്പാടു പെട്ടാണ് പണം സ്വരുക്കൂട്ടാറ്. അതിനുള്ള പരിശ്രമങ്ങൾക്കിടെ  തങ്ങളുടെ പല സുഖങ്ങൾക്കും സന്തോഷങ്ങൾക്കും സമയവും സാവകാശവും കണ്ടെത്താൻ അവർക്ക് കഴിയാറില്ല. വീടുകളിൽ അവർ ചെയ്യുന്ന കൂലിയില്ലാ വേലകളുടെ പേരിൽ, അവരുടെ സഹനങ്ങളുടെ പേരിൽ അവരോടുള്ള നന്ദി സൂചകമായി നമ്മൾ വർഷാവർഷം 'മദേഴ്‌സ് ഡേ' വരെ ആഘോഷിക്കാറുണ്ട് . 

തന്റെ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വളരെ വ്യത്യസ്തമായ ഒരു രീതി അവലംബിച്ച ഒരു ചൈനീസ് ബാലന്റെ കഥയാണ് ഇനി. അവന്റെ പേര് ഗുവോ യിഫാൻ. വയസ്സ് വെറും ഒമ്പത്.. എന്നാൽ സ്വന്തം അമ്മയോടുള്ള അവന്റെ സ്നേഹവും കരുതലും, പ്രായത്തേക്കാൾ എത്രയോ വലുതായിരുന്നു. 

പൈസ സ്വരുക്കൂട്ടാൻ തുടങ്ങി ഒരു വർഷമായപ്പോഴേക്കും അവന്റെ പിഗ്ഗി ബാങ്ക് നിറഞ്ഞു

അവൻ കഴിഞ്ഞാഴ്ച, തന്റെ അമ്മയെയും കൊണ്ട് ടൗണിലെ ജ്വല്ലറിയിലേക്ക് കേറിച്ചെന്നു. അവന്റെ ആവശ്യം സിംപിളായിരുന്നു. അമ്മയുടെ അളവിനുള്ളൊരു മോതിരം വേണം..  

കയ്യിലിടാൻ മോതിരമൊന്നും ഇല്ലാത്തതിന്റെ സങ്കടം അവന്റമ്മ ഇടയ്ക്കിടെ പറയുന്നത് രണ്ടു വർഷം മുമ്പെപ്പോഴോ ആണ്.  അവന്റെ മുന്നിലിരുന്ന് അന്ന് അമ്മ ആ സങ്കടം പറഞ്ഞുപറഞ്ഞ് വിതുമ്പിപ്പോയത് അവന്റെ നെഞ്ചിൽ ഒരു കരടായി  കുടുങ്ങിയിരുന്നു. 

അന്നുമുതൽ പാവം യിഫാൻ തനിക്ക് കിട്ടുന്ന ഓരോ പോക്കറ്റ് മണിയും ഒന്നിനും ചെലവിടാതെ തന്റെ പിഗ്ഗി ബാങ്കിൽ കൊണ്ട് നിറച്ചു കൊണ്ടിരുന്നു. അമ്മയ്ക്ക് എങ്ങനെയും ഒരു റിങ്ങ് വാങ്ങിക്കൊടുക്കണം, അതായിരുന്നു അവന്റെ ആഗ്രഹം. അതിനൊക്കെ ഒരുപാട് കാശാവും എന്നവന് അറിയാമായിരുന്നു. 

പൈസ സ്വരുക്കൂട്ടാൻ തുടങ്ങി ഒരു വർഷമായപ്പോഴേക്കും അവന്റെ പിഗ്ഗി ബാങ്ക് നിറഞ്ഞു. ആ കുടുക്ക പൊട്ടിച്ചാലും തികയില്ല എന്ന് യിഫാന് തോന്നി. പിന്നീട് കയ്യിൽ വന്ന കാശിന് അവനൊരു കുടുക്ക കൂടി വാങ്ങി. അതിൽ കാശിട്ടുതുടങ്ങി.  ഒടുവിൽ രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും അവന്റെ രണ്ടു കുടുക്കകളും നിറഞ്ഞു. 

അമ്മേ, പതിനയ്യായിരം രൂപയുണ്ട് ബഡ്ജറ്റ്.. അതിൽ ഒതുങ്ങുന്ന ഒരു മോതിരം നോക്കിക്കോളൂ..

അങ്ങനെ ഒരു ദിവസം തന്റെ അമ്മയെയും കൂട്ടി യിഫാൻ നേരെ ടൗണിലെ ജ്വല്ലറിയിലേക്ക് കയറിച്ചെന്നു. എന്തിനാണാവോ അതെന്നോർത്ത് ആ അമ്മ അമ്പരന്നു.  യിഫാന്റെ ബാക്ക് പാക്കിൽ രണ്ടു കുടുക്ക നിറയെ കാശുണ്ടെന്നു അവർക്കറിഞ്ഞുകൂടായിരുന്നു. 

കടയിലേക്കു കേറിച്ചെന്ന ഉടൻ അവൻ ചെയ്തത്  രണ്ടു കുടുക്കകളും കൗണ്ടറിൽ വെച്ച് തന്റെ ആവശ്യം അറിയിക്കുകയായിരുന്നു. ജ്വല്ലറിക്കാർ അവന്റെ കുടുക്കകൾ രണ്ടും  പൊട്ടിച്ച്‌ അതിലെ കാശെല്ലാം കൂടി എണ്ണിത്തിട്ടപ്പെടുത്തി. എല്ലാം കൂടി ഏകദേശം 15,270  രൂപയോളമുണ്ടായിരുന്നു. വാങ്ങാവുന്ന മോതിരത്തിന്റെ പ്രൈസ് റേഞ്ച് മനസ്സിലാക്കി അവൻ അമ്മയെയും കൂട്ടി സെയിൽസ്മാന്റെ അടുത്ത് ചെന്ന് അവരോട് പറഞ്ഞു, "അമ്മേ, പതിനയ്യായിരം രൂപയുണ്ട് ബഡ്ജറ്റ്.. അതിൽ ഒതുങ്ങുന്ന ഒരു മോതിരം നോക്കിക്കോളൂ.. " 

അതൊക്കെ കണ്ടു കൊണ്ട്, അത്ഭുതപരതന്ത്രയായി നിൽക്കുകയായിരുന്ന യിഫാന്റെ അമ്മയുടെ കണ്ണിൽ നിന്നും അതോടെ കണ്ണുനീർ കുടുകുടാ പുറപ്പെട്ടു.   കഴിഞ്ഞ രണ്ടു വർഷമായി തന്റെ ആഗ്രഹങ്ങൾ വേണ്ടെന്നുവെച്ചിട്ടാണ് മകൻ തന്റെയീ റിങ്ങിനുവേണ്ടി പണം സ്വരുക്കൂട്ടിയത് എന്നറിഞ്ഞപ്പോൾ അവർ സന്തോഷം കൊണ്ട് കരഞ്ഞു. 

എന്നെ നോക്കുന്നതിന് അമ്മയോട് നന്ദി പറയണം എന്നെനിക്ക് തോന്നി

അവൻ ഒരു ചൈനീസ് സൈറ്റിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു, "എന്റെ അമ്മ നല്ലപോലെ അദ്ധ്വാനിക്കും.. എന്നാലും ചെലവൊക്കെ കഴിയുമ്പോൾ അമ്മയ്ക്ക് മോതിരം വാങ്ങാനുള്ള കാശുണ്ടാവില്ല. അതുകൊണ്ടാണ് രണ്ടുകൊല്ലം മുമ്പേ ഇങ്ങനെ ഒരു ആഗ്രഹം എന്റെ മനസ്സിൽ കേറിക്കൂടിയത്. എന്നെ നോക്കുന്നതിന് അമ്മയോട് നന്ദി പറയണം എന്നെനിക്ക് തോന്നി. ഞാൻ ചെയ്‌തു.. " 

ഇങ്ങനെയുള്ള മക്കളിലാണ്, അവരിൽ വറ്റാതെ കാണുന്ന സഹാനുഭൂതിയിലാണ്, നാളെയെപ്പറ്റിയുള്ള നമ്മുടെ പ്രതീക്ഷകളിരിക്കുന്നത്. അതിന്റെ കെടാത്ത തിരിനാളമാണ്, യിഫാൻ എന്ന ഈ കുഞ്ഞുബാലൻ.