നിര്‍മ്മല്‍ ഏപ്രിലില്‍ നേപ്പാളില്‍ നിന്നാണ് തന്‍റെ കാമ്പയിനിങ് തുടങ്ങുന്നത്. മേയ് മാസത്തില്‍ അദ്ദേഹം എവറസ്റ്റ് കൊടുമുടി കീഴടക്കി. അന്നാണ് എവറസ്റ്റ് കീഴടക്കാനുള്ള ആളുകളുടെ നീണ്ടനിരയുടെ ചിത്രം നിര്‍മ്മല്‍ പകര്‍ത്തുന്നത്. 

നേപ്പാളി പര്‍വതാരോഹകനും മുന്‍ ബ്രിട്ടീഷ് നാവികനുമായ നിര്‍മ്മല്‍ പര്‍ജ ആറ് മാസത്തിനുള്ളില്‍ കീഴടക്കിയത് ലോകത്തിലെ തന്നെ ഉയരം കൂടിയ 14 മലകളാണ്. അതിലൂടെ തകര്‍ക്കപ്പെട്ടിരിക്കുന്നത് ഏകദേശം എട്ട് വര്‍ഷം കൊണ്ട് 14 കൊടുമുടികള്‍ കീഴടക്കിയ റെക്കോര്‍ഡും. പതിനാലാമത്തെ മലയായ ചൈനയിലെ ശിശാപാംഗ്മയുടെ മുകളില്‍ നിര്‍മ്മല്‍ എത്തിച്ചേര്‍ന്നത് ചൊവ്വാഴ്‍ച രാവിലെയാണ്. 

നേരത്തെ, എവറസ്റ്റിലെ നീണ്ട വരിയുടെ ഒരു ചിത്രം ലോകശ്രദ്ധ നേടിയിരുന്നു അത് പകര്‍ത്തിയതും ഈ യുവാവാണ്. മുപ്പത്തിയാറുകാരനായ നിര്‍മ്മല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരുന്നത് 2003 -ലാണ് പിന്നീട് 2009 -ല്‍ റോയല്‍ മറൈനില്‍. 2012 -ല്‍ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയതാണ് നിര്‍മ്മലിന്‍റെ പര്‍വ്വതാരോഹണങ്ങളുടെ തുടക്കം. ബേസ് ക്യാംപ് സന്ദര്‍ശിച്ച് മടങ്ങാനെത്തിയ നിര്‍മ്മല്‍ എവറസ്റ്റ് കയറിയിട്ടേ മടങ്ങുന്നുള്ളൂ എന്ന് തീരുമാനമെടുക്കുകയായിരുന്നു. 

അപ്പോള്‍ത്തന്നെ ഒരുപാട് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ ആളായിരുന്നു നിര്‍മ്മല്‍. എണ്ണായിരത്തിലധികം മീറ്റർ ഉയരമുള്ള രണ്ടു കൊടുമുടികൾ ഒന്നിന് പിന്നാലെ ഒന്നായി ഏറ്റവും വേഗത്തിൽ കീഴടക്കിയതിന്റെ റെക്കോർഡും അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ, 2018 -ല്‍ രാജ്ഞി സിവിലിയന്‍ ബഹുമതിയായ MBE -യും നല്‍കി നിര്‍മ്മലിനെ ആദരിച്ചിരുന്നു. നേപ്പാളില്‍ നിന്നുള്ളവര്‍ 200 വര്‍ഷങ്ങള്‍ക്ക് മുകളിലായി ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്‍ഠിക്കുന്നുണ്ട്. പ്രത്യേകിച്ച് ബ്രിഗേഡ് ഓഫ് ഗൂര്‍ഖയില്‍. 

ലോകത്തില്‍ 14 കൊടുമുടികളാണ് 8000 മീറ്ററിലധികം ഉയരമുള്ളത്. ഏകദേശം എട്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് നേരത്തെ അവ കീഴടക്കിയതായി റെക്കോര്‍ഡുള്ളത്. നിര്‍മ്മലിന്‍റെ തന്നെ വെബ്സൈറ്റില്‍ പറയുന്നത്, നേരത്തെ ഈ റെക്കോര്‍ഡുള്ളത് പോളിഷ് പര്‍വ്വതാരോഹകന്‍ ജെസ്‍കി കുകുസ്‍ക ( Polish climber Jerzy Kukuczka) -യുടെ പേരിലായിരുന്നു എന്നാണ്. 1987 -ല്‍ ഏഴ് വര്‍ഷവും 11 മാസവും 14 ദിവസവുമെടുത്താണ് ഇദ്ദേഹം ഈ കൊടുമുടികള്‍ കീഴടക്കിയത്. എന്നാല്‍, ബ്രിട്ടീഷ് മൗണ്ടനീറിങ് കൗണ്‍സിലിന്‍റെ വെബ്സൈറ്റില്‍ പറയുന്നത്, സൗത്ത് കൊറിയയില്‍ നിന്നുള്ള കിം ചാങ് ഹോ എന്നയാളാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നതെന്നാണ്. ഏഴ് വര്‍ഷവും 10 മാസവും ആറ് ദിവസങ്ങളും കൊണ്ടാണ് കിം ഈ നേട്ടം സ്വന്തമാക്കിയത് എന്നും വെബ്സൈറ്റില്‍ പറയുന്നു. 

നിര്‍മ്മല്‍ പകര്‍ത്തിയ എവറസ്റ്റിലെ നീണ്ട വരിയുടെ ചിത്രം

നിര്‍മ്മല്‍ ഏപ്രിലില്‍ നേപ്പാളില്‍ നിന്നാണ് തന്‍റെ കാമ്പയിനിങ് തുടങ്ങുന്നത്. മേയ് മാസത്തില്‍ അദ്ദേഹം എവറസ്റ്റ് കൊടുമുടി കീഴടക്കി. അന്നാണ് എവറസ്റ്റ് കീഴടക്കാനുള്ള ആളുകളുടെ നീണ്ടവരിയുടെ ചിത്രം നിര്‍മ്മല്‍ പകര്‍ത്തുന്നത്. ആ ചിത്രം അന്ന് വലിയ വാര്‍ത്തയ്ക്ക് തന്നെ കാരണമാവുകയും ലോകത്തിലെല്ലായിടത്തും ശ്രദ്ധ നേടുകയും ചെയ്‍തിരുന്നു. കൊടുമുടി കയറുന്നതിനിടയില്‍ നാല് പര്‍വതാരോഹകരെ അദ്ദേഹം രക്ഷിച്ചിരുന്നു. 'ആത്മഹത്യാപരമായ ദൗത്യം' എന്നാണ് അതില്‍ മൂന്നുപേരുടെ ശ്രമത്തെ അദ്ദേഹം സ്വന്തം വാക്കില്‍ വിശേഷിപ്പിച്ചത്. ശരീരത്തിന്‍റെ ഒട്ടുമിക്ക ഭാഗത്തുനിന്നും അവര്‍ക്ക് രക്തസ്രാവമുണ്ടായിരുന്നതായും നിര്‍മ്മല്‍ പറഞ്ഞിരുന്നു. 

പക്ഷേ, നിര്‍മ്മലിന്‍റെ കൊടുമുടികയറ്റങ്ങളൊന്നും നിശ്ചിത ഇടവേളകളെടുത്തുകൊണ്ടുള്ളതൊന്നുമായിരുന്നില്ല. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ എവറസ്റ്റ്, ലോത്സേ, മകാലു എന്നീ കൊടുമുടികള്‍ കീഴടക്കിയിരുന്നതായി ബിബിസി -യോട് നിര്‍മ്മല്‍ പറഞ്ഞിരുന്നു. രണ്ട് രാത്രികളില്‍ ചെറിയ വിശ്രമമെടുത്തില്ലായിരുന്നുവെങ്കില്‍ അത് മൂന്നായേനെ എന്നും നിര്‍മ്മല്‍ പറയുന്നുണ്ട്.

സെപ്റ്റംബറിൽ, ടിബറ്റൻ സ്വയംഭരണ പ്രദേശത്തെ പർവതമായ ശിശാപാംഗ്മ കീഴടക്കാനുള്ള അനുമതി കാത്തിരിക്കുമ്പോഴാണ് അതിന് സാധിക്കുമോ എന്നൊരു വെല്ലുവിളി നേരിട്ടത്. എന്നാല്‍, ഒക്ടോബര്‍ 15 -ന് നിര്‍മ്മലിന് കൊടുമുടി കയറാനുള്ള അനുമതി ലഭിച്ചു. നേപ്പാള്‍ സര്‍ക്കാര്‍ ചൈനീസ് സര്‍ക്കാരിനോട് അപേക്ഷിച്ചതിന്‍റെ ഫലമായിട്ടായിരുന്നു ഇത്. അങ്ങനെ ലോകത്തിലെ തന്നെ ഉയരം കൂടിയ 14 മലകള്‍ ഏറ്റവും വേഗത്തില്‍ കീഴടക്കിയതിനുള്ള റെക്കോര്‍ഡും നിര്‍മ്മലിന് സ്വന്തമായി.