മോദി സർക്കാരിലെ ശ്രദ്ധേയ സാന്നിധ്യമാണ് ഇന്ന് തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന നിർമല സീതാരാമൻ എന്ന കേന്ദ്ര ധനമന്ത്രി. ഇന്ദിരാ ഗാന്ധിക്ക് ശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഏക വനിത. ഇന്ത്യയിലെ ആദ്യത്തെ ഫുൾ ടൈം ധനകാര്യമന്ത്രി. അങ്ങനെ നേട്ടങ്ങൾ ഏറെ കൊയ്‌തുകൊണ്ടാണ് അവർ മോദിയുടെ രണ്ടാം മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തത്. ഇന്ന് താൻ എത്തിനിൽക്കുന്ന സർവൈശ്വര്യങ്ങൾക്കും കാരണഭൂതരായി നിർമല കാണുന്നത് തന്റെ മാതാപിതാക്കളെയാണ്. അച്ഛനമ്മമാർ തനിക്കേകിയ സുരക്ഷിതമായ ബാല്യമാണ് തന്നെ താനാക്കിയത് എന്ന് നിർമല സീതാരാമൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു ഒരിക്കൽ. 

1959 ഓഗസ്റ്റ് 18 -ന് തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച നിർമല ചെറുപ്പത്തിൽ തന്നെ പഠിക്കാൻ മിടുക്കിയായിരുന്നു. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ സീതാരാമൻ. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു നിർമ്മലയുടെ അമ്മയും. എന്നാൽ, റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിനൊപ്പം വീട്ടമ്മയുടെ റോളിൽ ഒതുങ്ങാനായിരുന്നു അവരുടെ നിയോഗം. അച്ഛന് ഇടയ്ക്കിടെ സ്ഥലംമാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. അങ്ങനെ നാടുകൾ ഏറെ കണ്ടുകൊണ്ടാണ് നിർമല വളർന്നുവന്നത്.

ഈ സ്ഥലംമാറ്റങ്ങൾ മകളുടെ പഠനത്തെ ബാധിക്കും എന്ന് കണ്ടപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കവെ നിർമ്മലയെ അച്ഛനമ്മമാർ അവളുടെ അമ്മായിയുടെ വീട്ടിൽ നിർത്തി. ഒടുവിൽ അച്ഛൻ വിരമിക്കുന്നതിനടുപ്പിച്ചാണ് അവരുടെ കുടുംബം ട്രിച്ചിയിൽ വന്ന് താമസമാക്കുന്നത്. 

മദ്രാസിലും ട്രിച്ചിയിലും ആയി പ്രാഥമിക വിദ്യാഭ്യാസം. 1980 -ൽ ട്രിച്ചിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം. തുടർന്ന് ജെഎൻയുവിൽ നിന്ന് 1984 -ൽ എം ഫിൽ ബിരുദം. ജെഎൻയു ഇൻഡോ-യൂറോപ്യൻ ടെക്സ്റ്റിലെ ട്രേഡിൽ ഗവേഷണം നടത്താൻ വേണ്ടി സ്‌കോളർഷിപ്പ് കിട്ടിയിരുന്നു എങ്കിലും, അപ്പോഴേക്കും നിർമ്മലയുടെ വിവാഹം കഴിയുകയും ഭർത്താവ് പ്രഭാകറിന് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഉപരിപഠനത്തിനുള്ള അവസരം കിട്ടുകയും ചെയ്തപ്പോൾ, ജെഎൻയുവിലെ ഗവേഷണം ഉപേക്ഷിച്ച് അവർ ഭർത്താവിന്റെ കൂടെ പോവുകയാണ് ഉണ്ടായത്. 

2006 -ലായിരുന്നു ബിജെപിയിലേക്കുള്ള നിർമ്മലയുടെ രാഷ്ട്രീയ പ്രവേശം. 2010 ആയപ്പോഴേക്കും ബിജെപിയുടെ ഔദ്യോഗിക വക്താക്കളിൽ ഒരാളായി മാറുന്നു. 2014 നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ജൂനിയർ മിനിസ്റ്റർമാരിൽ ഒരാളായി പ്രവേശനം കിട്ടുന്നു. അതിനു പിന്നാലെ ആന്ധ്രയിൽ നിന്ന് രാജ്യസഭാ എംപി സ്ഥാനവും. 2017 -ൽ നിർമല സീതാരാമൻ മോദി മന്ത്രിസഭയിലെ പ്രതിരോധ വകുപ്പ് മന്ത്രിയായി നിയമിതയാകുന്നു. ഇന്ദിരാഗാന്ധിക്കുശേഷം ഇന്ത്യ കാണുന്ന രണ്ടാമത്തെ വനിത പ്രതിരോധ മന്ത്രിയും, ആദ്യത്തെ ഫുൾടൈം വനിതാ പ്രതിരോധമന്ത്രിയുമാകുന്നു അതോടെ നിർമല. 2019 -ൽ ധനകാര്യ, കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രിസ്ഥാനവും നിർമ്മലയെ തേടിയെത്തുന്നു. 

മോദി മന്ത്രിസഭയില്‍ തന്‍റെ രണ്ടാമത്തെ ബജറ്റും അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍ നിര്‍മ്മല സീതാരാമന്‍.