ആറ് മാസം പ്രായമുള്ളപ്പോഴാണ്, ആദ്യമായി അമ്മ അവൾക്ക് ഒരു കളിപ്പാട്ട കീബോർഡ് വാങ്ങി കൊടുക്കുന്നത്. ഒഴിവ് വേളകളിൽ അവർ ഒരുമിച്ചിരുന്ന് അത് വായിക്കുമായിരുന്നു. നിയതിക്ക് അത് ജീവനായിരുന്നു. പിന്നെ അവൾ നടക്കാൻ തുടങ്ങിയപ്പോൾ, അടുക്കളയിൽ അമ്മക്കൊപ്പം ഇരുന്ന് പാത്രങ്ങളിൽ തട്ടി ശബ്ദമുണ്ടാകാൻ തുടങ്ങി.

ഇന്നും പെൺകുട്ടികളെ ഭാരമായി കാണുന്ന ഒരു സമൂഹം രാജ്യത്തുണ്ട്. പിറന്നത് പെൺകുട്ടിയാണെന്ന് അറിയുമ്പോൾ അവളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വീട്ടുകാരുമുണ്ട് ഇവിടെ. നിയതി ചേത്രാൻഷിയുടെ ജീവിതം അതിനൊരുദാഹരണമാണ്. മകൾ ഒരു ഭാരമാണെന്ന് കണക്കാക്കി അവളുടെ അച്ഛൻ അവളെ പലതവണ കൊല്ലാൻ ശ്രമിച്ചു. എന്നാൽ ഇന്ന് അവൾ മറ്റുള്ളവർക്ക് ഒരു അഭിമാനമാണ്. വെറും പത്ത് വയസ്സുള്ള അവൾ പരിശീലനം നേടിയ ഒരു പിയാനിസ്റ്റാണ്. കൂടാതെ, പതിനാറോളം ഉപകരണങ്ങൾ നിഷ്പ്രയാസം വായിക്കാനും അവൾക്ക് സാധിക്കും. ഒരു സംഗീത സംവിധായികയാവുക എന്നതാണ് അവളുടെ ആഗ്രഹം. തന്റെ കഥ ലോജിക്കൽ ഇന്ത്യയുമായി അവൾ അടുത്തിടെ പങ്കുവച്ചു.

വീടിനടുത്തുള്ള ഒരു ആശുപത്രിയിലാണ് നിയതി ജനിച്ചത്. തനിക്ക് ജനിച്ചത് ഒരു മകളാണെന്ന് അറിഞ്ഞ അച്ഛൻ അവളെ കാണാൻ ഒരിക്കൽ പോലും ആശുപത്രിയിൽ വന്നില്ല. പിന്നീട് ആശുപത്രി വിട്ട അമ്മ നിയതിയെയും കൊണ്ട് ഭർത്താവിന്റെ അടുത്തേക്ക് പോയി. എന്നാൽ, അവിടെ എത്തിയപ്പോൾ അമ്മയെയും, മകളെയും സ്വീകരിക്കാൻ അയാൾ തയ്യാറായില്ല. പകരം വീട്ടുകാർ ശത്രുത കലർന്ന മനോഭാവത്തോടെയാണ് അവരോട് പെരുമാറിയത്.

ഒരു ദിവസം അയാൾ മകളെ മൂന്നാം നിലയിൽ നിന്ന് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു. കുഞ്ഞിനെ എടുത്ത് കൊണ്ട് പോകുന്നത് കണ്ട അമ്മ ഭർത്താവിന്റെ കാല് പിടിച്ച് അപേക്ഷിച്ചു. എന്നാൽ അയാൾ അതൊന്നും ചെവിക്കൊണ്ടില്ല. അയാൾ നിയതിയെ നിഷ്കരുണം മുകളിൽ നിന്ന് താഴെയ്ക്ക് എറിഞ്ഞു. എന്നാൽ, ഭാഗ്യത്തിന് അയൽവാസിയായ അമ്മാവൻ അവളെ രക്ഷിച്ചു. കഴുത്ത് പോലും ഉറയ്ക്കാത്ത സമയമായിരുന്നു അത്. 

കൂടാതെ, അന്നേ ദിവസം തന്നെ അവൾക്ക് പാൽ കൊടുക്കാൻ ഭാര്യയെ അയാൾ സമ്മതിച്ചില്ല. ഭാര്യയുടെ കൈയിൽ നിന്ന് മകളെ തട്ടിപ്പറിച്ച് അടുത്തുള്ള മുറിയിൽ കൊണ്ട് പോയി അയാൾ കിടത്തി. മണിക്കൂറുകളോളം കുഞ്ഞ് വിശന്ന് കരഞ്ഞു. ഇത്രയും ആയപ്പോഴേക്കും അമ്മയ്ക്ക് സഹിക്കാൻ കഴിയാതായി. അവർ കുഞ്ഞിനെയും എടുത്ത് ആ വീട്ടിൽ നിന്ന് ഇറങ്ങി. അമ്മയ്ക്ക് പിന്നീട് ഒരു വാശിയായി. ഭർത്താവിന് മുന്നിൽ തന്റെ മകളെ ഒരു കഴിവുറ്റവളാക്കുമെന്ന് അവർ തീരുമാനിച്ചു.

അവർ രണ്ടാമതൊരു വിവാഹം പോലും കഴിക്കാതെ മകൾക്കായി ജീവിച്ചു. മകളുടെ കളിക്കൂട്ടുകാരിയായും, അമ്മയായും, അച്ഛനായും ഒക്കെ അവൾ മാറി. ആറ് മാസം പ്രായമുള്ളപ്പോഴാണ്, ആദ്യമായി അമ്മ അവൾക്ക് ഒരു കളിപ്പാട്ട കീബോർഡ് വാങ്ങി കൊടുക്കുന്നത്. ഒഴിവ് വേളകളിൽ അവർ ഒരുമിച്ചിരുന്ന് അത് വായിക്കുമായിരുന്നു. നിയതിക്ക് അത് ജീവനായിരുന്നു. പിന്നെ അവൾ നടക്കാൻ തുടങ്ങിയപ്പോൾ, അടുക്കളയിൽ അമ്മക്കൊപ്പം ഇരുന്ന് പാത്രങ്ങളിൽ തട്ടി ശബ്ദമുണ്ടാകാൻ തുടങ്ങി. നിയതിയുടെ സംഗീതത്തിലുള്ള അഭിരുചി മനസിലാക്കിയ അമ്മ, അവളെ സംഗീതം പഠിക്കാൻ വിട്ടു. 

വെറും അഞ്ചാം വയസ്സിൽ ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്ന് നിയതി പിയാനോയിൽ ഗ്രേഡഡ് പരീക്ഷ പാസ്സായി. ഇപ്പോൾ, അഞ്ച് ലെവലുകൾ പൂർത്തിയാക്കിയ അവൾ ആറാം ലെവൽ പഠിക്കുകയാണ്. ഇതിനിടയിൽ 16 ഉപകരണങ്ങൾ കൂടി വായിക്കാൻ അവൾ പഠിച്ചു. സംഗീതം തന്റെ കരിയറാക്കാനും, വലുതാകുമ്പോൾ ഒരു സംഗീത സംവിധായകയാകാനുമാണ് അവൾ ആഗ്രഹിക്കുന്നത്.