‘കാർ, ഓട്ടോ, ബൈക്ക് അങ്ങനെ ഏത് വാഹനവും ഓടിക്കാൻ തനിക്ക് ഇഷ്ടമാണ്. എന്നാൽ, എന്റെ ബജറ്റ് വച്ച് എനിക്ക് ഓട്ടോ ആയിരുന്നു വാങ്ങാൻ സാധിക്കുന്നത്.’
തന്റെ പാഷൻ തന്നെ പ്രൊഫഷനാക്കി മാറ്റി വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരുവിൽ നിന്നുള്ള സഫൂറയുടെ ഈ യാത്രയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് തമന്ന തൻവീർ എന്ന യുവതിയാണ്. സഫൂറ ബെംഗളൂരുവിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. അവളുടെ ഓട്ടോയിൽ യാത്രക്കാരിയായി കയറിയതാണ് തമന്ന. അങ്ങനെയാണ് അവൾ സഫൂറയോട് സംസാരിക്കുന്നതും അവളെ കുറിച്ചുള്ള കാര്യങ്ങൾ മനസിലാക്കി അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതും.
സഫൂറയെ കാണുന്ന സമയത്ത് താൻ യാത്ര ചെയ്യാനായി ഓലയോ ഊബറോ റാപ്പിഡോയോ അങ്ങനെ എന്തെങ്കിലും ബുക്ക് ചെയ്യാനായി ശ്രമിക്കുകയായിരുന്നു എന്ന് തമന്ന പറയുന്നു. ആദ്യമായിട്ടാണ് താനൊരു ചെറുപ്പക്കാരി ഓടിക്കുന്ന ഓട്ടോയിൽ കയറുന്നത് എന്നും തമന്ന പറയുന്നുണ്ട്. തന്റെ യാത്രക്കാരിയുടെ കൗതുകത്തോടെയുള്ള ചോദ്യങ്ങൾക്ക് സഫൂറ മറുപടി നൽകുന്നത് വീഡിയോയിൽ കാണാം.
തനിക്ക് ഡ്രൈവിംഗ് വളരെ ഇഷ്ടമാണ്. എന്നാൽ, ഒരു കാർ വാങ്ങാനുള്ള പണമില്ല. അതിനാൽ ചെറിയ കാര്യങ്ങളിൽ നിന്നും തുടങ്ങാൻ അവൾ തീരുമാനിച്ചു. അങ്ങനെയാണ് ഓട്ടോ വാങ്ങുന്നത്. നഗരത്തിലൂടെ ആ ഓട്ടോയാണ് അവളിപ്പോൾ ഓടിക്കുന്നത്.
'കാർ, ഓട്ടോ, ബൈക്ക് അങ്ങനെ ഏത് വാഹനവും ഓടിക്കാൻ തനിക്ക് ഇഷ്ടമാണ്. എന്നാൽ, എന്റെ ബജറ്റ് വച്ച് എനിക്ക് ഓട്ടോ ആയിരുന്നു വാങ്ങാൻ സാധിക്കുന്നത്. ഒരു സ്വിഫ്റ്റ് കാർ വാങ്ങാനുള്ള ബജറ്റ് എന്റെ കൈവശമില്ല. അതുകൊണ്ട് ഞാൻ ആദ്യം ഓട്ടോ തന്നെയായിക്കോട്ടെ എന്ന് കരുതി. ഭാവിയിൽ എനിക്ക് കാർ വാങ്ങാൻ കഴിയുമോ ഇല്ലയോ എന്ന് നോക്കാം' എന്നാണ് അവൾ പറഞ്ഞത്.
ജോലി ചെയ്യുന്നതിൽ തനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. താൻ ഈ ജോലി ഇഷ്ടപ്പെടുന്നു എന്നും മുഴുവനായും ആസ്വദിക്കുന്നു എന്നും സഫൂറ പറഞ്ഞു. നിരവധിപ്പേരാണ് തമന്ന ഷെയർ ചെയ്തിരിക്കുന്ന വീഡിയോ കണ്ടത്. സഫൂറയുടെ എനർജിയും പൊസിറ്റീവ് മനോഭാവവും അനേകങ്ങൾ അഭിനന്ദിച്ചു.
