അറുപതുകളിൽ അമേരിക്കയോട് കട്ടയ്ക്കുകട്ട മുട്ടിനിന്ന ഒരു രാജ്യമാണ് ക്യൂബ. ഫ്ലോറിഡയിൽ നിന്ന് വെറും തൊണ്ണൂറു മൈൽ മാത്രം അകലെ, ജനാധിപത്യത്തിന് ഭീഷണിയായി അമേരിക്ക കരുതിയിരുന്ന ആ രാജ്യമങ്ങനെ ആരെയും കൂസാതെ നിലകൊണ്ടു. ക്യൂബയുടെ തെക്കൻ മുനമ്പിനോട് തൊട്ടുകൊണ്ട് അമേരിക്ക അന്ന് ഗ്വാണ്ടനാമോ ബേ എന്നപേരിൽ ഒരു സൈനികത്താവളം സ്ഥാപിച്ചു. അവിടെ അമ്പതിലധികം അമേരിക്കൻ യുദ്ധക്കപ്പലുകൾ യുദ്ധസന്നദ്ധമായി സദാ നിലയുറപ്പിച്ചു. എന്നാൽ, അമേരിക്കയുടെ നീരസം നിറഞ്ഞ നീക്കങ്ങളിൽ ഫിദൽ കാസ്‌ട്രോയെ ഏറ്റവുമധികം സങ്കടപ്പെടുത്തിയത് അതൊന്നുമല്ലായിരുന്നു. അത്, ക്യൂബയിലേക്കുള്ള പാലിന്റെ സപ്ലൈ അമേരിക്ക പൂർണ്ണമായും വിഛേദിച്ചുകളഞ്ഞതാണ്.

ഫിദൽ കാസ്ട്രോയുടെ നടുമ്പുറത്തേറ്റ ഊക്കനൊരടിയായിരുന്നു അത്. ക്യൂബൻ വനാന്തരങ്ങളിൽ വിപ്ലവജീവിതം നയിച്ചുകൊണ്ടിരുന്ന കാലത്ത്, കൊമ്രേഡിന് അതിസമ്പന്നയായ ഒരു സ്നേഹിതയുണ്ടായിരുന്നു. കോമ്രേഡ് സീലിയ സാഞ്ചേസ്. സ്നേഹിതന്റെ പിറന്നാൾ ദിവസം, സർപ്രൈസ് സമ്മാനമായി, ഒരു ദൂതൻ വഴി അതീവരഹസ്യമായി സീലിയ ഒരു ഐസ്ക്രീം കേക്ക് കൊടുത്തയച്ചു. അന്ന് സഖാവിന്റെ ചങ്കിൽ കേറിക്കൂടിയതാണ് ഐസ്ക്രീം എന്ന അന്നത്തെ ലക്ഷ്വറി വിഭവത്തോടുള്ള ഭ്രമം. വിപ്ലവം ജയിച്ച്, ക്യൂബൻ തലസ്ഥാനനഗരിയിലെ, ഹവാനാ ലിബ്രെ ഹോട്ടലിൽ വിരാജിച്ചുകൊണ്ടിരിക്കെ, അവിടത്തെ കഫെറ്റീരിയയിൽ നിന്ന് ഐസ്ക്രീം മിൽക് ഷേക്ക് ശാപ്പിടലായിരുന്നു കാസ്ട്രോയുടെ ഇഷ്ടവിനോദങ്ങളിൽ ഒന്ന്. ഞായറാഴ്ചകളിൽ ഉച്ചയൂണിനുശേഷം ഒന്നിനുപിന്നാലെ ഒന്നായി പതിനെട്ടു സ്‌കൂപ്പ് ഐസ്ക്രീം വരെ അകത്താക്കിയിരുന്ന കോമ്രേഡിനെപ്പറ്റി, 'എ പേർസണൽ പോർട്രെയ്റ്റ് ഓഫ് ഫിദൽ' എന്ന പുസ്തകത്തിൽ വിഖ്യാത നോവലിസ്റ്റ് ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് വിവരിക്കുന്നുണ്ട്.


കോമ്രേഡ് ഫിദലിന്റെ ഈ ഐസ്ക്രീമിനോടുള്ള കമ്പത്തെപ്പറ്റിയുള്ള കഥകൾ നാട്ടിലെങ്ങും പാട്ടായിരുന്നു. ഒരിക്കൽ കാസ്ട്രോയുടെ ഐസ്ക്രീം മിൽക് ഷേക്കില്‍ വിഷം കലർത്തി സിഐഎ അദ്ദേഹത്തെ കൊല്ലാൻ വരെ ശ്രമിച്ചു എന്നുപറയുമ്പോഴാണ് അത് എന്തുമാത്രം വലിയ ഒരു കമ്പമായിരുന്നു എന്നത് വ്യക്തമാവുക. ഫിദൽ കാസ്ട്രോ എന്ന ആജന്മശത്രുവിനെ വധിക്കാനുള്ള പരിശ്രമത്തിൽ അമേരിക്ക കോമ്രേഡിന്റെ ഏറ്റവും അടുത്തെത്തിയത് അത്തവണയായിരുന്നു. തീന്മേശവരെ എത്തിയ ശേഷം വിഷമുണ്ടെന്ന് തിരിച്ചറിഞ്ഞ് കാസ്‌ട്രോയ്ക്ക് വിളമ്പാതെ പോയി അന്ന് ആ ഐസ്ക്രീം.

1962 -ൽ ക്യൂബയ്ക്കുമേൽ സമ്പൂർണ്ണ ഉപരോധമേർപ്പെടുത്തിക്കളഞ്ഞു അമേരിക്ക. അന്ന് അവർ ക്യൂബയിലേക്കുള്ള സകലമാന അമേരിക്കൻ ഉത്പന്നങ്ങളുടെയും കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയ കൂട്ടത്തിൽ, പാലിനും, അനുബന്ധ ഉത്പന്നങ്ങൾക്കും കൂടി വിലക്ക് ബാധകമാക്കി. അതോടെ ക്യൂബയുടെ പാലുകുടി മുട്ടി എന്നുപറഞ്ഞാൽ മതിയല്ലോ. ക്യൂബയിലെ ചൂടുനിറഞ്ഞ കാലാവസ്ഥ പശുക്കൾക്ക് വളരാനും പാലുചുരത്താനും ഒന്നും യോജിച്ചതായിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ നിർമ്മിക്കപ്പെടാതിരുന്ന ഒരുത്പന്നം പാലായിരുന്നു. 1966 -ൽ, സ്വന്തം രാജ്യത്ത് പാൽ ഉത്പാദനം സാധ്യമല്ല എന്ന് വ്യക്തമായി അറിഞ്ഞുവെച്ചുകൊണ്ടുതന്നെ, കാസ്ട്രോ അനുയായികളോട് തന്റെ ആവശ്യമറിയിച്ചു. "എനിക്കെന്റെ പ്രിയവിഭവം നിഷേധിച്ച അമേരിക്കക്കാർ വരെ ഇവിടെ വന്ന് കഴിച്ചുപോകുന്നത്ര നല്ല ഐസ്ക്രീം കിട്ടണം ഇനി ഹവാനയിൽ. ലോകത്തിലെ ഏറ്റവും നല്ല ഐസ്ക്രീം പാർലർ തന്നെ ഇവിടെ തുടങ്ങണം. എങ്ങനെ എന്നെന്നോട് ചോദിക്കരുത്. തുടങ്ങണം, അത്രതന്നെ."

പലരാഷ്ട്രീയസംഘർഷങ്ങൾക്കും തന്റെ തോളോടുതോൾ ചേർന്നുപോരാടിയിട്ടുള്ള കോമ്രേഡ് സീലിയ സാഞ്ചസിനെത്തന്നെയാണ് കാസ്ട്രോ ഈ ദുഷ്കരദൗത്യവും ഏൽപ്പിച്ചത്. ക്യൂബയിലെ  അതിപ്രശസ്തനും, സമ്പന്നനുമായ ഒരു ഡോക്ടറുടെ മകളായിരുന്ന സീലിയയാണ് കാസ്‌ട്രോയ്ക്കും, ചെഗുവേരക്കും, മറ്റു ഗറില്ലാ സഖാക്കൾക്കും വേണ്ടതെല്ലാം കാട്ടിനുള്ളിലേക്ക് എത്തിച്ചു കൊടുത്തിരുന്നതും, ഒടുവിൽ വിപ്ലവത്തിന്റെ കൊടിയേറ്റത്തിന് തൊട്ടുമുമ്പ് കാടുകേറി സായുധവിപ്ലവം വരെ നയിച്ചതുമെല്ലാം. ആഭ്യന്തരകലാപങ്ങളൊക്കെ തീർന്ന്, വിജയശ്രീലാളിതനായി കാസ്ട്രോ ഭരണത്തിലേറിയപ്പോൾ കാസ്ട്രോയുടെ വലംകയ്യായി തുടർന്നു  കൊമ്രേഡ്‌ സാഞ്ചസ്.
 കാസ്‌ട്രോയ്ക്കുവേണ്ടി രാഷ്ട്രീയത്തിലെ പല കരുനീക്കങ്ങളും പൂർത്തിയാക്കിയ അതേ അവധാനതയോടെ കാസ്‌ട്രോയ്ക്ക് വേണ്ടി ഐസ്ക്രീം പാർലർ തുടങ്ങാനുള്ള ദൗത്യവും സാഞ്ചസ് ഏറ്റെടുത്തു. ശീതസമരകാലത്ത് കൊമ്രേഡിന്‍റെ പ്രിയ സിഗാറിന് ക്ഷാമം നേരിട്ടപ്പോൾ അത് നിഷ്പ്രയാസം പരിഹരിച്ചുകൊടുത്തത് സാഞ്ചസ് ആയിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദഗ്ധരെയെത്തിച്ച് ഒരു സിഗാർ ഫാക്ടറി തന്നെ തുറന്ന്, കൊമ്രേഡിന്‍റെ പുകവലി മുടങ്ങാതെ കാത്തു അവർ. ആ സാഞ്ചസിനെ സംബന്ധിച്ചിടത്തോളം ഇതും ദുഷ്കരമെങ്കിലും, അസാധ്യമൊന്നും ആയിരുന്നില്ല. 

ആറുമാസത്തിനുള്ളിൽ തന്നെ ഐസ്ക്രീം പാർലർ തുറക്കണം എന്ന് സാഞ്ചസും കാസ്ട്രോയും മനസ്സിൽ ഉറപ്പിച്ചിരുന്നു. "ആയിരം പേർക്ക് നിത്യം  വിളമ്പാൻ വേണ്ടത്ര ഐസ്ക്രീം നിർമിക്കാൻ പോന്ന ഒരു ഫാക്ടറി, വേണ്ടിവന്നാൽ ആയിരം പേർക്കും ഒന്നിച്ചുതന്നെ അത് വിളമ്പാൻ വേണ്ടത്ര സൗകര്യങ്ങളുള്ള ഒരു പാർലർ - ഇതുരണ്ടും ഡിസൈൻ ചെയ്യണം." വിഖ്യാതനായ ആർക്കിടെക്റ്റ്, മാരിയോ ഗിറോനയോട് കാസ്ട്രോ പറഞ്ഞ റിക്വയർമെൻറ് ഇതായിരുന്നു. " ആയിരം പേർക്ക് ഒന്നിച്ചോ. ഒന്നിച്ചോ?" മാരിയോയുടെ കണ്ണുതള്ളിപ്പോയി. "അതേ..." കോമ്രേഡ് ഫിദൽ ഒന്നുകൂടി വ്യക്തമാക്കി.

കോപ്പെലിയ, ഒരു ടോപ്പ് വ്യൂ 

സാഞ്ചസിന്റെ പ്രിയ ബാലെയുടെ പേരാണ് പാർലറിനും ഇട്ടത്. 'കോപ്പെലിയ'. അവിടത്തെ ഐസ്ക്രീം വിളമ്പാൻ നിർത്തിയതും ബലേറിന നർത്തകിമാരെപ്പോലുള്ള കൊലുന്നനെയുള്ള സുന്ദരിമാരെത്തന്നെ. എന്തിന്, ആ പാർലറിന്റെ ലോഗോ പോലും ഒരു ബാലെ പോസിൽ പിണച്ചുവെച്ചിരിക്കുന്ന രണ്ടു കാലുകളാണ്. സാഞ്ചസ് ഗിറോനയെ കണ്ടുമുട്ടിയ കാലത്ത്, ക്യൂബയിൽ ചിലയിടങ്ങളിൽ പശുക്കൾ അവശേഷിച്ചിട്ടുണ്ടായിരുന്നു. പൂർണ്ണമായും പാൽരഹിതം എന്നൊന്നും വിളിച്ചുകൂടായിരുന്നു അന്ന് ക്യൂബയെ. അടുത്ത നാലുവർഷങ്ങളിൽ കോമ്രേഡ് കാസ്ട്രോയുടെ ശ്രദ്ധമുഴുവൻ രാഷ്ട്രവികസനത്തിലുപരി, ക്യൂബയിലെ ഡയറിഫാമുകൾ കെട്ടിപ്പടുക്കുന്നതിൽ ആയിരുന്നു. തന്റെ സ്വപ്നസ്ഥാപനമായ കോപ്പെലിയയ്ക്കും, ക്യൂബയിലെ പൊതുജനങ്ങൾക്കും വേണ്ടത്ര പാൽ ലഭ്യമാക്കുക എന്നതിലായിരുന്നു.

'സെബു' എന്നുപേരായ ഒരു തദ്ദേശീയ ഇനം പശുവർഗ്ഗമുണ്ടായിരുന്നു ക്യൂബയിൽ. എന്നാൽ, വളരെ കുറഞ്ഞ കറവമാത്രമേ സെബുവിന് ഉണ്ടായിരുന്നുള്ളൂ. വിദേശത്തുനിന്ന് നിരവധി ഹോൾസ്റ്റെയ്ൻ പശുക്കളെ കാസ്ട്രോ ഇറക്കുമതി ചെയ്തു. എയർകണ്ടീഷൻഡ് തൊഴുത്തുകളിൽ ഫൈവ്സ്റ്റാർ കാലിത്തീറ്റ തിന്നുവളർന്നിട്ടും, ഒന്നിന് പിറകെ ഒന്നായി കൊമ്രേഡിന്‍റെ പശുക്കളെല്ലാം തന്നെ ചത്തൊടുങ്ങി. കാനഡയിൽ നിന്ന് കൊണ്ടുവന്നിറക്കിയ വിദേശിപ്പശുക്കളിൽ മൂന്നിലൊന്നും ആദ്യ ആഴ്ചകളിൽ തന്നെ ചത്തു. അതോടെ കാസ്ട്രോ ഒരു കാര്യം അനൗൺസ് ചെയ്തു, "ഒരു തദ്ദേശീയ ഹോൾസ്റ്റെയ്ൻ പശുവിനെ നമ്മൾ വാർത്തെടുക്കേണ്ടിയിരിക്കുന്നു."

ക്യൂബക്ക് സ്വന്തമായി ഒരു ക്ഷീരോത്പാദന ഇൻഡസ്ട്രി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കാസ്ട്രോ കിട്ടിയ അവസരങ്ങളിലെല്ലാം ഉപന്യസിച്ചുകൊണ്ടിരുന്നു. "മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതിന്റെ സങ്കടം നമ്മൾ അറിഞ്ഞതല്ലേ..." എന്ന് അദ്ദേഹം കൂടെയുള്ളവരെ ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്തുകൊണ്ടിരുന്നു. പാൽ എന്ന അവശ്യവസ്തു, നിഷേധിക്കുന്നത് എത്ര വലിയ ആയുധമായാണ് അമേരിക്ക എടുത്തുപയോഗിക്കുന്നത് എന്ന് ഫിദൽ  തിരിച്ചറിഞ്ഞു. സോഷ്യലിസമാണ് കാപ്പിറ്റലിസത്തിനേക്കാൾ ശക്തം എന്ന് അമേരിക്കയെ പഠിപ്പിക്കുക എന്നൊരുദ്ദേശ്യവും കാസ്ട്രോയുടെ ഈ പശു-പാൽ-ഐസ്ക്രീം ഭ്രാന്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നു. മറ്റൊരു പ്രസംഗത്തിൽ കാസ്ട്രോ പറഞ്ഞു, "കാപ്പിറ്റലിസം ആദ്യമൊക്കെ നല്ല ഉത്പന്നങ്ങളുണ്ടാക്കി എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും, പിന്നീട് അത് സോഷ്യലിസത്തിന്റെ ഉത്പന്നങ്ങളെക്കാൾ താഴെ നിൽക്കുന്നതാണെന്ന് തെളിഞ്ഞു, നമ്മുടെ 'കൊപ്പേലിയ തന്നെ ഉദാഹരണം.."

 

 

അറുപതുകളിൽ അമേരിക്ക തങ്ങളുടെ ബഹിരാകാശ സഞ്ചാരികളുടെ പേരിൽ ലോകത്തിനുമുന്നിൽ മേനി നടിച്ചപ്പോൾ, ക്യൂബക്ക് എടുത്തുകാണിക്കാനുണ്ടായിരുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, കോപ്പെലിയ എന്ന വിശ്വോത്തര ഐസ്ക്രീം പാർലർ, രണ്ട്, യൂബ്രെ ബ്ലാങ്ക എന്ന തദ്ദേശീയ-ഹോൾസ്റ്റെയ്ൻ സങ്കരയിനം പശുക്കൾ. വിദേശത്തുനിന്ന് വന്നിറങ്ങിയ പത്രപ്രവർത്തകർക്കുമുന്നിൽ കാസ്ട്രോ യൂബ്രെ ബ്ലാങ്കയുടെ മേന്മകൾ വർണ്ണിച്ചു. എയർകണ്ടീഷൻഡ് തൊഴുത്തുകളിൽ, വെറ്ററിനറി വിദഗ്ധരുടെ നിരന്തര മേൽനോട്ടത്തിന് കീഴിൽ വളർന്നുവന്ന ആ പശുക്കൾ, സാധാരണ ഹോൾസ്റ്റെയ്ൻ പശുക്കളുടെ നാലിരട്ടി പാൽ ചുരത്തുമായിരുന്നു. അമേരിക്കൻ സങ്കരയിനമായിരുന്ന അർലീന്റെ റെക്കോർഡും യൂബ്രെ ബ്ലാങ്ക തകർത്തു. അക്കാലത്ത് അമേരിക്ക ബഹിരാകാശഗവേഷണത്തിൽ പ്രകടിപ്പിച്ച താത്പര്യം ക്യൂബ കാണിച്ചത് ഡയറി രംഗത്തായിരുന്നു.

കൊപ്പേലിയ എന്ന സാഞ്ചസിന്റെ സ്വപ്നപദ്ധതി കാലത്തെ അതിജീവിച്ചു. സീലിയ സാഞ്ചസും ഫിദൽ കാസ്ട്രോയും ഒരുമിച്ചുകണ്ട സ്വപ്നങ്ങളിൽ ഏറ്റവും വിജയം കണ്ടത് കോപ്പെലിയ ആയിരുന്നു. ഡോം ആകൃതിയിൽ പണിതീർത്ത രണ്ടു നിലകളുള്ള കോപ്പെലിയ എന്ന ആ ഐസ്ക്രീം പാലസ്, ഒരേസമയം ആയിരം പേർക്ക് ഐസ്ക്രീം വിളമ്പി.

ഒരു പള്ളിമേടയോളം തലയെടുപ്പിൽ, കോപ്പെലിയ തുറന്നതിനു ശേഷം കാസ്ട്രോ ഒരു വിദേശ ജേർണലിസ്റ്റിനോട് ഇങ്ങനെ പറഞ്ഞു, "വിപ്ലവത്തിന് മുമ്പ് ക്യൂബക്കാർക്ക് ഹൊവാർഡ് ജോൺസന്റെ ഐസ്ക്രീമിനോടായിരുന്നു ഭ്രമം. ഞങ്ങൾക്ക് എന്തും അമേരിക്കക്കാരെക്കാൾ നന്നായി ചെയ്തു കാണിക്കാനാകും എന്നതിന്റെ ഉത്തമോദാഹരണമാണ് കോപ്പെലിയ." അദ്ദേഹം പറഞ്ഞത് വാസ്തവമായിരുന്നു. ഹൊവാർഡ് ജോൺസൻ ഐസ്ക്രീമിന്റെ രുചി ഇഷ്ടപ്പെട്ടിരുന്ന അമേരിക്കൻ സന്ദർശകർ പോലും കോപ്പെലിയയിൽ വിളമ്പുന്നത് ലോകത്തിലെ ഏറ്റവും സ്വാദിഷ്ടമായ ഐസ്‌ക്രീമാണ് എന്നത് തലകുലുക്കി സമ്മതിച്ചുപോയി. കോപ്പെലിയയുടെ ഡസൻ കണക്കിന് ഫ്ലേവറിലുള്ള ഐസ്ക്രീമുകൾ, ഡ്രൈ ഐസ് പാക്കിങ്ങിന്റെ അകമ്പടിയോടെ നിരവധി വിദേശ ഫുഡ് ഫെസ്റ്റിവലുകളിലും മറ്റും സാന്നിധ്യമറിയിച്ചു. വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് കോമ്രേഡ് ഹോചിമിനുവരെ കാസ്ട്രോ തന്റെ അഭിമാന ഉത്പന്നം വിമാനമാർഗം കൊടുത്തയച്ചു.അങ്ങനെ, വെറുമൊരു ഐസ്ക്രീമിന്റെ പുറത്ത് കോമ്രേഡ് ഫിദൽ കാസ്ട്രോ അമേരിക്കയെന്ന മുതലാളിത്ത ശക്തിയോട് കാണിച്ച വാശി, സോഷ്യലിസ്റ്റ് ക്യൂബയെ ക്ഷീരോത്പാദന രംഗത്ത് സ്വയംപര്യാപ്തിയിലേക്ക് നയിച്ചു. ഇന്നും കോപ്പെലിയ അതിന്റെ പ്രതാപം നിലനിർത്തുന്നുണ്ട്. അവിടെ ഇന്നും പുറത്തേക്ക് പാമ്പുപോലെ നീണ്ടുപോകുന്ന ഉപഭോക്താക്കളുടെ വരികളുണ്ട്. ഹവാനയിൽ ജനങ്ങളുടെ പ്രിയ വാരാന്ത്യസങ്കേതങ്ങളിൽ ഒന്നായി ഇന്നും കോപ്പെലിയ തുടരുന്നു.