ഒരു വിഭാഗം ആളുകൾ പറഞ്ഞത് എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ തെരഞ്ഞെടുപ്പാണ്. അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട് എന്നാണ്.
ലുങ്കി, നൈറ്റി എന്നിവയൊക്കെ നമ്മുടെ നാട്ടിൽ ഇന്ന് സാധാരണമായ വേഷമായിക്കഴിഞ്ഞു. വീട്ടിൽ ധരിക്കാൻ പറ്റുന്ന ഏറ്റവും സൗകര്യപ്രദമായ വേഷങ്ങളാണ് ഇവ. അതിനാൽ തന്നെ ഇന്ന് ഭൂരിഭാഗം പേരും വീട്ടിൽ എത്തിക്കഴിഞ്ഞാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കാറുമുണ്ട്. എന്നാൽ, ഇവയെല്ലാം ഹോം വെയറുകളായിട്ടാണ് പലരും കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ചില വലിയ വലിയ ഹോട്ടലുകളടക്കം പലയിടങ്ങളിലും ഇത്തരം വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുന്നത് വിലക്കാറുണ്ട്. എന്നാൽ, നാം താമസിക്കുന്ന അപാർട്മെന്റുകൾ തന്നെ അത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കിയാൽ എന്ത് ചെയ്യും?
ഗ്രേറ്റർ നോയ്‍ഡയിലാണ് ഒരു അപാർട്മെന്റിലെ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ലുങ്കിയും നൈറ്റിയും ധരിച്ച് പുറത്തിറങ്ങുന്നത് വിലക്കിയിരിക്കുന്നത്. ലുങ്കിയോ നൈറ്റിയോ ധരിച്ച് കൊണ്ട് പുറത്ത് ചുറ്റിക്കറങ്ങരുത് എന്നാണ് റെസിഡന്റ്സ് അസോസിയേഷൻ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശം. സൊസൈറ്റിക്കകത്തായിരിക്കുമ്പോൾ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം. നിങ്ങളുടെ കുട്ടികൾ നിങ്ങളെ കണ്ടാണ് പഠിക്കുന്നത്. അതുകൊണ്ട് തന്നെ പുറത്തിറങ്ങി സൊസൈറ്റിക്കകത്ത് ചുറ്റിക്കറങ്ങുമ്പോൾ ലുങ്കിയും നൈറ്റിയും ധരിക്കരുത്. അവ വീടിന് അകത്ത് ധരിക്കുന്ന വസ്ത്രങ്ങളാണ് എന്നാണ് ഹിംസാഗർ സൊസൈറ്റി, റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
ഈ ആഴ്ച ആദ്യം സർക്കുലർ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങിയതോടെ വലിയ തരത്തിലുള്ള ചർച്ചയാണ് ഈ ഡ്രസ്കോഡിനെ ചൊല്ലി ഉണ്ടായിരിക്കുന്നത്. ഒരു വിഭാഗം ആളുകൾ പറഞ്ഞത് എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ തെരഞ്ഞെടുപ്പാണ്. അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട് എന്നാണ്. എന്നാൽ, അതേ സമയം മറ്റൊരു വിഭാഗം പറഞ്ഞത് കോമണായിട്ടുള്ള പാർക്ക് പോലെയുള്ള സ്ഥലം ഉപയോഗിക്കുമ്പോൾ ഇത്തരം വസ്ത്രങ്ങൾ ധരിക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ്.
