ഈ വിവരം തന്റെ മകൾ വില്ല അറിഞ്ഞാൽ അവൾ വിഷമിക്കും എന്ന് ലെക്സിന് മനസിലായി. അതിനാൽ തന്നെ അവളിൽ നിന്നും അമ്മ ഇത് മറച്ചുവെച്ചു. ശേഷം കാര്യങ്ങളെല്ലാം പറഞ്ഞ് ലോക്കൽ ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റിട്ടു.
മക്കളുടെ പിറന്നാൾ ആഘോഷങ്ങൾക്ക് അവരുടെ കൂട്ടുകാരെല്ലാവരും ഉണ്ടാകണം എന്നും അത് കളറാകണം എന്നും ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിഭാഗം മാതാപിതാക്കളും. എന്നാൽ, മകളുടെ പിറന്നാളിന് ക്ഷണിച്ച് ആ കൂട്ടുകാരൊന്നും വരാതിരുന്നാൽ എന്താവും അവസ്ഥ? അങ്ങനെ ഒരവസ്ഥയിലൂടെ ഒരു അമ്മയും മകളും കടന്നുപോയി. ഒടുവിൽ, മറ്റ് ചില ആളുകളാണ് അമ്മയേയും മകളേയും ആ അവസ്ഥയിൽ നിന്നും രക്ഷ നേടാൻ സഹായിച്ചത്. പക്ഷേ, അതോടെ പിറന്നാൾ ആഘോഷം പ്രതീക്ഷിച്ചതിലും കളറായി.
ലെക്‌സ് ഫിറ്റ്‌സ്‌ജെറാൾഡ് എന്ന സ്ത്രീയാണ് മകളുടെ എല്ലാ സുഹൃത്തുക്കളെയും ടെക്‌സാസിലെ കെല്ലറിലെ ഒരു ബർഗർ റെസ്റ്റോറന്റിലേക്ക് അവളുടെ അഞ്ചാം ജന്മദിനം ആഘോഷിക്കാൻ ക്ഷണിച്ചത്. ഓരോ അതിഥിക്കുമുള്ള കുഞ്ഞുകുഞ്ഞ് സമ്മാനങ്ങളും ഭക്ഷണം വരും വരെ ബോറടിക്കാതിരിക്കാനുള്ള കളറിംഗ് ബുക്കുകളും എല്ലാം ടേബിളിൽ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. എന്നാൽ, ആഘോഷങ്ങൾക്കുള്ള സമയം കടന്നു പോയിട്ടും ആരും അവിടെ എത്തിച്ചേർന്നില്ല.
എന്നാൽ, ഈ വിവരം തന്റെ മകൾ വില്ല അറിഞ്ഞാൽ അവൾ വിഷമിക്കും എന്ന് ലെക്സിന് മനസിലായി. അതിനാൽ തന്നെ അവളിൽ നിന്നും അമ്മ ഇത് മറച്ചുവെച്ചു. ശേഷം കാര്യങ്ങളെല്ലാം പറഞ്ഞ് ലോക്കൽ ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റിട്ടു. അധികം താമസിച്ചില്ല, പോസ്റ്റ് കണ്ട് നിരവധിപ്പേർ വില്ലയ്‍ക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ എത്തിച്ചേർന്നു. വളരെ പെട്ടെന്ന് തന്നെ ബുക്ക് ചെയ്ത ഹാൾ നിറയെ ആളുകളായി. കുട്ടികൾക്കും അമ്മമാർക്കും ഒപ്പം വില്ല നിറഞ്ഞ ഹാളിൽ തന്റെ പിറന്നാൾ ആഘോഷിച്ചു.
പിന്നീട്, ലെക്സ് തന്റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിന് എത്തിച്ചേർന്ന ഓരോരുത്തർക്കും നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റിട്ടു. ഒരു അമ്മയെന്ന നിലയിൽ ഞാനൊരു പരാജയമാണല്ലോ എന്ന് ചിന്തിച്ച നേരത്താണ് നിങ്ങളോരോരുത്തരായി വന്ന് ആ ചിന്ത മാറ്റിയെടുത്തത് എന്നും ലെക്സ് പറഞ്ഞു.
