നോർ‌വെയിലെ നൊബേൽ കമ്മിറ്റിയാണ് സമാധാനത്തിലുള്ള പുരസ്കാരം തീരുമാനിക്കുന്നത്. നോർവീജിയൻ പാർലമെന്റാണ് ഈ അഞ്ചം​ഗ കമ്മിറ്റിയെ നിയമിക്കുന്നത്. എന്നാൽ, പാർലമെന്റിന് ഈ കമ്മിറ്റിക്ക് മേൽ യാതൊരു സ്വാധീനവും ഇല്ല.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ട്രംപിന്റെ നോബേൽ സ്വപ്നം. 2018 മുതൽ പല അവസരങ്ങളിൽ ട്രംപ് താനാണ് ലോക സമാധാനക്കാരൻ എന്ന പ്രതീതി പ്രചരിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത് തന്റെ ഇടപെടലിലൂടെയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇത് ഇന്ത്യ തള്ളിപ്പറഞ്ഞു. കൂടാതെ, ഇസ്രയേൽ-ഇറാൻ സംഘർഷം, അർമേനിയ-അസർബൈജാൻ പ്രതിസന്ധി, കോം​ഗോ- റുവാണ്ട സംഘർഷം, കൊസോവ-സെർബിയ പ്രശ്നങ്ങൾ, കംബോഡിയ തായ്ലന്റ് കോൺഫ്ലിക്ട് തുടങ്ങിയ രാജ്യാന്തര പ്രശ്നങ്ങൾ പരിഹരിച്ചതിനും ട്രംപ് അവകാശ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ എപ്പിസോഡാണ് ഇസ്രയേൽ - ഹമാസ് യുദ്ധം. നോബേലിനായി പാകിസ്ഥാൻ, ഇസ്രയേൽ, കാനഡ തുടങ്ങിയ രാജ്യങ്ങളെക്കൊണ്ട് ശുപാർശ ചെയ്യിക്കുന്നത് വരെയെത്തി കാര്യങ്ങൾ. എന്താണ് ട്രംപിന്റെ നോബേൽ താൽപര്യത്തിന് പിന്നിലെന്ന് നോക്കാം.

2009 -ൽ ബറാക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നോബേൽ ലഭിച്ചതിന് പിന്നാലെയാണ് ട്രംപ് നോബേൽ സ്വപ്നം കാണാൻ തുടങ്ങിയതെന്നാണ് പ്രചരിക്കുന്ന വിവരം. ഒന്നും ചെയ്യാതെയാണ് ഒബാമയ്ക്ക് നോബേൽ നൽകിയതെന്ന പരാമർശവും നടത്തി കഴിഞ്ഞ ദിവസം ട്രംപ്. അതിലും അവസാനിപ്പിക്കാതെ, ഒബാമ ഒരു മോശം പ്രസിഡന്റായിരുന്നെന്നും അമേരിക്കയെ നശിപ്പിക്കുകയാണ് ഒബാമ ചെയ്തെന്നും പറഞ്ഞുവെച്ചു ഈ സമാധാന ദാഹി.

ജനുവരിയിൽ വീണ്ടും അധികാരത്തിൽ എത്തിയതിന് ശേഷമാണ് ട്രംപ് സമാധാന നോബേലിനുള്ള ശ്രമങ്ങൾ ശക്തമാക്കിയത്. താൻ ഇടപെട്ട് നിരവധി യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. ഈ വർഷത്തെ സമാധാന പുരസ്കാരം നേടാൻ താൻ അർഹനാണെന്ന് അദ്ദേഹം ആവർത്തിച്ച് പറയുകയും ചെയ്തു.

ട്രംപ് സമാധാന നോബേലിന് തികച്ചും അർഹനാണെന്ന പരാമർശവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രം​ഗത്തെത്തിയിട്ടുണ്ട്. കെയ്റോയിൽ നടന്ന ഇസ്രയേൽ‌-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് പിന്നാലെയായിരുന്നു ഇത്.

നോർ‌വെയിലെ നൊബേൽ കമ്മിറ്റിയാണ് സമാധാനത്തിലുള്ള പുരസ്കാരം തീരുമാനിക്കുന്നത്. നോർവീജിയൻ പാർലമെന്റാണ് ഈ അഞ്ചം​ഗ കമ്മിറ്റിയെ നിയമിക്കുന്നത്. എന്നാൽ, പാർലമെന്റിന് ഈ കമ്മിറ്റിക്ക് മേൽ യാതൊരു സ്വാധീനവും ഇല്ല. ഈ വർഷത്തെ നോബേൽ പീസ് പ്രൈസിനുള്ള നോമിനേഷനുകൾ ജനുവരി 31 -ന് അവസാനിച്ചിരുന്നു. ട്രംപ് രണ്ടാമത് അധികാരമുറപ്പിച്ച് വൈറ്റ്ഹൗസിൽ എത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു ഇത്. ഇതാണ് ട്രംപിന് നോബേൽ തഴയപ്പെടാനുള്ള ഒരു കാരണം. സമാധാനവും അന്താരാഷ്ട്ര സൗഹാർദവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ആണ് നോബേൽ സമിതി മുൻ​ഗണ നൽകാറുള്ളത്.

ആ​ഗോള തലത്തിൽ യുദ്ധങ്ങൾ അവസാനിപ്പിക്കും എന്ന പ്രഖ്യാപനത്തോടെയാണ് ട്രംപ് രണ്ടാമത് അധികാരത്തിലെത്തിയത്. റഷ്യ-യുക്രൈൻ സംഘർഷം, ഇസ്രയേൽ-ഹമാസ് യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ അപ്ഡേഷനുകളുണ്ട് എന്നത് ഒഴിച്ചുനിർത്തിയാൽ ഇവ രണ്ടും ഈ ദിവസം വരെ പൂർണമായി അവസാനിച്ചിട്ടില്ല. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ട്രംപിന്റെ നീക്കങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഇസ്രയേൽ-ഹമാസ് യുദ്ധത്തിലെ ഇടപെടലിലാണ് ട്രംപ് നിലവിൽ പ്രതീക്ഷ വെക്കുന്നത്. നോബേൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ആദ്യഘട്ട സമാധാന പദ്ധതിയിൽ ഇരുപക്ഷവും ഒപ്പുവെച്ചതായി അവകാശപ്പെട്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്. സമാധാനം സൃഷ്ടിക്കുന്നവർ അനു​ഗ്രഹീതർ എന്ന കമന്റോടെയായിരുന്നു ട്രംപിന്റെ പോസ്റ്റ്.

അന്താരാഷ്ട്ര ഏജൻസികളെ മാനിക്കാതിരിക്കൽ, ‌ഡെൻമാർക്കിൽനിന്ന് ​ഗ്രീൻലാന്റിനെ ഏറ്റെടുക്കാനുള്ള ശ്രമം, അമേരിക്കയിലെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനം തുടങ്ങിയവ ട്രംപിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇസ്രയേലുമായി ചേർന്ന് ഇറാനിൽ ബോംബാക്രമണം നടത്തിയതും സൊമാലിയ ആക്രമിക്കാൻ ഉത്തരവിട്ടതും ഹൂതികൾക്ക് നേരെ നടത്തിയ ആക്രമണങ്ങളും ട്രംപിനെ തിരിഞ്ഞുകൊത്തിയേക്കും.

ഈ വർഷം നോബേൽ ലഭിച്ചില്ലെങ്കിൽ 2026 -ലും അദ്ദേഹത്തെ നോമിനേറ്റ് ചെയ്യാനാവും. സമാധാന പുരസ്കാരത്തിന് വേണ്ടിയുള്ള ട്രംപിന്റെ യുദ്ധം ഇനി കമ്പനി കാണാനിരിക്കുന്നതേയുള്ളു. സമാധാന പുരസ്കാരം ട്രംപിന് ലഭിച്ചില്ലെങ്കിൽ തീരുവ അടക്കമുള്ള പ്രതികാര നടപടികൾ നോർവെക്കെതിരെ സ്വീകരിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെ കൗതുകത്തോടെയാണ് നോബേൽ പുരസ്കാര പ്രഖ്യാപനത്തിലേക്ക് ലോകം ഉറ്റുനോക്കുന്നത്.