Asianet News MalayalamAsianet News Malayalam

കടം കൊണ്ട് പൊറുതിമുട്ടിയപ്പോൾ വീടുവിട്ടിറങ്ങി, കൂടാരവുമായി നാടുചുറ്റുന്നു, ഈ ജീവിതം അടിപൊളിയെന്ന് 55-കാരി

ഇപ്പോൾ അവർ ഓരോ ആറുമാസത്തിലും സ്ഥലം മാറുന്നു. വെയിലുള്ള ദിക്കുകൾ നോക്കി അവിടെ കൂടാരം ഉറപ്പിക്കുന്നു. കൂടാരത്തിൽ, ഒരു സ്റ്റൗ, കിടക്കയായി മാറ്റാവുന്ന ഒരു സോഫ, അതുപോലെ വർണ്ണാഭമായ വെൽവെറ്റ് കർട്ടനുകൾ, കുറെ പുസ്തകങ്ങൾ എല്ലാം അവർ സജ്ജീകരിച്ചിരിക്കുന്നു.

nomad life in a homemade yurt
Author
Wales, First Published Jun 27, 2022, 12:34 PM IST

കടം കൊണ്ട് പൊറുതിമുട്ടിയാണ് വെയിൽസിൽ നിന്നുള്ള ഒരു സ്ത്രീ വീടുവിട്ട് ഒരു കൂടാരത്തിലേയ്ക്ക് താമസം മാറിയത്. ആധുനികസൗകര്യങ്ങളോ, സാങ്കേതികവിദ്യകളോ ഒന്നും അവർക്ക് വേണ്ടേ വേണ്ട. എന്നിട്ടും താൻ എന്നത്തേക്കാളും സന്തോഷവതിയാണ് ഇപ്പോഴെന്ന് അവർ അവകാശപ്പെടുന്നു. ഇനി വീണ്ടും പഴയ ജീവിതത്തിലേയ്ക്ക് മടങ്ങാൻ തനിക്കൊട്ടും ആഗ്രഹമില്ലെന്നും അവർ പറയുന്നു. മൂന്ന് മക്കളുടെ അമ്മയാണ് 55 -കാരിയായ ബ്രയർ മില്ലർ. 2015 -ലാണ് അവർ കടം കയറി ആകെ നശിച്ചത്. അന്ന് 400 പൗണ്ട് മാസം വാടക കൊടുത്താണ് അവർ താമസിച്ചിരുന്നത്.

എന്നാൽ അരി വാങ്ങാൻ പോലും പണമില്ലാതായപ്പോൾ അവർക്ക് തന്റെ രണ്ട് കിടപ്പുമുറികളുള്ള വാടകവീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. ഇപ്പോൾ അവൾ ഒരു നാടോടിയായി വെൽഷ് ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിക്കുന്നു. കുതിരയെ നോക്കിയും, തോട്ടത്തിലെ പണികൾ ചെയ്തുമൊക്കെയാണ് അവർ ഇന്ന് ജീവിക്കുന്നത്. പോകുന്നിടത്തെല്ലാം അവർ തന്റെ കൂടാരവും കൊണ്ടുപോകും. എന്നാൽ, ഈ കൂടാരത്തിൽ താമസിക്കുമ്പോൾ വെള്ളത്തിനും, മറ്റാവശ്യങ്ങൾക്കും എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്നുണ്ടോ? കുടിക്കാൻ മഴവെള്ളം ശേഖരിക്കും. തണുപ്പത്ത് തീ കായാൻ വിറക് കത്തിക്കും. വെളിക്കിരിക്കാൻ ഒരു കമ്പോസ്റ്റ് ടോയ്‌ലറ്റും അവർ നിർമ്മിച്ചിട്ടുണ്ട്. 

അവരുടെ ആണ്മക്കൾക്ക്  35 -ഉം 28 -ഉം ആണ് പ്രായം. പെൺകുട്ടിയ്ക്ക് വയസ്സ് 30. അവർ എല്ലാവരും അടുത്ത് തന്നെയാണ് താമസം. അവർ പതിവായി അമ്മയെ സന്ദർശിക്കാറുണ്ട്‌.  കഴിയുന്നിടത്തോളം കാലം ഇതുപോലെ ജീവിക്കണമെന്ന് ബ്രയർ പറയുന്നു. മതിൽ കെട്ടിനുള്ളിൽ ജീവിക്കേണ്ടിവരുന്നത് ചിന്തിക്കാൻ കൂടി സാധിക്കില്ലെന്ന് അവർ പറയുന്നു.  

സാമ്പത്തികഞെരുക്കം അനുഭവപ്പെട്ട ആ സമയത്ത് തന്നെയായിരുന്നു അവർക്ക് തന്റെ ജോലി നഷ്ടമായതും. അങ്ങനെയാണ് ആദ്യമായി അവർക്ക് തന്റെ വീട് വീട്ടിറങ്ങേണ്ടി വന്നത്. ഒരു സുഹൃത്തിന്റെ പൂന്തോട്ടത്തിലാണ് അവർ കൂടാരം കെട്ടി ആദ്യമായി താമസിച്ചത്. പക്ഷേ ഒരാഴ്ചക്കുള്ളിൽ അത് നിലം പൊത്തി. എന്നാൽ പതുക്കെ പതുക്കെ അവൾ എങ്ങനെയാണ് ഉറപ്പുള്ള ഒരു കൂടാരം പണിയേണ്ടത് എന്ന് സ്വയം പഠിച്ചെടുത്തു. ഇന്നും താൻ പഠിക്കുകയാണ് എന്നവർ പറയുന്നു. എന്നാൽ, ഈ വ്യത്യസ്തമായ ജീവിതം അവർക്കൊരു പുത്തരിയല്ല. വെറും പത്തൊമ്പതാമത്തെ വയസ്സിൽ തന്റെ മക്കളോടൊപ്പം തനിച്ച് ജീവിക്കാൻ തുടങ്ങിയതാണ് അവർ. 

ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ്‌ഷെയറിൽ വെട്ടമോ, വൈദ്യുതിയോ ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട ഒരു കോട്ടേജിലാണ് അന്നവരും കുട്ടികളും ജീവിച്ചിരുന്നത്. കുട്ടികൾ അവിടെ വളർന്നു. 20 വർഷത്തോളം അവർ അവിടെ താമസിച്ചു. ഇത് തങ്ങളെ സ്വയം പര്യാപ്തരാക്കി മാറ്റിയെന്ന് ബ്രയർ പറയുന്നു. “19 വയസ്സ് മുതൽ ഞാൻ കുടിക്കാൻ മഴവെള്ളം ശേഖരിക്കാനും, തീ ഉണ്ടാക്കാനും, വിറകു ശേഖരിക്കാനും പഠിച്ചു" അവർ പറയുന്നു.  

ഇപ്പോൾ അവർ ഓരോ ആറുമാസത്തിലും സ്ഥലം മാറുന്നു. വെയിലുള്ള ദിക്കുകൾ നോക്കി അവിടെ കൂടാരം ഉറപ്പിക്കുന്നു. കൂടാരത്തിൽ, ഒരു സ്റ്റൗ, കിടക്കയായി മാറ്റാവുന്ന ഒരു സോഫ, അതുപോലെ വർണ്ണാഭമായ വെൽവെറ്റ് കർട്ടനുകൾ, കുറെ പുസ്തകങ്ങൾ എല്ലാം അവർ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, ഒരു 240 വാട്ടിന്റെ സോളാർ പാനലും അതിലുണ്ട്. ഇത് അവരുടെ ഫോൺ ചാർജ് ചെയ്യാൻ വേണ്ടിയുള്ളതാണ്. തനിക്ക് ആവശ്യമുള്ളതെല്ലാം അതിലുണ്ട് എന്നവർ പറയുന്നു. 

ഈ കഴിഞ്ഞ ഏഴ് വർഷമായി അവരുടെ ജീവിതം ഇതാണ്, ഒരു നാടോടിയായി ചുമലിൽ ഭാരമൊന്നുമില്ലാതെ അവർ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. ഇനിയും കൂടുതൽ സ്വയംപര്യാപ്തത നേടണമെന്നതാണ് അവരുടെ ആഗ്രഹം. ഭക്ഷണത്തിനുള്ള എല്ലാത്തരം പച്ചക്കറികളും വളർത്താൻ അവർ പദ്ധതിയിടുന്നു. ഇപ്പോഴും ആധുനിക സൗകര്യങ്ങളോട് അവർക്ക് അല്പം പോലും താല്പര്യമില്ല. ഇങ്ങനെ പ്രകൃതിയെ അറിഞ്ഞ്, മിതമായ സ്വപ്നങ്ങളുമായി സമാധാനത്തോടെ ജീവിക്കാനാണ് അവർക്ക് താല്പര്യം. ഇതാണ് യഥാർത്ഥത്തിൽ ജീവിതമെന്ന് അവർ പറയുന്നു.  

Follow Us:
Download App:
  • android
  • ios