മതിലിലും നഗരത്തിനുള്ളിലെ മറ്റു കെട്ടിടങ്ങളിലും അതീവ വിലപിടിപ്പുള്ള നിരവധി വജ്രങ്ങളും രത്‌നങ്ങളും ഒക്കെയാണ് ഒളിഞ്ഞിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ഈ നഗരത്തില്‍ അങ്ങനെ വലിയ പ്രത്യേകതകളൊന്നും കണ്ടെത്താനാകില്ല. മറ്റെല്ലാ നഗരങ്ങളും പോലെ തന്നെ കുറേയേറെ വീടുകളും ഒരു പള്ളി ഗോപുരവും ചെറിയ ഇടവഴികളും ഒക്കെ മാത്രമേ ഈ നഗരത്തിന്റെയും ആകാശദൃശ്യങ്ങളില്‍ നമുക്ക് കാണാന്‍ കഴിയു . എന്നാല്‍, നോര്‍ഡ്ലിംഗന്‍ എന്ന ഈ ജര്‍മ്മന്‍ നഗരം അവിശ്വസനീയമായ ഒരു രഹസ്യം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. എന്താണെന്നോ? ആ നഗരത്തിന്റെ ചുറ്റുമതിലിലും ചുവരുകളിലും കെട്ടിടങ്ങളിലും ദശലക്ഷക്കണക്കിന് രത്‌നങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്.

വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും ഇത് സത്യമാണ്. മധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു വലിയ ചുറ്റുമതില്‍ കൊണ്ടാണ് ഈ നഗരം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഈ ചുറ്റും മതിലിലും നഗരത്തിനുള്ളിലെ മറ്റു കെട്ടിടങ്ങളിലും അതീവ വിലപിടിപ്പുള്ള നിരവധി വജ്രങ്ങളും രത്‌നങ്ങളും ഒക്കെയാണ് ഒളിഞ്ഞിരിക്കുന്നത്. ഭൗമശാസ്ത്ര കണക്കുകള്‍ പ്രകാരം, നോര്‍ഡ്ലിംഗന്‍ നഗരത്തില്‍ 72,000 ടണ്‍ രത്‌നങ്ങളുണ്ട്. ഇവിടുത്തെ ഒരു പ്രധാന നിര്‍മ്മിതിയായ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ മാത്രം ഏകദേശം 5,000 കാരറ്റ് രത്‌നങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ അത്ഭുതകരമായ പ്രതിഭാസം ലോകത്തിലെ മറ്റ് ചില സ്ഥലങ്ങളിലും ഉണ്ടെങ്കിലും നോര്‍ഡ്‌ലിംഗിനോളം ഉയര്‍ന്ന രത്‌നങ്ങളുടെ അളവ് മറ്റെവിടെയും ഇല്ല.

തീര്‍ന്നില്ല ഈ നഗരത്തിന്റെ കൗതുകങ്ങള്‍. ഇത് ഒരു സാധാരണ നഗരം അല്ല എന്ന് മുന്‍പേ പറഞ്ഞല്ലോ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഈ നഗരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഒരു ഉള്‍ക്കാശില ഗര്‍ത്തത്തിനുള്ളിലാണ്.

ഏകദേശം 15 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഒരു ഉല്‍ക്കാപതനത്തിന്റെ സംഭാവനയാണ് ഈ നഗരം എന്ന് വേണമെങ്കില്‍ പറയാം. കാരണം ഈ ഉല്‍ക്ക പതനത്തിന്റെ ആഘാതം 24 കിലോമീറ്റര്‍ (15 മൈല്‍) കുറുകെയുള്ള ഒരു ഗര്‍ത്തം സൃഷ്ടിച്ചു. എ ഡി 898-ല്‍ ആദ്യത്തെ കുടിയേറ്റക്കാര്‍ വന്നപ്പോള്‍ ഈ ഗര്‍ത്തത്തിലാണ് നോര്‍ഡ്‌ലിംഗന്‍ പട്ടണം നിര്‍മ്മിച്ചത്. ഉല്‍ക്ക ഭൂമിയിലേക്ക് പതിച്ചപ്പോള്‍ മറ്റൊന്നുകൂടി സംഭവിച്ചിരുന്നു. പതനത്തിന്റെ ആഘാതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ കോസ്മിക് മര്‍ദ്ദം പ്രദേശത്തെ ഗ്രാഫൈറ്റ് ഘടിപ്പിച്ച ഗ്‌നീസ് പാറകളില്‍ രത്‌നങ്ങള്‍ രൂപപ്പെടുന്നതിന് കാരണമായി. ആദ്യത്തെ കുടിയേറ്റക്കാര്‍ ഇവിടെ വന്നപ്പോള്‍ അവര്‍ ആദ്യം നിര്‍മ്മിച്ചത് നഗരത്തിന് ചുറ്റും ഒരു മതിലായിരുന്നു. പക്ഷേ അന്ന് അവര്‍ അറിഞ്ഞിരുന്നില്ല തങ്ങള്‍ ഈ മതില്‍ നിര്‍മ്മിക്കുന്നത് രത്‌നങ്ങള്‍ കൊണ്ടാണെന്ന് .

എന്നാല്‍ 1960-ല്‍, അമേരിക്കന്‍ ജിയോളജിസ്റ്റ് യൂജിന്‍ ഷൂമേക്കര്‍, അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ജര്‍മ്മനിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇവിടുത്തെ മതിലുകള്‍ പരിശോധിക്കാന്‍ ഇടയായത്. അതിശക്തമായ താപത്തിന്റെയും മര്‍ദത്തിന്റെയും ഫലമായുണ്ടാകുന്ന ക്വാര്‍ട്സിന്റെ ഒരു വകഭേദമായ ധാതു കോസൈറ്റിന്റെ സാന്നിധ്യം അദ്ദേഹം അവിടുത്തെ നിര്‍മ്മിതികളില്‍ കണ്ടെത്തി. പിന്നീട് നടത്തിയ പഠനങ്ങളില്‍ ആണ് ഇവിടുത്തെ നിര്‍മ്മിതികളില്‍ രത്‌നക്കല്ലുകളുടെ സാന്നിധ്യം ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത്.

അപ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം ഇത്രമാത്രം വിലപിടിപ്പുള്ള രത്‌നങ്ങള്‍ ഈ നഗരത്തില്‍ ഉണ്ടായിട്ടും എങ്ങനെ ഇപ്പോഴും ഈ നഗരം ഇത്ര സുരക്ഷിതമായി നിലനില്‍ക്കുന്നു എന്ന് . അതിനു കാരണം മൈക്രോസ്‌കോപ്പിക് മുതല്‍ 0.3 മില്ലിമീറ്റര്‍ വരെ മാത്രം വലിപ്പമുള്ള ഇവിടുത്തെ രത്‌നക്കല്ലുകള്‍ (ഏകദേശം ഒരു ഇഞ്ചിന്റെ നൂറിലൊന്ന്, മനുഷ്യനേത്രത്തിന് കഷ്ടിച്ച് കാണാവുന്നവ), ശാസ്ത്രീയ വീക്ഷണകോണില്‍ അമൂല്യമാണെങ്കിലും, അവയ്ക്ക് സാമ്പത്തിക മൂല്യമില്ല എന്നതാണ്.