ജീവനക്കാർ എത്രമാത്രം ക്ഷീണിതരാണെന്നോ ബിസിയാണ് എന്നോ അല്ല, മറിച്ച് വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാൻ തക്കവണ്ണം ആ വ്യക്തിയെ വിശ്വസിക്കാൻ സാധിക്കുമോ എന്നാണ് മേലധികാരികൾ നോക്കുന്നത്.
ദിവസവും മണിക്കൂറുകളോളം കഠിനമായി ജോലി ചെയ്താൽ പ്രൊമോഷനുകളും ജോലിയിൽ ഉയർച്ചയും ഉണ്ടാകുമെന്ന് നാം കരുതും. എന്നാൽ, അതല്ല, മറിച്ച് വിശ്വാസ്യതയും കാര്യക്ഷമതയുമാണ് കരിയറിലെ വളർച്ച നിശ്ചയിക്കുന്നതെന്ന് അഭിപ്രായപ്പെടുകയാണ് ഫ്രയാസ് ഷ്രോഫ് എന്ന യുവതി. @teentotwenties എന്ന അക്കൗണ്ടിലൂടെയാണ് അവർ ഈ വീഡിയോ പങ്കുവെച്ചത്. മണിക്കൂറുകളോളം ജോലി ചെയ്തതുകൊണ്ട് മാത്രം കാര്യമില്ലെന്നും, ആ സമയത്തിനുള്ളിൽ കൃത്യമായ ഫലം നൽകാൻ സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും വീഡിയോയിൽ അവർ വ്യക്തമാക്കുന്നു.
ശ്രമമല്ല, മൂല്യമാണ് പ്രധാനം: 12 മണിക്കൂർ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും ആവശ്യമായ ഫലം നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവിടെ കഠിനാധ്വാനത്തിന് അർത്ഥമില്ലാതെ വരും.
വിശ്വാസ്യതയാണ് പ്രധാനം: ജീവനക്കാർ എത്രമാത്രം ക്ഷീണിതരാണെന്നോ ബിസിയാണ് എന്നോ അല്ല, മറിച്ച് വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാൻ തക്കവണ്ണം ആ വ്യക്തിയെ വിശ്വസിക്കാൻ സാധിക്കുമോ എന്നാണ് മേലധികാരികൾ നോക്കുന്നത്.
ശ്രദ്ധിക്കപ്പെടുന്ന ഘടകങ്ങൾ: സമയബന്ധിതമായി ജോലി തീർക്കുക, ആശയവിനിമയത്തിൽ വ്യക്തത വരുത്തുക, പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനുള്ള കഴിവുണ്ടാവുക, പ്രതികൂല സാഹചര്യങ്ങളിലെ പ്രതികരണങ്ങൾ, സ്വന്തമായി മികച്ച തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി എന്നിവയൊക്കെയാണ് കരിയറിൽ മുന്നേറാൻ സഹായിക്കുന്നത്.
'നിങ്ങൾ എത്രമാത്രം കഷ്ടപ്പെടുന്നു എന്ന് തെളിയിക്കാൻ ശ്രമിക്കുന്നതിന് പകരം മറ്റുള്ളവർക്ക് ആശ്രയിക്കാവുന്ന ഒരാളായി മാറുക' എന്നാണ് ഫ്രയാസ് ഷ്രോഫ് ഇതിലൂടെ ഓർമ്മിപ്പിക്കുന്നത്. കുറേസമയം ജോലി ചെയ്യുന്നതും കൂടുതൽ സംഭാവനകൾ നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഈ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് നിരവധിപ്പേരാണ് എത്തിയത്. 'ഇത് ശരിക്കും യാഥാർത്ഥ്യമാണ്', 'മണിക്കൂറുകളേക്കാൾ പ്രധാനം വിശ്വാസ്യതയാണ്', 'വളരെ നല്ല കരിയർ അഡ്വൈസ്' എന്നിങ്ങനെ നിരവധി അനുകൂല പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചത്.
