ജൂലൈയിൽ തന്റെ നൂറാം ജന്മദിനത്തിന് തൊട്ടുപിന്നാലെ തനിക്ക്  കൊവിഡ് 19 പിടിപെട്ടതായി ഡോക്ടർ പറഞ്ഞു.  എന്നാൽ സുഖം പ്രാപിക്കുന്ന സമയത്ത് താൻ സൂം വഴി തന്റെ രോഗികളെ ചികിത്സിക്കുന്നത് തുടർന്നെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴും പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടർ ആരാണെന്ന് അറിയാമോ? അദ്ദേഹത്തിൻറെ പ്രായം എത്രയാണെന്ന് അറിയാമോ? ആൾ ആരാണെന്ന് പറയും മുൻപ് ഒരു കാര്യം പറയാം. ഏതായാലും താൻ ഇപ്പോഴും പ്രാക്ടീസ് നിർത്താൻ തയ്യാറല്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ മുത്തശ്ശൻ ഡോക്ടർ. മുത്തശ്ശൻ ആണെന്ന് കരുതി ഡോക്ടറുടെ ചികിത്സയൊന്നും മോശമല്ല കേട്ടോ. ഇപ്പോഴും ദിനംപ്രതി നിരവധി ആളുകളാണ് ഡോക്ടറെ കാണാൻ എത്തുന്നത്.

ഓഹിയോയിൽ നിന്നുള്ള ഒരു ഡോക്ടർ ആണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 100 വയസ്സുള്ള ഒഹിയോയിലെ ഈ ഡോക്ടർ തനിക്ക് ഇപ്പോഴൊന്നും വിരമിക്കാൻ താല്പര്യമില്ല എന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.

ക്ലീവ്‌ലാൻഡിലെ ഡോ. ഹോവാർഡ് ടക്കറിന് 2021 ഫെബ്രുവരിയിൽ 98 വയസ്സും 231 ദിവസവും പ്രായമുള്ളപ്പോൾ ആണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ എന്ന സർട്ടിഫിക്കേഷൻ ലഭിച്ചത്. ഇപ്പോൾ 100 വയസ്സുള്ള ടക്കർ പറയുന്നത്, താൻ മുഴുവൻ സമയവും ജോലി ചെയ്യുന്നത് ഇപ്പോഴും തുടരുന്നു എന്നാണ്. എല്ലാദിവസവും രാവിലെ 9 മുതൽ വൈകിട്ട് ആറു വരെ താൻ രോഗികളെ ചികിത്സിക്കാറുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

ജൂലൈയിൽ തന്റെ നൂറാം ജന്മദിനത്തിന് തൊട്ടുപിന്നാലെ തനിക്ക് കൊവിഡ് 19 പിടിപെട്ടതായി ഡോക്ടർ പറഞ്ഞു. എന്നാൽ സുഖം പ്രാപിക്കുന്ന സമയത്ത് താൻ സൂം വഴി തന്റെ രോഗികളെ ചികിത്സിക്കുന്നത് തുടർന്നെന്നും അദ്ദേഹം പറയുന്നു. തനിക്ക് ലഭിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് തന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായും അദ്ദേഹം പറയുന്നു.

89 -കാരിയായ അദ്ദേഹത്തിന്റെ ഭാര്യ സ്യൂവും ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നു. അറിയപ്പെടുന്ന ഒരു സൈക്കോ അനലിസ്റ്റ് ആണ് അവർ. വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നേ ഇല്ല എന്നും ദീർഘായുസ്സിന്റെ ശത്രുവാണ് വിരമിക്കൽ എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇഷ്ടപ്പെട്ട ഒരു ജോലി ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് അത് അവസാനിപ്പിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.