Asianet News MalayalamAsianet News Malayalam

ഇന്ത്യയിലുള്ള കൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുത് എന്ന് ദക്ഷിണ കൊറിയൻ എംബസി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞത്, 'മുംബൈ ന​ഗരം സുരക്ഷിതമാണ് എന്ന് കരുതിയാണ് ആളുകൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത്. അതിനാൽ തന്നെ പ്രതിക്കെതിരെ എല്ലാ നടപടിയും സ്വീകരിക്കും' എന്നാണ്.

not step out at night in India South Korean embassy says to its citizens
Author
First Published Dec 2, 2022, 10:07 AM IST

ഇന്ത്യയിലുള്ള ദക്ഷിണകൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുത് എന്ന് ദക്ഷിണ കൊറിയൻ എംബസി. സുരക്ഷ കണക്കിലെടുത്താണ് രാത്രി പുറത്തിറങ്ങരുത് എന്ന് ആവശ്യപ്പെടുന്നത് എന്നും എംബസി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് എംബസി ഇക്കാര്യം നിർദ്ദേശിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവിൽ ഒരു കൊറിയൻ യൂട്യൂബർക്ക് നേരെ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് എംബസിയുടെ നിർദ്ദേശം. 

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ന​ഗരങ്ങളിലൊന്ന് എന്ന് വിശേഷിക്കപ്പെടുന്ന ന​ഗരമാണ് മുംബൈ. അവിടെ വച്ചാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. പ്രതി യുവതിയെ തൊടാനും ഉമ്മ വയ്ക്കാനും വാഹനത്തിൽ കയറ്റിക്കൊണ്ടു പോകാനും ശ്രമിക്കുകയായിരുന്നു. യുവതി ഇതിനെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ വളരെ വേ​ഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. 

അതേസമയം തന്നെ റിപ്പബ്ലിക് ഓഫ് കൊറിയൻ എംബസി തങ്ങളെ സമീപിച്ചോ ഇല്ലയോ എന്നത് അറിയില്ല, അത് പരിശോധിക്കേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവായ അരിന്ദം ബാഗ്ചി പറഞ്ഞു. 'സംഭവത്തിന്റെ പൂർണവിവരം അറിയേണ്ടതുണ്ട്. കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രാദേശിക അധികാരികൾ ആവശ്യപ്പെടുന്ന എല്ലാ കരുതലും സംരക്ഷണവും യുവതിക്ക് നൽകും. ഇതൊരു കോൺസുലർ പ്രശ്നമായി മാറുകയാണ് എങ്കിൽ തങ്ങളുടെ ഭാ​ഗത്ത് നിന്നുള്ള എല്ലാ പങ്കാളിത്തവും ഉണ്ടാകും' എന്നും ബാ​ഗ്ചി പറഞ്ഞു. 

'ലിഫ്റ്റ് തരാം'; മുംബൈയില്‍ ലൈവിനിടെ വിദേശ യൂട്യൂബര്‍ക്ക് നേരെ യുവാവിന്‍റെ അതിക്രമം- VIDEO

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞത്, 'മുംബൈ ന​ഗരം സുരക്ഷിതമാണ് എന്ന് കരുതിയാണ് ആളുകൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത്. അതിനാൽ തന്നെ പ്രതിക്കെതിരെ എല്ലാ നടപടിയും സ്വീകരിക്കും' എന്നാണ്. യൂട്യൂബറായ മ്യോചി, 'ഇത് ഇന്ത്യയിലെ തന്റെ ആദ്യത്തെ സന്ദർശനം ആണ്. തനിക്ക് ഇവിടെ സംഭവിച്ചത് ഇനി ഒരാൾക്കും സംഭവിക്കരുതേ എന്നാണ് ആ​ഗ്രഹം' എന്നും പറഞ്ഞു. 

മുംബൈയിലെ സബേര്‍ബന്‍ ഖാന്‍ മേഖലയിലെ തെരുവിൽ ബുധനാഴ്ച രാത്രിയിലാണ് ദക്ഷിണ കൊറിയൻ യൂട്യൂബറായ മ്യോചിക്ക് നേരെ അതിക്രമം നടന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. യുവതി ലൈവായി വീഡിയോ എടുത്ത് കൊണ്ടിരിക്കുകയായിരുന്നു. അതേസമയം ഒരു യുവാവ് അവളുടെ കയ്യിൽ കയറിപ്പിടിച്ചു. ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് യുവാവ് യൂട്യൂബറെ സമീപിച്ചത്. എന്നാൽ, അവളത് നിരസിച്ചതോടെ ഇയാൾ കയ്യിൽ കയറി പിടിക്കുകയായിരുന്നു. യുവതി തന്റെ പ്രതിഷേധം പ്രകടിപ്പിച്ച് ഇവിടെ നിന്നും പോകാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇയാൾ വിടാതെ പിന്തുടരുകയാണ്. പിന്നാലെ, മറ്റൊരാൾക്കൊപ്പം സ്കൂട്ടറിലെത്തിയ ഇയാൾ യുവതിയോട് അതിൽ കയറാൻ പറയുന്നുണ്ട്. 

ലൈവായി നിരവധിപ്പേർ കണ്ടുകൊണ്ടിരിക്കെ ആയിരുന്നു അതിക്രമം. അതിനിടയിൽ യുവതിയെ ചുംബിക്കാൻ ഇയാൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വളരെ വേ​ഗം തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios