'ദി റോംഗ് ലവർ', 'ദി റോംഗ് ഹസ്ബൻഡ്' തുടങ്ങിയ പുസ്തകങ്ങൾ ഇവരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2011 -ൽ സീ ജെയ്ൻ പബ്ലിഷ് ബ്ലോഗിനായി 'ഹൗ ടു മർഡർ യുവർ ഹസ്ബൻഡ്' എന്ന ലേഖനവും എഴുതി.
ഒരിക്കൽ, 'ഭർത്താവിനെ എങ്ങനെ കൊല്ലാം'(How To Murder Your husband) എന്ന പേരിൽ ലേഖനമെഴുതിയ നോവലിസ്റ്റ് ഭർത്താവിനെ കൊന്ന കേസിൽ വിചാരണ നേരിടുകയാണ്. യുഎസിലെ ഒറിഗോണിൽ നിന്നുള്ള നാൻസി ക്രാംപ്‌ടൺ-ബ്രോഫി(Nancy Crampton-Brophy) എന്ന 71 -കാരിയായ റൊമാൻസ് നോവലിസ്റ്റ് 2011-ലാണ് ഈ വിചിത്രമായ ലേഖനം എഴുതിയത്. ഒരാളുടെ ഇണയെ കൊല്ലാനുള്ള നിരവധി നിർദ്ദേശങ്ങളും മാർഗങ്ങളുമാണ് ഈ ലേഖനത്തിൽ എഴുതിയിരിക്കുന്നത് എന്ന് പറയുന്നു.
വിരോധാഭാസമെന്നു പറയട്ടെ, ലൈഫ് ഇൻഷുറൻസ് ഇനത്തിൽ 1.5 മില്യൺ ഡോളറിലധികം തട്ടിയെടുക്കുന്നതിനായി 2018 ജൂണിൽ തന്റെ ഭർത്താവ് ഡാനിയൽ ബ്രോഫിയെ മാരകമായി വെടിവച്ചു കൊന്നതിന് അവരിപ്പോൾ വിചാരണ നേരിടുകയാണ്. 2018 ജൂൺ 2 -ന് പോർട്ട്‌ലാൻഡിലെ ഒറിഗൺ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിലെ (ഒസിഐ) അടുക്കളയിലാണ് ബ്രോഫിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സഹപ്രവർത്തകനാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പുറകിലും, നെഞ്ചിലും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം എന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കോടതി പേപ്പറുകൾ പ്രകാരം, കൊലപാതക സമയത്ത് പ്രതി ഭർത്താവ് ജോലി ചെയ്തിരുന്ന പോർട്ട്‌ലാൻഡിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ, താൻ മുഴുവൻ സമയവും വീട്ടിലായിരുന്നു എന്നാണ് അവൾ അധികൃതരോട് കള്ളം പറഞ്ഞത്. ദുരന്തമുണ്ടായതിന്റെ പിറ്റേന്ന് തന്റെ ഭർത്താവിന്റെ മരണവാർത്ത എഴുത്തുകാരി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
പോസ്റ്റിൽ അവൾ എഴുതി: "എനിക്ക് സങ്കടകരമായ വാർത്ത പറയാനുണ്ട്. ഇന്നലെ രാവിലെ എന്റെ ഭർത്താവും ഉറ്റസുഹൃത്തുമായ ഷെഫ് ഡാൻ ബ്രോഫി കൊല്ലപ്പെട്ടു. എല്ലാം ഉൾക്കൊള്ളാൻ ഞാൻ ഇപ്പോൾ പാടുപെടുകയാണ്." ഏതായാലും ഒടുവിൽ 2018 സെപ്തംബറിൽ അവൾ അറസ്റ്റിലായി. എന്നാൽ, അവൾ കുറ്റം സമ്മതിക്കാൻ തയ്യാറായില്ല.
'ദി റോംഗ് ലവർ', 'ദി റോംഗ് ഹസ്ബൻഡ്' തുടങ്ങിയ പുസ്തകങ്ങൾ ഇവരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2011 -ൽ സീ ജെയ്ൻ പബ്ലിഷ് ബ്ലോഗിനായി 'ഹൗ ടു മർഡർ യുവർ ഹസ്ബൻഡ്' എന്ന ലേഖനവും എഴുതി. ക്രാംപ്ടൺ-ബ്രോഫി ഒരു കാലത്ത് മികച്ച നോവലിസ്റ്റായിരുന്നു.
രണ്ട് വർഷം മുമ്പ് കൊലപാതകം ആദ്യമായി വാർത്തകളിൽ ഇടം നേടി. എന്നാൽ, കൊവിഡ്-19 പാൻഡെമിക് കാരണം വിചാരണ വൈകിയിരുന്നു. അവളുടെ അഭിഭാഷകരും അത് ഉപയോഗപ്പെടുത്തി. എന്നാൽ, ഇപ്പോഴും കേസിൽ വിചാരണ നടക്കുകയാണ്.
