മുതിർന്നവർക്ക് വേണ്ടിയുള്ള ക്രൂയിസിൽ വസ്ത്രമോ ഷൂവോ ഇല്ലാതെ സഞ്ചരിക്കാം. എന്നാൽ, ക്രൂയിസിനകത്ത് തന്നെ എല്ലായിടത്തും വസ്ത്രം ധരിക്കാതെ നിൽക്കാനാവില്ല.
ക്രൂയിസുകളിൽ വെക്കേഷൻ ആഘോഷിക്കുന്ന അനേകങ്ങൾ ഇന്നുണ്ട്. എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഇത്തരം ആഡംബരക്കപ്പലുകൾ പലതരം പാക്കേജുകളുമായിട്ടാണ് വരുന്നത്. നഗ്നരായിരിക്കാൻ സാധിക്കുന്ന ക്രൂയിസുകളെ കുറിച്ചുള്ള വാർത്തകളും നാം കേട്ടിട്ടുണ്ടാവും. അത്തരം ക്രൂയിസുകൾ ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുകയാണ് എന്നും നിരവധി ആളുകളാണ് അത്തരം ക്രൂയിസുകൾ തെരഞ്ഞെടുക്കുന്നത് എന്നുമാണ് ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നത്.
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ബെയർ നെസെസിറ്റീസ് സംഘടിപ്പിക്കുന്ന, വരാനിരിക്കുന്ന ഇതുപോലെയുള്ള തീർത്തും വ്യത്യസ്തമായ യാത്രയുടെ ടിക്കറ്റ് നിരക്ക് 43 ലക്ഷം രൂപ വരെയാണത്രെ. ശരീരത്തെ കുറിച്ചുള്ള ആത്മവിശ്വാസം വർധിപ്പിക്കുക, ബോഡി പൊസിറ്റിവിറ്റി കൂട്ടുക തുടങ്ങിയവയൊക്കെയാണ് യാത്രയുടെ ലക്ഷ്യം. വസ്ത്രങ്ങളിൽ നിന്നും മോചിതരാകുമ്പോൾ യാത്രക്കാർ കൂടുതൽ കംഫർട്ടബിളായിരിക്കുമെന്നും ആത്മവിശ്വാസവും ആധികാരികതയും അനുഭവപ്പെടുമെന്നുമാണ് കമ്പനി പറയുന്നത്.
വസ്ത്രത്തിന്റെ കാര്യത്തിൽ യാത്രക്കാർക്ക് തിരഞ്ഞെടുപ്പുകളുണ്ട് എന്നതാണ് ഈ ക്രൂയിസിന്റെ പ്രത്യേകത. മുതിർന്നവർക്ക് വേണ്ടിയുള്ള ക്രൂയിസിൽ വസ്ത്രമോ ഷൂവോ ഇല്ലാതെ സഞ്ചരിക്കാം. എന്നാൽ, ക്രൂയിസിനകത്ത് തന്നെ എല്ലായിടത്തും വസ്ത്രം ധരിക്കാതെ നിൽക്കാനാവില്ല. ഡൈനിംഗ് ഹാളിൽ വസ്ത്രം ധരിക്കണം, പ്രത്യേകിച്ച് ക്യാപ്റ്റനെത്തുന്ന സമയങ്ങളിൽ, അതുപോലെ ലോക്കൽ ആർട്ടിസ്റ്റുകളുടെ പ്രകടനങ്ങൾ നടക്കുന്ന സമയത്തും വസ്ത്രം നിർബന്ധമാണ്. കൂടാതെ, കപ്പലുകൾ ഏതെങ്കിലും തീരത്ത് നിർത്തുന്ന സമയങ്ങളിലും നിർബന്ധമായും വസ്ത്രം ധരിക്കണം. ഭക്ഷണസമയത്ത് കൃത്യമായ വസ്ത്രങ്ങൾ തന്നെ ധരിക്കണമെന്നും നിർദ്ദേശമുണ്ട്.
അതുപോലെ ഒരുതരത്തിലുള്ള ലൈംഗികച്ചുവയോടെയുള്ള നോട്ടമോ, സ്പർശമോ ഒന്നും തന്നെ കപ്പലിൽ അനുവദനീയമല്ല. പൂളിലും ഡാൻസ് ഹാളിലുമടക്കം ഫോട്ടോ എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ യാത്രക്കാരിൽ ആരോടെങ്കിലും മോശമായ രീതിയിൽ പെരുമാറിയാൽ അടുത്ത പോർട്ടിൽ അവരെ ഇറക്കിവിടും. മാത്രമല്ല റീഫണ്ട് ഉണ്ടാവുന്നതുമല്ല.
