പൊലീസ് ഉടന്‍ തന്നെ അവിടയെുള്ള പൊലീസിനെ വിവരമറിയിച്ചു.  വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനകത്ത് നടത്തിയ പരിശോധനയില്‍ 30 വയസ്സുള്ള ഒരാളെ പൂര്‍ണ്ണനഗ്‌നനായി കാട്ടിനകത്ത് കണ്ടെത്തി.

''ലോക്ക്ഡൗണിനിടെ, പൊലീസിനെ പറ്റിച്ച് വെയില്‍ കൊള്ളാന്‍ പോയതായിരുന്നു ആ രണ്ടു പേര്‍. നഗ്‌നരായി വെയില്‍ കായാന്‍ ഇരുന്നതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ, കിട്ടിയത്, പെരും പണി. ധനനഷ്ടം മാത്രമല്ല, മാനഹാനിയും നേരിടേണ്ടി വന്നു അവര്‍ക്ക്. 

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. കൊവിഡ് രോഗം പരന്നതിനെ തുടര്‍ന്ന്, ഇവിടെ കര്‍ശനമായ നേിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗ്രേറ്റര്‍ സിഡ്‌നിയിലുള്ള ആരും പുറത്തുപോവരുതെന്നാണ് ഇവിടത്തെ കര്‍ശന വ്യവസ്ഥ. 

അങ്ങനെയിരിക്കെയാണ്, സിഡ്‌നി പൊലീസിന് ഒരു ഫോണ്‍കോള്‍ വന്നത്. 'ദക്ഷിണ സിഡ്‌നിയിലെ ഓറ്റ്‌ഫോഡ് റോയല്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനകത്ത് കുടുങ്ങിപ്പോയി, രക്ഷപ്പെടുത്തണം' എന്നായിരുന്നു കോള്‍.

പൊലീസ് ഉടന്‍ തന്നെ അവിടയെുള്ള പൊലീസിനെ വിവരമറിയിച്ചു. വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനകത്ത് നടത്തിയ പരിശോധനയില്‍ 30 വയസ്സുള്ള ഒരാളെ പൂര്‍ണ്ണനഗ്‌നനായി കാട്ടിനകത്ത് കണ്ടെത്തി. കൊടും കാടിനകത്തെ ഒറ്റയടിപ്പാതയിലൂടെ വഴി തെറ്റിനടക്കുകയായിരുന്നു അയാള്‍. മറ്റൊരാള്‍ കൂടി ഉണ്ടെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന്, പൊലീസ് വീണ്ടും പരിശോധന നടത്തി. ആളെ കിട്ടിയില്ല. തുടര്‍ന്ന് കാട്ടില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ആളെ കണ്ടെത്തി. 49-കാരനായ അയാളും നഗ്‌നനായിരുന്നു. 

എന്താണ് സംഭവിച്ചത് എന്നന്വേഷിച്ചപ്പോഴാണ് കിട്ടിയ പണിയെക്കുറിച്ച് അവര്‍ പുറത്തുപറഞ്ഞത്. 

വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍, പൊലീസിന്റെ കണ്ണുവെട്ടിച്ച് കുറേ ദൂരത്തുള്ള സൗത്ത് സിഡ്‌നിയിലെ ബീച്ചില്‍ സണ്‍ ബാത്തിനു പോയതാണ് ഇരുവരും. അതിനു തൊട്ടടുത്താണ് വനം. വെയില്‍ കാഞ്ഞിരിക്കുന്നതിനിടയില്‍, കാട്ടില്‍നിന്നും ഒരു വലിയ മാന്‍ ഇറങ്ങിവന്നു. ഇരുവര്‍ക്കും നേരെ പാഞ്ഞെത്തിയ മാനെ ഭയന്ന് അവര്‍ കാട്ടിനുള്ളിലേക്ക് ഓടി. പരിചയമില്ലാത്ത കാട്ടില്‍ അവര്‍ക്ക് വഴി തെറ്റി. വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിനുള്ളില്‍ കഴിഞ്ഞാല്‍, ഒന്നും ബാക്കിയുണ്ടാവില്ല എന്നുറപ്പായപ്പോഴാണ് അതിലെരാള്‍ പൊലീസിനെ വിവരമറിയിച്ചത്. 

രക്ഷിച്ചെങ്കിലും ഇവര ശിക്ഷിക്കുകയും ചെയ്യണം എന്നായിരുന്നു പൊലീസിന്റെ തീരുമാനം. ലോക്ക്ഡൗണ്‍ വ്യവസ്ഥ ലംഘിച്ചതിന് ഇരുവര്‍ക്കും എതിരെ നല്ല പിഴ ചുമത്തി. 750 യു എസ് ഡോളര്‍ (55,717 രൂപ) ആയിരുന്നു പിഴ. രക്ഷെപ്പടലും ശിക്ഷിക്കപ്പെടലും കഴിഞ്ഞിട്ടും തീര്‍ന്നില്ല പണി. ലോകമാകെയുള്ള മാധ്യമങ്ങളില്‍ ഇവര്‍ക്കു പറ്റിയ അമളി വാര്‍ത്തയാവുകയും ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona