Asianet News Malayalam

കൾട്ട് നേതാവിന് ചൂഷണം ചെയ്യാൻ സ്ത്രീകളെയെത്തിച്ച കേസ്, യുഎസ് നടിക്ക് മൂന്നുവർഷം തടവ്...

യു‌എസ് ടെലിവിഷൻ പരമ്പരയായ 'സ്‌മോൾ‌വില്ല'യിലെ അഭിനയത്തിലൂടെയാണ് അലിസൺ പ്രശസ്തയായത്. 2018 -ൽ നെക്സിയത്തിലേക്ക് സ്ത്രീകളെ എത്തിച്ചതുമായി ബന്ധപ്പെട്ട് അധികൃതർ തേടിയെത്തുമെന്നായതോടെ ഗ്രൂപ്പിന്റെ നേതാവുമായി മെക്സിക്കോയിലേക്ക് പലായനം ചെയ്യുകയായിരുന്നു അവര്‍. 

Nxivm cult Allison Mack sentenced three years
Author
USA, First Published Jul 2, 2021, 11:01 AM IST
  • Facebook
  • Twitter
  • Whatsapp

നെക്സിയം എന്ന സംഘടന ലോകശ്രദ്ധയിലേക്ക് വരുന്നത് അതിന്‍റെ സ്വയം പ്രഖ്യാപിത ഗുരുവായ കീത്ത് റാനിയറിനെ 120 വര്‍ഷത്തേക്ക് കോടതി തടവിന് ശിക്ഷിച്ചപ്പോഴാണ്. നിരവധി ആരോപണങ്ങളായിരുന്നു ഇയാള്‍ക്ക് നേരെ ഉണ്ടായിരുന്നത്. അതില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളടക്കം നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതും പെടുന്നു. 

അയാളുടെ ശിഷ്യഗണങ്ങളായി നിരവധി പ്രശസ്തരും ഉണ്ടായിരുന്നു. ഇപ്പോഴിതാ അയാള്‍ക്ക് വേണ്ടി സ്ത്രീകളെ റിക്രൂട്ട് ചെയ്തുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യുഎസ് അഭിനേത്രി അലിസണ്‍ മാക്കിനെ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നു. 38 -കാരിയായ അലിസണ്‍ കുറ്റം സമ്മതിച്ചു. റാക്കറ്റിംഗും ഗൂഢാലോചനാകുറ്റവുമാണ് ഇവര്‍ക്ക് നേരെ ചുമത്തിയിരിക്കുന്നത്. 

സ്ത്രീകളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെടും മുമ്പ് ആ സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് അലിസണ്‍ ഒരു കത്തെഴുതിയിരുന്നു. 'എന്‍റെ പ്രവൃത്തികൊണ്ട് മുറിവേല്‍ക്കപ്പെട്ടവര്‍ക്ക്' എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. അലിസണിന്‍റെ അഭിഭാഷകര്‍ കത്ത് കോടതിക്ക് കൈമാറി. തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞുവെന്നതിനാല്‍ തടവില്‍ നിന്നും അലിസണിനെ ഒഴിവാക്കണമെന്നും അഭിഭാഷകര്‍ അപേക്ഷിച്ചിരുന്നു. 

'എന്റെ കൈവശമുള്ളതെല്ലാം ഉപയോഗിച്ച് കീത്ത് റാനിയേറിന്റെ ശിക്ഷണത്തിനായി ഞാൻ എന്നെത്തന്നെ എറിഞ്ഞു കൊടുക്കുകയായിരുന്നു. അയാളുടെ മാർഗനിർദ്ദേശത്താൽ ഞാൻ കൂടുതല്‍ മികച്ചവളും കൂടുതൽ പ്രബുദ്ധതയുള്ളവളുമാകുമെന്ന് ഞാൻ പൂർണഹൃദയത്തോടെ വിശ്വസിച്ചു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റും ഖേദവും. ഞാൻ നെക്സിയത്തിലേക്ക് കൊണ്ടുവന്ന സ്ത്രീകളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു ക്രൂരനും വൈകാരികമായി ചൂഷണം ചെയ്യുന്നവനുമായ ഒരാളിലേക്ക് ഞാന്‍ നിങ്ങളെ എത്തിച്ചു' എന്നും അലിസണെഴുതിയ കത്തില്‍ പറയുന്നു. 

യു‌എസ് ടെലിവിഷൻ പരമ്പരയായ 'സ്‌മോൾ‌വില്ല'യിലെ അഭിനയത്തിലൂടെയാണ് അലിസൺ പ്രശസ്തയായത്. 2018 -ൽ നെക്സിയത്തിലേക്ക് സ്ത്രീകളെ എത്തിച്ചതുമായി ബന്ധപ്പെട്ട് അധികൃതർ തേടിയെത്തുമെന്നായതോടെ ഗ്രൂപ്പിന്റെ നേതാവുമായി മെക്സിക്കോയിലേക്ക് പലായനം ചെയ്യുകയായിരുന്നു അവര്‍. അറസ്റ്റിലാകും വരെ അവര്‍ കാലിഫോര്‍ണിയയിലെ കുടുംബവീട്ടിലായിരുന്നു എന്നും അതിനിടയില്‍ യൂണിവേഴ്സിറ്റി കോഴ്സെടുക്കുകയും കാറ്ററിംഗ് ജോലി ചെയ്യുകയുമായിരുന്നുവെന്നും അവളുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാലിപ്പോൾ കുറ്റം തെളിഞ്ഞതിന തുടർന്ന് അലിസണിനെ തടവിന് ശിക്ഷിച്ചിരിക്കുന്നു. 

എന്താണ് നെക്സിയം? എങ്ങനെയാണിത് പ്രവർത്തിച്ചത്? 

കീത്ത് റാനിയർ ഒരു ലൈഫ് കോച്ചിംഗ് സംഘടനയുടെ നേതാവെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വ്യക്തിപരവും, തൊഴില്‍പരവുമായ വികസനത്തിനായുള്ള സെമിനാറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനി ഉടമ. 'നിങ്ങളെ ജീവിതവിജയം നേടാന്‍ സഹായിക്കാം' എന്ന അയാളുടെ വാഗ്ദ്ധാനത്തിലേക്ക് സെലിബ്രിറ്റികളും, സമ്പന്നരും ഒരുപോലെ ആകർഷിക്കപ്പെട്ടു. 

എന്നാൽ, അയാളെ കുറിച്ചുള്ള സങ്കല്പങ്ങളെല്ലാം തകർന്നടിഞ്ഞത് 2017 -ൽ അയാളുടെ കള്‍ട്ടിലെ ഒരു മുൻഅംഗം നടത്തിയ വെളിപ്പെടുത്തലിലൂടെയാണ്. അവിടെ അവർ അനുഭവിച്ചത് ആരും കേട്ടാൽ ഭയക്കുന്ന ലൈംഗിക അതിക്രമങ്ങളായിരുന്നു. പിന്നീടുള്ള നീണ്ട വിചാരണക്കൊടുവിൽ 2019 -ൽ റാക്കറ്റിംഗ്, സെക്സ് ട്രാഫിക്കിംഗ്, കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സൂക്ഷിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് അയാളെ കോടതി ശിക്ഷിച്ചു. ഒടുവിൽ, സ്ത്രീകളെ ലൈംഗിക അടിമകളായി വച്ചതിന് അയാളെ കോടതി 120 വർഷം തടവിന് ശിക്ഷിച്ചു.  

നെക്സിയം (NXIVM) എന്ന അയാളുടെ കള്‍ട്ടിൽ ജീവിതത്തിലെ പ്രയാസങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും, എങ്ങനെ ജീവിതവിജയം കൈവരിക്കാമെന്നും പഠിപ്പിക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. എക്‌സിക്യൂട്ടീവ് സക്സസ് പ്രോഗ്രാമുകൾ (ഇ.എസ്.പി) വഴിയാണ് ഭൂരിഭാഗം ആളുകളെയും ഇതിലേയ്ക്ക് കൊണ്ടുവരുന്നത്. ആ പരിപാടിയിൽ പങ്കെടുക്കാൻ 10,000 ഡോളർ അടക്കണം. അതിലെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നവര്‍ക്ക് വൈകാരികമായ വികസനമാണ് ഉറപ്പ് നല്‍കപ്പെട്ടിരുന്നത്. എന്നാൽ, ഈ പേരിൽ അയാൾ സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയും, അവരെ ലൈംഗിക അടിമകളാക്കി വയ്ക്കുകയും ചെയ്യുമായിരുന്നുവെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. നെക്സിയം ഒരു പിരമിഡ് മാതൃകയിലാണ് പ്രവർത്തിച്ചിരുന്നത്. ഏറ്റവും തലപ്പത്ത് കീത്ത്. അതിന് താഴേയ്ക്ക് ഓരോ റാങ്കിൽ ഓരോ സ്ത്രീകൾ. കൂടുതൽ സ്ത്രീകളെ ഇതിലേയ്ക്ക് റിക്രൂട്ട് ചെയ്താൽ അംഗങ്ങൾക്ക് സംഘടനയിൽ കൂടുതൽ ഉയർന്ന പദവി വാഗ്ദാനം ചെയ്യപ്പെട്ടു.

അയാളെ അനുയായികൾ 'വാൻഗാർഡ്' എന്നാണ് വിളിക്കുന്നത്. ഇതിനൊപ്പം 'ഡോസ്' എന്ന മറ്റൊരു സംഘടനയും അയാള്‍ ആരംഭിച്ചു. ഡോസ് എന്നത് ഒരു ലാറ്റിൻ വാചകത്തിന്റെ ചുരുക്കപ്പേരാണ്. 'അനുസരണയുള്ള സ്ത്രീകൂട്ടാളികളുടെ രക്ഷിതാവ് / മാസ്റ്റർ' എന്നാണ് അതിന്റെ അർത്ഥം. അവിടെ അയാൾ യജമാനനും സ്ത്രീകൾ അയാളുടെ ഉടമസ്ഥതയിലുള്ള അടിമകളുമായിരുന്നു. നൂറ്റിയമ്പതോളം സ്ത്രീകൾ ഇതിൽ ചേർന്നതായി പറയുന്നു. സ്മോൾവില്ലെ നടി ആലിസൺ മാക്ക് ഗ്രൂപ്പിന്റെ രണ്ടാം കമാൻഡറായി. അവരാണ് ഇതിലേയ്ക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത്. കന്നുകാലികളില്‍ ചെയ്യുന്നപോലെ ഇതിൽ ചേരുന്ന വനിതാ അംഗങ്ങളുടെമേല്‍ അയാളുടെയും അവരുടെയും പേരിന്റെ ഇനീഷ്യലുകൾ പച്ചകുത്തുമായിരുന്നു. ഈ സ്ത്രീകളെ ലൈംഗികമായും, മാനസികമായും, സാമ്പത്തികമായും അയാൾ ചൂഷണം ചെയ്തിരുന്നു. അയാൾ അവരുടെ മേൽ പൂർണാധികാരം സ്ഥാപിച്ചു. അവരുടെ എല്ലാം സാമ്പത്തിക ഇടപാടുകളും അയാളുടെ നിയന്ത്രണത്തിലായി. ജീവിതത്തിൽ അവർക്ക് വേണ്ടി അയാൾ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി.

ഈ 'അടിമകൾ' റാനിയറിന് ലൈംഗികമായി ചൂഷണം ചെയ്യാനും, വ്യക്തിഗത വിവരങ്ങൾ കൈമാറാനും വേണ്ടിയുള്ളതായിരുന്നു. അവരുടെ നഗ്നചിത്രങ്ങൾ അയാൾ സൂക്ഷിക്കുമായിരുന്നു. എപ്പോഴെങ്കിലും സംഘടന വിട്ട് പോകാൻ ശ്രമിച്ചാൽ അവർക്കെതിരെ ഉപയോഗിക്കാനായിരുന്നു ആ ചിത്രങ്ങൾ. ലൈംഗിക അടിമകളുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉണ്ടായിരുന്നു. ഒരു മുതിർന്ന അംഗം ലോറൻ സാൽ‌സ്മാൻ പറയുന്നതനുസരിച്ച്, നെക്സിയം മീറ്റിംഗുകളിൽ അയാൾ സംസാരിക്കുമ്പോൾ ഈ സ്ത്രീകൾ അയാൾക്ക് മുന്നിൽ നഗ്നരായി തറയിൽ ഇരിക്കേണ്ടി വരുമായിരുന്നു. ഏകാന്തതടവ്, ശാരീരികാതിക്രമങ്ങൾ, മാനസിക പീഡനം, വസ്ത്രങ്ങൾ ഇല്ലാതെ തണുപ്പിൽ നിർത്തുക എന്നിവയിലൂടെ അംഗങ്ങളെ അയാൾ കഠിനമായി ശിക്ഷിച്ചു.  

സ്ത്രീകളെ പലപ്പോഴും അയാളുടെ ആഗ്രഹത്തിന് അനുസരിച്ച് വണ്ണം കുറക്കാൻ കഠിനമായ ഡയറ്റിന് വിധേയമാക്കുമായിരുന്നു. മുൻ നെക്സിയം അംഗം ഓക്സെൻ‌ബെർഗ് കോടതിയെ അറിയിച്ചത് ഇതായിരുന്നു, "എന്നെ അയാൾ ശരീരഭാരം കുറയ്ക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഭക്ഷണം കഴിക്കാതെ എനിക്ക് ആർത്തവം പോലും വരാതായി." അയാളെ അവർ വിശേഷിപ്പിച്ചതുതന്നെ ഒരു 'ലൈംഗിക വേട്ടക്കാരൻ' എന്നായിരുന്നു. മറ്റൊരു അംഗത്തെ രണ്ട് വർഷമായി ഒരു കിടപ്പുമുറിയിൽ ഒറ്റപ്പെടുത്തിയതായും, റാനിയർ അവരെയും സഹോദരിമാരെയും ലൈംഗികമായി ചൂഷണം ചെയ്തതായും അവകാശപ്പെട്ടു. ഒടുവിൽ ഗർഭിണിയായപ്പോൾ, എല്ലാവരെയും ഗർഭച്ഛിദ്രം നടത്താന്‍ അയാൾ നിർബന്ധിച്ചതായും അവർ കൂട്ടിച്ചേർത്തു.    

അയാള്‍ ചൂഷണം ചെയ്‍തവര്‍ കോടതിയിൽ വൈകാരികമായ പ്രസ്താവനകൾ നല്‍കിയപ്പോൾ താൻ ഒരു തെറ്റും ചെയ്‍തിട്ടില്ലെന്നാണ് റാനിയർ മറുപടിയായി പറഞ്ഞത്. "ഈ ആരോപണങ്ങളിൽ ഞാൻ നിരപരാധിയാണ്. ഞാൻ ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് ഞാൻ പശ്ചാത്തപ്പിക്കുന്നില്ല” റാനിയർ പറഞ്ഞു. അതേസമയം, റാനിയറിന്റെ പെരുമാറ്റം 'ക്രൂരവും വികൃതവും' ആയിരുന്നു എന്ന് യുഎസ് ജില്ലാ ജഡ്ജി നിക്കോളാസ് ഗറൗഫിസ് ശിക്ഷാവിധി മെമ്മോറാണ്ടത്തിൽ കുറിച്ചു. റാനിയറും കൂട്ടാളികളും 'സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ ലക്ഷ്യം വച്ചു, അവർക്ക് പറഞ്ഞറിയിക്കാനാവാത്ത നാശനഷ്ടങ്ങൾ വരുത്തി' ജഡ്ജി കൂട്ടിച്ചേർത്തു. 120 വർഷത്തെ തടവിന് പുറമെ 1.75 ദശലക്ഷം ഡോളർ പിഴയും ഇയാളുടെ മേല്‍ ചുമത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios