അമിതവണ്ണവും കാലാവസ്ഥാ വ്യതിയാനവും തമ്മില്‍ എന്താണ് ബന്ധം? ആദ്യം കേള്‍ക്കുമ്പോള്‍ ഇതൊരു അസംബന്ധ ചോദ്യമാണെന്ന് കരുതാം. എന്നാല്‍, കാര്യം അതല്ല. അമിതഭക്ഷണവും അമിതവണ്ണവും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഒബിസിറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പ്രൊഫസര്‍ ബോയ്ഡ് സ്വിന്‍ബര്‍നിന്റെ നേതൃത്വത്തില്‍ നടന്ന പഠനവും ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച, ബി എ സ്വിന്‍ബേണ്‍, വി ഐ ക്രാക്ക്, എസ് അലെന്‍ഡെര്‍, വി ജെ ആറ്റ്കിന്‍സ്, പി ജെ ബേക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയ പഠനവുമാണ് വിചിത്രമെന്ന് ഒറ്റവായനയില്‍ തോന്നിക്കുന്ന ഈ ബന്ധത്തെക്കുറിച്ച് പറയുന്നത്. 

വര്‍ദ്ധിച്ചുവരുന്ന ലോകജനസംഖ്യയ്ക്ക് പുറമേ, വര്‍ദ്ധിച്ചുവരുന്ന ശരീര വലുപ്പവും മനുഷ്യനിര്‍മിത കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളല്‍  ( emission  ) കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ വെല്ലുവിളിച്ചേക്കാമെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമിതവണ്ണക്കാര്‍ പ്രതിവര്‍ഷം 700 മെഗാടണ്‍ അധിക കാര്‍ബണ്‍ ഡൈ ഓക്സൈഡിനു തുല്യമായ പുറംതള്ളല്‍ നടത്തുന്നു. അഥവാ, മൊത്തം ആഗോള പുറംതള്ളലിന്റെ 1.6% ഇവര്‍ സംഭാവന ചെയ്യുന്നുവെന്നാണ്  പഠനം  കണക്കാക്കുന്നത്. 

അമിതവണ്ണം കാരണം ഉണ്ടാവുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍പാദനത്തിനെ പ്രധാനമായും മൂന്ന് തരമായി തിരിക്കാം:  അമിതവണ്ണവുമായി ബന്ധപ്പെട്ട സാധാരണയിലും ഉയര്‍ന്ന ശരീര പിണ്ഡം (മൊത്തം 7%),  ഭാരം കൂടിയവര്‍ക്ക് ഉയര്‍ന്ന ഊര്‍ജ്ജം നല്‍കുന്നതിന് ആവശ്യമായ ഭക്ഷ്യ ഉല്‍പാദനം (52%), ഭാരം കൂടിയ ശരീരത്തിനെ ഗതാഗതം ചെയ്യാനുള്ള അധിക ഫോസില്‍ ഇന്ധന ഉപയോഗം (41%). 

അമിതവണ്ണമുള്ള ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിനും  ഭാഗികമായി ഉത്തരവാദികളാണെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് ഭാഗികമായി ഉത്തരവാദികളായ ഈ സൂചിക, ശാരീരികമായി  കൂടുതല്‍ സജീവമായ ആളുകളെ ഉള്‍പ്പെടുത്തിയുള്ളതല്ല. കാരണം, അവര്‍ നിലവിലുള്ള സമൂഹത്തിന്റെ ഭാഗമാണ്, അതുകൊണ്ടുതന്നെ ശരാശരിയില്‍ കൂടുതല്‍ ഭാരമുള്ളവരെ ടാര്‍ഗറ്റ് ചെയ്താണ് ഈ പഠനം. 

ഭക്ഷണക്രമം സുസ്ഥിരമാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ പ്രാധാന്യവും പഠനം  ചൂണ്ടിക്കാണിക്കുന്നു.  അമിതവണ്ണം ആരോഗ്യത്തെ മാത്രമല്ല ബാധിക്കുക എന്നും ചികിത്സയില്ലാത്ത അമിതവണ്ണം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നുവെന്നും തിരിച്ചറിവുണ്ടാകണം. ഈ പുതിയ വിവരങ്ങള്‍ അമിതവണ്ണമുള്ളവരെ  വിമര്‍ശിക്കുന്നതിന് കാരണമാവരുതെന്ന് പഠനം നടത്തിയ ശാസ്ത്രസംഘം  ഊന്നിപ്പറയുന്നുണ്ട്. കാരണം, അമിതവണ്ണമുള്ള ആളുകള്‍ ഇതിനകം തന്നെ  ഒറ്റപ്പെടുത്തലുകളും നെഗറ്റീവ്  മനോഭാവങ്ങളും വിവേചനവും അനുഭവിക്കുന്നുണ്ട്.