150 -ൽ അധികം രാജ്യങ്ങൾ എല്ലാ കൊല്ലവും തപാൽ ദിനം ആചരിക്കുന്നു, ആഘോഷിക്കുന്നു. പല രാജ്യങ്ങളും ദിനാചരണത്തിലാണ് പുതിയ ഉത്പന്നങ്ങളും സേവനങ്ങളും തുടങ്ങുകയും പ്രഖ്യാപിക്കുകയും ചെയ്യുക.
ഇന്ന് ലോക തപാൽ ദിനമാണ്. ഫോണും ഇന്‍റർനെറ്റും വേഗത കൊണ്ട് കളം മാറ്റി മറിച്ച ആശയവിനിമയ രംഗത്ത് ഇന്നും പിടിച്ചു നിൽക്കുന്ന തപാൽ കരുത്തിനുള്ള ആദരമാണ് ദിനാചരണം. സാധാരണക്കാരന്റെ വിനിമയ മുദ്രയാണ് അത്. പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ആലോചനകളുടെയും പ്രതീകമാണ് വീട്ടുമുറ്റത്ത് എത്തുന്ന പോസ്റ്റ്. അന്നും ഇന്നും. ഗൃഹാതുരതക്കൊപ്പം ആധുനികതയുടെ വേഗവും വൈവിധ്യവും ചേർത്ത് തപാലുകൾ വീടുകളെയും നാടുകളെയും, സർക്കാരുകളെയും ജനങ്ങളെയും ചേർത്ത് പിടിക്കുന്നു.

ഒക്ടോബർ ഒമ്പത് തപാൽ ദിനാചരണത്തിന് തെരഞ്ഞെടുക്കാൻ കാരണമുണ്ട്. 1874 ഒക്ടോബർ ഒമ്പതിനാണ് അന്താരാഷ്ട്ര പോസ്റ്റൽ യൂണിയൻ (Universal Postal Union UPU) നിലവിൽ വന്നത്. ദിവസം തെരഞ്ഞെടുത്തതും ദിനാചരണം പ്രഖ്യാപിച്ചതും 1969 -ലാണ്. ജപ്പാൻ തലസ്ഥാനമായ ടോക്കിയോവിൽ നടന്ന സംഘടനാ സമ്മേളനത്തിൽ. ആ സമ്മേളനത്തിൽ ദിനാചരണമെന്ന ആശയം മുന്നോട്ടു വെക്കുന്നത് ഒരു ഇന്ത്യക്കാരൻ ആണ്. ആനന്ദ് മോഹൻ നരൂലയുടെ നിർദേശം സമ്മേളനം അംഗീകരിച്ച അന്നു മുതൽ എല്ലാ വർഷവും ലോക പോസ്റ്റൽ ദിനം ആചരിക്കുന്നു.
UPU -വിന്റെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ബേൺ ആണ്. അന്താരാഷ്ട്ര സംഘടനകളുടെ കൂട്ടത്തിലെ സീനിയോറിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആണ് UPU. (അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ , International Telecommunication Union, ITU) ആണ് ഒന്നാമത്.) അംഗരാജ്യങ്ങളുടെ തപാൽ നയം കൈകാര്യം ചെയ്യുന്നതിനൊപ്പം ലോകവ്യാപകമായ തപാൽ ശൃംഖലയും... ആശയവിനിമയത്തിന്റെ ഏറ്റവും വലിയ കൈകാര്യക്കാർ ആണ് UPU. അതു കൊണ്ട് തന്നെ 1948 -ൽ തന്നെ ഐക്യരാഷ്ട്രസഭയുടെ സ്പെഷ്യൽ ഏജൻസിയായി UPU.
150 -ൽ അധികം രാജ്യങ്ങൾ എല്ലാ കൊല്ലവും തപാൽ ദിനം ആചരിക്കുന്നു, ആഘോഷിക്കുന്നു. പല രാജ്യങ്ങളും ദിനാചരണത്തിലാണ് പുതിയ ഉത്പന്നങ്ങളും സേവനങ്ങളും തുടങ്ങുകയും പ്രഖ്യാപിക്കുകയും ചെയ്യുക. പലയിടത്തും തപാൽ സർവീസുകളെ കുറിച്ചും സർവീസ് മെച്ചങ്ങളെ പറ്റിയും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചില രാജ്യങ്ങളിൽ ഏറ്റവും മികച്ച ജീവനക്കാരെ ആദരിക്കുന്നു. മറ്റ് പല രാജ്യങ്ങളും സ്റ്റാമ്പ് പ്രദർശനം സംഘടിപ്പിക്കുന്നു. മനുഷ്യരുടെ വ്യക്തിഗതവും വ്യാപാരസംബന്ധവും വാണിജ്യപരവും ആയ ആശയവിനിമയത്തിനും സാമഗ്രി കൈമാറ്റത്തിനും എല്ലാം വലിയ ചാലകമാണ് തപാൽ സർവീസ്. അതു കൊണ്ടു തന്നെ രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് അതിന്റേതായ സംഭാവനകളും തപാൽ സർവീസ് നൽകുന്നു.

തപാൽ ദിനാചരണവും അതിനോട് അനുബന്ധിച്ചുള്ള പരിപാടികളും ഈ മഹത്തായ ദൗത്യത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നു. തീർന്നില്ല. ലോകത്തെ കൂട്ടിയിണക്കുന്ന ഏറ്റവും വലിയ ശൃംഖലയാണ് പോസ്റ്റൽ സർവീസ് എന്നതു കൊണ്ടു തന്നെ മാനവരാശിക്ക് ഗുണപ്പെടുന്ന, ലോകത്തെ മെച്ചപ്പെടുന്ന ഏതൊരു ആശയത്തിന്റെയും പ്രചാരണത്തിന് ഏറ്റവും ഗുണപ്പെടുന്ന മാധ്യമവും പോസ്റ്റൽ സർവീസാണ്. ദിനാചരണത്തിന്റെ ഇക്കൊല്ലത്തെ മുദ്രാവാക്യം അങ്ങനെ ഒരു വലിയ ലക്ഷ്യത്തിന് വേണ്ടിയാണ്. 'Post for Planet', ഭൂമിക്ക് വേണ്ടി പോസ്റ്റ് എന്നതാണ് 2022 -ലെ തപാൽ ദിനാചരണത്തിന്റെ മുദ്രാവാക്യം.
നിങ്ങൾക്ക് അറിയാമോ?
ഒരു രാജ്യത്തിനോ പ്രവിശ്യക്കോ അല്ലാതെ സ്റ്റാമ്പ് ഇറക്കാൻ അവകാശമുള്ളത് ഐക്യരാഷ്ട്രസഭക്ക് മാത്രമാണ്. മൂന്ന് നാണയങ്ങളിൽ സ്റ്റാമ്പ് ഇറക്കാൻ കഴിയുന്നതും ആകെ യുഎന്നിന് ആണ്. അമേരിക്കൻ ഡോളർ, സ്വിസ് ഫ്രാങ്ക്, യൂറോ എന്നീ നാണയവ്യവസ്ഥകളിൽ ഐക്യരാഷ്ട്രസഭ സ്റ്റാമ്പുകൾ ഇറക്കാറുണ്ട്. ആദ്യത്തെ യുഎൻ സ്റ്റാമ്പ് പുറത്തിറങ്ങിയത് 1951 -ലെ യുഎൻ ദിനത്തിലാണ്. (ഒക്ടോബർ 24)
