പുതുതായി ജോലിക്ക് ചേർന്നപ്പോൾ ഡെസ്കിൽ വേറിട്ടൊരു വെൽകം ഗിഫ്റ്റ്! ആദ്യം ഒന്ന് ഞെട്ടി. കമ്പനിയുടെ തീരുമാനത്തിന് നന്ദി പറഞ്ഞ് യുവതി.
പുതിയൊരു ഓഫീസിൽ ജോലിക്കു ചേരുന്നു. അവിടെ നിന്നും സാധാരണയായി ഒരു വെൽകം കിറ്റ് കിട്ടുമ്പോൾ പ്രതീക്ഷിക്കുന്നത് എന്തായിരിക്കും? ബ്രാൻഡഡ് മഗ്ഗുകളും നോട്ട്ബുക്കുകളും വൗച്ചറുകളുമൊക്കെയായിരിക്കും അല്ലേ? എന്നാൽ, മനീഷ ദുബെ എന്ന യുവതിക്ക് ലഭിച്ചത് തികച്ചും വ്യത്യസ്തമായ ഒരു സമ്മാനമാണ്. അത് എന്താണ് എന്നല്ലേ? ഒരു ഗാർബേജ് ബാഗ്! തനിക്കുണ്ടായ ഈ വ്യത്യസ്തമായ അനുഭവത്തെക്കുറിച്ച് മനീഷ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
തന്റെ പുതിയ ഓഫീസിൽ ചെന്നപ്പോൾ ഒരു ഗാർബേജ് ബാഗ് ഡെസ്കിലിരിക്കുന്നത് കണ്ടു എന്നാണ് മനീഷ പറയുന്നത്. താൻ തമാശ പറയുകയല്ലെന്നും മനീഷ കുറിച്ചിട്ടുണ്ട്. പല കമ്പനികളും സുസ്ഥിരതയെക്കുറിച്ച് വലിയ കാര്യങ്ങൾ സംസാരിക്കാറുണ്ടെങ്കിലും, പ്ലാസ്റ്റിക് ബാഗിൽ, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ, പ്ലാസ്റ്റിക് പെൻ പോലെയുള്ള സമ്മാനങ്ങൾ നൽകാറാണ് പതിവ്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ പ്രായോഗികമായ ഒന്നാണ് ഈ ഗാർബേജ് ബാഗ് എന്ന് മനീഷ പറയുന്നു.
പുതിയൊരു നഗരത്തിലേക്ക് താമസം മാറി, കാര്യങ്ങൾ സെറ്റായി വരുന്നതേയുള്ളൂ, വീട്ടുജോലിക്കാരോ മറ്റ് സൗകര്യങ്ങളോ ഇല്ല, സാധനങ്ങൾ പോലും അടുക്കി വെച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തനിക്ക് സുഗന്ധമുള്ളൊരു മെഴുുകുതിരിയേക്കാളും ആവശ്യം ഈ ഗാർബേജ് ബാഗ് തന്നെയാണ് െന്നും മനീഷ സമ്മതിക്കുന്നു. ഇത്തരത്തിൽ ഒരു സമ്മാനം തന്ന കമ്പനിയോട് നന്ദി പറയുകയും ചെയ്യുന്നുണ്ട് മനീഷ. തനിക്ക് ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ചതും, പ്രാക്ടിക്കലായതുമായ വെൽകം ഗിഫ്റ്റാണ് ഇതെന്നും ഓരോ മാസവും ഇത്തരം ബാഗുകൾ നൽകുകയാണെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും മനിഷ കുറിക്കുന്നു.
നിരവധി പേരാണ് ഈ ആശയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സുസ്ഥിരതയെ വെറുമൊരു മാർക്കറ്റിംഗ് മെസ്സേജ് മാത്രമാക്കി മാറ്റാതെ അത് ഒരു പ്രായോഗികമാക്കിത്തീർത്ത കമ്പനിയുടെ നടപടി മികച്ചതാണെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
