ടാക്സി യാത്രക്കിടെ, അതിവേഗത്തിൽ വാഹനമോടിക്കുമ്പോൾ മൊബൈലിൽ വീഡിയോ കണ്ട് ഡ്രൈവര്‍. യാത്രക്കാരൻ ചോദ്യം ചെയ്തപ്പോഴുള്ള മറുപടി ഞെട്ടിക്കുന്നതായിരുന്നു. പരാതിയുണ്ടെങ്കിൽ വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോകാനായിരുന്നു ഡ്രൈവറുടെ മറുപടി.
നോയിഡയിൽ നിന്നും ഡെൽഹിയിലേക്കുള്ള ടാക്സി യാത്രക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് യാത്രക്കാരൻ. ഹൈവേയിലൂടെ അതിവേഗത്തിൽ വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ മൊബൈൽ ഫോണിൽ ടിവി സീരീസ് കാണുകയായിരുന്നത്രെ. എക്സിൽ (ട്വിറ്റർ) പങ്കുവെച്ച ഈ സംഭവം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ആപ്പ് മുഖേന ബുക്ക് ചെയ്യുന്ന ടാക്സികളിലെ സുരക്ഷയെ കുറിച്ചും ഡ്രൈവർമാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെ കുറിച്ചുമെല്ലാം ചർച്ചകളുയരാൻ ഈ പോസ്റ്റ് കാരണമായി.
ഡാഷ്‌ബോർഡിന് സമീപം ഘടിപ്പിച്ച ഫോണിൽ 'താരക് മേത്ത കാ ഊൽട്ടാ ചഷ്മ' എന്ന ജനപ്രിയ സിറ്റ്‌കോം പരമ്പര കണ്ടുകൊണ്ടായിരുന്നു ഡ്രൈവറുടെ യാത്ര. പുറത്ത് 45 ഡിഗ്രി കടുത്ത ചൂടുള്ള സമയത്താണ് ഈ സംഭവം. ഡ്രൈവറോട് ഫോൺ സ്ക്രീൻ ഓഫ് ചെയ്ത് ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാന്യമായി ആവശ്യപ്പെട്ടെങ്കിലും അയാൾ അത് സമ്മതിക്കാൻ തയ്യാറായില്ല എന്നും യാത്രക്കാരൻ ആരോപിക്കുന്നു. പരാതിയുണ്ടെങ്കിൽ വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോകാനായിരുന്നു ഡ്രൈവറുടെ മറുപടി. കുടുംബത്തോടൊപ്പം കടുത്ത ചൂടിൽ തിരക്കേറിയ ഹൈവേയുടെ നടുവിൽ പെട്ടുപോയതിനാൽ, കൂടുതൽ തർക്കങ്ങൾക്ക് നിൽക്കാതെ നിശബ്ദരായി യാത്ര തുടരേണ്ടി വന്നുവെന്നും യാത്രക്കാരൻ വ്യക്തമാക്കി.
'ഭയ്യാ, ദയവായി സ്ക്രീൻ ഓഫ് ചെയ്ത് ഡ്രൈവിംഗിൽ ശ്രദ്ധിക്കൂ എന്ന് ഞാൻ മാന്യമായി പറഞ്ഞു. എന്നാൽ, പ്രശ്നമാണെങ്കിൽ വണ്ടിയിൽ നിന്ന് ഇറങ്ങിക്കോളൂ എന്നായിരുന്നു ഡ്രൈവറുടെ മറുപടി. 45 ഡിഗ്രി വെയിലിൽ കുടുംബത്തോടൊപ്പം ഹൈവേയുടെ നടുവിൽ ഒറ്റപ്പെട്ടുപോയ അവസ്ഥയിൽ, നിശബ്ദരായി ഇരിക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ. ഊബർ-ഓല പോലുള്ള സർവീസുകളിൽ നമ്മുടെ ജീവന് എന്താണ് വില?' എന്നും എക്സിലെ പോസ്റ്റിൽ ചോദിച്ചിരിക്കുന്നതായി കാണാം.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഡ്രൈവർമാരുടെ ഇത്തരം അശ്രദ്ധ ആ വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ മാത്രമല്ല, റോഡിലൂടെ മറ്റ് വാഹനങ്ങളിൽ പോകുന്നവരുടെയും കാൽനടയാത്രക്കാരുടെയും ഒക്കെ സുരക്ഷയ്ക്ക് പ്രശ്നമുണ്ടാക്കിയേക്കും എന്നും ഇത്തരം ഡ്രൈവർമാർക്കെതിരെ കടുത്ത നടപടി തന്നെയെടുക്കണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
