ഇത് സമീപകാലത്ത് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ ഒരു ചിത്രമാണ്. പിന്നിൽ പുടിൻറെ കുപ്രസിദ്ധമായ മോസ്‌കോ റയട്ട് പോലീസിന്റെ ഒരു സായുധവ്യൂഹം. അവർക്കു മുന്നിൽ റോഡിന്റെ നടുവിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് നീലച്ചട്ടയുള്ളൊരു കുഞ്ഞുപുസ്തകം വായിക്കുന്ന ഒരു പെൺകുട്ടി. ആരാണിവൾ...? ഏതുപുസ്തകമാണിവൾ ഇങ്ങനെ ഇത്രയും റിസ്കെടുത്തുകൊണ്ട് വായിക്കുന്നത്..?

ഇവളുടെ പേര് ഓൾഗ മിസിക്. പതിനേഴുവയസ്സു പ്രായം. ഇന്ന് റഷ്യൻ ജനാധിപത്യപ്പോരാട്ടങ്ങളുടെ പോസ്റ്റർഗേൾ ആയിരിക്കുകയാണ് ഓൾഗ ഈ ഒരൊറ്റ സ്നാപ്പിന്റെ പേരിൽ. കഴിഞ്ഞ ശനിയാഴ്ച മോസ്‌കോ നഗരത്തെ ഇളക്കി മറിച്ച ഒരു പ്രകടനം നടന്നു. തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സുതാര്യത വേണം, ഭരണം കൂടുതൽ ജനാധിപത്യപരമാവണം എന്നൊക്കെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ആയിരക്കണക്കിന് യുവതീയുവാക്കൾ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് മോസ്കോയിലെ തെരുവുകളിലേക്ക് റാലിയായി ചെന്നത്. 'വ്ലാദിമിർ പുടിൻ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുക' എന്നതായിരുന്നു പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്ന്. എന്നാൽ സമരങ്ങളെ നിർദ്ദയം അടിച്ചൊതുക്കാൻ മുകളിൽ നിന്നും ഉത്തരവുണ്ടായിരുന്നതിനാൽ, പുടിന്‍റെ പൊലീസ് ലാത്തികൊണ്ടടിച്ച് അവരിൽ പലരുടെയും തല പൊട്ടിച്ചു. 

ബാറ്റണും, ഷീൽഡും, ഹെൽമെറ്റും ഒക്കെയായി ഭീതിപരത്തിക്കൊണ്ട് തെരുവിലൂടെ റൂട്ട്മാർച്ച് നടത്തി വന്ന റയട്ട് പൊലീസിന് മുന്നിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് ഓൾഗ എന്ന ഈ യുവതി അവർക്ക് റഷ്യൻ ഭരണഘടനയിലെ സുപ്രധാനമായ ഒരു ഖണ്ഡിക വായിച്ചുകേൾപ്പിച്ചു. 

റഷ്യൻ ഫെഡറേഷൻ 1993 -ൽ തങ്ങളുടെ ഭരണഘടനയുടെ ഭാഗമാക്കിയ ആർട്ടിക്കിൾ 31  ആയിരുന്നു അത്. അതിൽ പറയുന്നത് ഇപ്രകാരമാണ്. "റഷ്യയിലെ പൗരന്മാർക്ക് സമാധാനപരമായി ഒത്തുചേരാനും, നിരായുധരായി മാർച്ചുകൾ, റാലികൾ, പിക്കറ്റിംഗുകൾ, പ്രകടനങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാനുള്ള അവകാശമുണ്ട്."

 

കല്ലേറും പെട്രോൾ ബോംബുമൊക്കെ മോസ്‌കോ റയട്ട് പൊലീസിന് നിസ്സാരമായ കാര്യമാണ്. അതിനെയൊക്കെ അവർ നിഷ്പ്രയാസം എതിരിടാറുണ്ട്. എന്നാൽ അപ്രതീക്ഷിതമായി 'റഷ്യൻ ഭരണഘടന' എന്ന മാരകായുധവും തങ്ങൾക്കു നേരെ നീട്ടിപ്പിടിച്ചുകൊണ്ട് അതിൽ നിന്നും മർമ്മപ്രധാനമായ ഒരു ഖണ്ഡികയും എടുത്ത് വീശിക്കൊണ്ട് ഓൾഗ മിസിക് എന്ന പതിനേഴുകാരി നിശ്ചിന്തയായി ചമ്രം പടിഞ്ഞ് പുറം തിരിഞ്ഞിരുന്നപ്പോൾ ഒരു നിമിഷത്തേക്ക് പകച്ചുപോയി പൊലീസ്. 

പോലീസിന്റെ ബാറ്റനടി കിട്ടാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നിട്ടും ഓൾഗ നടത്തിയ ഈ പ്രതീകാത്മക സമരത്തെ അപദാനങ്ങൾ കൊണ്ട് മൂടുകയാണ് മാധ്യമങ്ങളിപ്പോൾ. ചൈനയിലെ ടിയാനൻമെൻ സ്‌ക്വയറിൽ  പട്ടാളടാങ്കിനു മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് ഒരു മനുഷ്യൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തോടാണ് സൈബർ ലോകം ഓൾഗയുടെ ഈ ധീരതയെ ഉപമിക്കുന്നത്. ഈ ചിത്രമെടുത്ത് അധികം താമസിയാതെ പൊലീസ് ഓൾഗയെ അറസ്റ്റു ചെയ്തു നീക്കി.

സെപ്റ്റംബറിൽ മോസ്‌കോ നഗരത്തിൽ നടക്കാനിരിക്കുന്ന ഡ്യൂമ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും പ്രബലരായ പല പ്രതിപക്ഷ നേതാക്കൾക്കും പുടിൻ വിലക്കേർപ്പെടുത്തിയിരുന്നു. ഈ ജനാധിപത്യവിരുദ്ധമായ നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് പ്രതിപക്ഷം വിദ്യാർത്ഥികൾ അടക്കമുള്ള യുവജനതയെ തെരുവിലിറക്കി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ഇതുവരെ പ്രകടനങ്ങളുടെ ബന്ധപ്പെട്ടുണ്ടായ പൊലീസ് അക്രമങ്ങളിൽ പരിക്കേറ്റ് നൂറുകണക്കിന് പേരാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് നഗരത്തിലെ തെരഞ്ഞെടുപ്പിൽ ഒതുങ്ങി നിൽക്കുന്ന ഈ അനീതി നാളെ റഷ്യ മുഴുവൻ വ്യാപിക്കും എന്നതുകൊണ്ടാണ് അതിനെതിരെ പ്രതിഷേധസ്വരം ഉയർത്തുന്നത് എന്ന് ഓൾഗ പറഞ്ഞു. 

പുസ്തകം വായിച്ചുകൊണ്ടിരുന്ന സമയത്തൊന്നും പൊലീസ് ഓൾഗയെ അറസ്റ്റുചെയ്യുകയുണ്ടായില്ല. അവർ പ്രതിഷേധം കഴിഞ്ഞ് തീവണ്ടിയിൽ കയറാൻ വേണ്ടി പോവുമ്പോൾ രഹസ്യപ്പോലീസിലെ രണ്ടു പേർ വന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആരാണെന്നോ, കസ്റ്റഡിയിൽ എടുക്കുന്നത് എന്തുകുറ്റത്തിനാണെന്നോ ഒന്നും പറയാതെ, തെരുവിൽ നിന്നും ബലമായി പൊക്കിയെടുത്ത് ഒരു വാഹനത്തിലിട്ട് ഒരു രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവത്രെ. ' മുൻ‌കൂർ നോട്ടീസ് വാങ്ങാതെ പ്രകടനം നടത്തി' എന്നതാണ് ഓൾഗയ്ക്കു മേൽ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം. മോസ്കോയുടെ തെരുവുകളിൽ ഇതേ കുറ്റം ചാർത്തപ്പെട്ട് അറസ്റ്റിലായിരിക്കുന്ന ആയിരത്തോളം പേരിൽ ഒരാൾ മാത്രമാണ് ഓൾഗ.

റഷ്യയിൽ പതിനഞ്ചു വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് കലാപത്തിനുള്ള ഗൂഢാലോചന. സമരങ്ങൾക്ക് നേതൃത്വം നൽകുന്ന പലർക്കു നേരെയും പുടിൻ ചുമത്തിയിരിക്കുന്നത് ഈ വകുപ്പാണ്. തനിക്കു നേരെ ഉയർന്നിരിക്കുന്ന ഏതൊരു പ്രതിഷേധസ്വരത്തെയും നിർദ്ദയം അടിച്ചമർത്തുക എന്ന ഒരു അജണ്ടമാത്രമാണ് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളോളമായി റഷ്യയുടെ പരമാധികാരം കയ്യാളുന്ന വ്ലാദിമിർ പുടിന് ഉളളത്. അതിനെതിരെയുള്ള സമരങ്ങളുടെ ഒരു രൂപകമാണ്, അന്താരാഷ്ട്രമാധ്യമങ്ങളിൽ ഭരണഘടനയേന്തി ചമ്രം പടിഞ്ഞിരിക്കുന്ന ഓൾഗ എന്ന ഈ പതിനേഴുകാരിയിന്ന്..!