Asianet News MalayalamAsianet News Malayalam

ഒരിക്കൽ മയക്കുമരുന്നിന് അടിമ, എന്നാൽ, ഇന്ന് അദ്ദേഹം ചെയ്യുന്നതോ? മാതൃകയാണ് ഈ ജീവിതം

ഇവിടെ വരുന്നവരെ വെറും പരാജയമായി കണക്കാക്കാതെ, മറിച്ച് ആത്മാഭിമാനമുള്ള മനുഷ്യരായി കണ്ട് അദ്ദേഹം പിന്തുണയ്ക്കുന്നു. മയക്കുമരുന്ന് ഒരു തീപോലെയാണെന്നും, തന്നെ മാത്രമല്ല, ചുറ്റും നിൽക്കുന്നവരെ കൂടി അത് ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

once drug addict now a worker against drug
Author
Kuala Lumpur, First Published Jun 26, 2021, 4:24 PM IST

ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം. ലോകമെമ്പാടുമുള്ള നിരവധി പേർ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പോരാടുന്നവെങ്കിലും, അതിന്റെ ഉപയോഗം വർധിച്ച് വരുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. കഴിഞ്ഞ വർഷം ലോകത്താകമാനം 275 ദശലക്ഷം ആളുകൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. 36 ദശലക്ഷത്തിലധികം ആളുകൾ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് രോ​ഗബാധിതരായി എന്ന് വിയന്നയിലെ യുഎൻ ഓഫീസ് ഓഫ് ഡ്രഗ്സ് ആന്റ് ക്രൈം റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും ഈ ഇരുട്ടിൽ ഇത്തിരി വെട്ടങ്ങളാകുന്ന ചിലരുണ്ട്. മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട്, പുതിയൊരു ജീവിതം നയിക്കുന്നവർ. മുന്നോട്ട് പോകാൻ വഴിയറിയാതെ പരതുന്നവർക്ക് വഴികാട്ടിയായി തീരുന്നവർ. അത്തരക്കാർ ലോകത്തിന് നൽകുന്ന പ്രതീക്ഷ വലുതാണ്. കോലാലം‌പൂർ നിവാസിയായ റാംലി സമദ് അതിനൊരുദാഹരണമാണ്.

1986 -ൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ, എത്രയും വേഗം ഈ നശിച്ച ജീവിതം അവസാനിപ്പിക്കുക. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. കുറ്റബോധം കൊണ്ട് ശരീരം മരവിച്ചു. വിശന്ന് കരയുന്ന തന്റെ കുട്ടികൾക്ക് പാൽ വാങ്ങാൻ പോയതായിരുന്നു അയാൾ. എന്നാൽ, ചെന്നെത്തിയത് മയക്കുമരുന്ന് വിൽക്കുന്ന ഒരു ഏജന്റിന്റെ അടുക്കലാണ്. പത്ത് വർഷത്തിന് മീതെയായി അയാൾ മയക്കുമരുന്നടിമയായിട്ട്. സ്വന്തം ഭാര്യയെയും, മക്കളെയും അയാൾക്ക് ജീവിക്കാനുള്ള പ്രേരണയായിരുന്നുവെങ്കിൽ, മയക്കുമരുന്ന് ശരീരത്തിന്റെ, മനസ്സിന്റെ ഒടുങ്ങാത്ത ആവേശമായിരുന്നു. എത്ര തട്ടിമാറ്റിയാലും, കുതറിമാറിയാലും പിടിവിടാത്ത ശീലം. എന്നാൽ, അന്ന് അദ്ദേഹത്തിന് വല്ലാത്ത നിരാശ തോന്നി. തന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ മാത്രമായി എന്തിനിങ്ങനെ ജീവിക്കുന്നു എന്ന് തോന്നിപ്പോയി അദ്ദേഹത്തിന്. 'പണമില്ലാതെ ഇനി എങ്ങനെ വീട്ടിലേയ്ക്ക് പോകും. പാലുമായി വരുന്ന എന്നെയും നോക്കി ഇരിക്കുന്ന ഭാര്യയോട് എന്ത് പറയും" അദ്ദേഹം ചിന്തിച്ചു.    

എങ്ങനെയെങ്കിലും ലഹരിയിൽ നിന്ന് പുറത്ത് വരാൻ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ മനഃശക്തി വീണ്ടും വീണ്ടും പരീക്ഷിക്കപ്പെട്ടു. ഓരോ തവണയും അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. ജീവിതം അവസാനിപ്പിക്കാൻ ധൈര്യമില്ലാതിരുന്ന അദ്ദേഹം ഒടുവിൽ വീട്ടിലേയ്ക്ക് തിരിച്ച് നടന്നു. അന്ന് ആദ്യമായി അദ്ദേഹം പുറത്തു നിന്ന് സഹായം തേടാൻ തീരുമാനിച്ചു. 1986 -ൽ ഒരു സർക്കാർ പുനരധിവാസ കേന്ദ്രത്തിലേക്ക് അദ്ദേഹം പോയി. അവിടെയും ജീവിതം ദുരിതപൂർണമായിരുന്നു.  

“തികച്ചും പട്ടാളച്ചിട്ടയായിരുന്നു അവിടെ. ഒരു തവണ, മോഷ്ടിച്ചുവെന്നാരോപിച്ച് എന്നെ തനിച്ച് ഒരു മുറിയിൽ ഇട്ടുപൂട്ടി. അതൊരു ടോയ്‌ലറ്റായിരുന്നു. ഞാൻ രണ്ടാഴ്ച അവിടെ കിടന്നു. എനിക്ക് ഒരു ദിവസം നാല് ബിസ്കറ്റ് മാത്രമാണ് കഴിക്കാൻ തന്നത്. അതിനകത്ത് ഞാൻ രാവും പകലും തിരിച്ചറിയാതെ കിടന്നു" അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനുശേഷം അദ്ദേഹം പുറത്തിറങ്ങി. തന്നെ പോലുള്ളവരോട് ലോകം എത്ര ക്രൂരമായിട്ടാണ് പെരുമാറുന്നതെന്ന് കണ്ട് അദ്ദേഹം അന്ധാളിച്ചു പോയി.        

അങ്ങനെ അദ്ദേഹം ലഹരിക്ക് അടിമകളായവർക്ക് വേണ്ടി 1991 -ൽ സ്വന്തമായി പെർസാറ്റുവാൻ പെൻഗാസി മലേഷ്യ എന്ന പേരിൽ ഒരു സംരംഭം തുടങ്ങി. ആയിരക്കണക്കിന് മലേഷ്യക്കാരെ ലഹരിയിൽ നിന്ന് മുക്തരാക്കാനും, ഒരു സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. "ഇവിടെ വന്ന 70% ആളുകളും പിന്നീടൊരിക്കലും മയക്കുമരുന്ന് തൊട്ടിട്ടില്ല. ഇത് മറ്റ് കേന്ദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വലിയ സംഖ്യയാണ്. അവർ ജോലി കണ്ടെത്തുകയും, കുടുംബം ആരംഭിക്കുകയും ജീവിതം വീണ്ടെടുക്കുകയും ചെയ്‌തു” അദ്ദേഹം പറഞ്ഞു. 

ഇവിടെ വരുന്നവരെ വെറും പരാജയമായി കണക്കാക്കാതെ, മറിച്ച് ആത്മാഭിമാനമുള്ള മനുഷ്യരായി കണ്ട് അദ്ദേഹം പിന്തുണയ്ക്കുന്നു. മയക്കുമരുന്ന് ഒരു തീപോലെയാണെന്നും, തന്നെ മാത്രമല്ല, ചുറ്റും നിൽക്കുന്നവരെ കൂടി അത് ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ മയക്കുമരുന്ന് ഒന്നിനും ഒരു പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാജ്യത്താകമാനം ആറ് സ്ഥാപനങ്ങളിലായി പ്രതിവർഷം 300 -ലധികം രോഗികളെ അദ്ദേഹം ചികിത്സിച്ച് സുഖപ്പെടുത്തുന്നു.  


 

Follow Us:
Download App:
  • android
  • ios