ബംഗളൂരു: 14 വര്‍ഷം ജയിലിലായിരുന്നു സുഭാഷ്. അതും കൊലക്കുറ്റത്തിന്. പക്ഷേ, മുപ്പത്തിയൊമ്പതുകാരനായ സുഭാഷ് പാട്ടീലിന്‍റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടറാവുക എന്നത്.  ജയിലിലാകുന്ന സമയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ആയിരുന്നു. ഇപ്പോള്‍ ജയിലില്‍ നിന്നിറങ്ങിക്കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ പഠനം പൂര്‍ത്തിയാക്കി ഡോക്ടറാകാന്‍ ഒരുങ്ങുകയാണ് സുഭാഷ്. മുടങ്ങിക്കിടന്ന തന്‍റെ പഠനം വീണ്ടും തുടര്‍ന്നു, ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഇപ്പോള്‍ ഇയാള്‍. 

2002 നവംബറിലാണ് സുഭാഷ് പാട്ടിലീനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അശോക് എന്നൊരാളെ മഹാലക്ഷ്മി ലേയൗട്ടിലുള്ള അയാളുടെ വീട്ടില്‍വെച്ച്  ജൂണ്‍ 15-ന് വെടിവെച്ചു കൊന്നുവെന്നതായിരുന്നു കേസ്. അറസ്റ്റിലാവുന്ന സമയത്ത് കലബുറഗിയിലെ എം ആര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു സുഭാഷ്. സുഭാഷിനൊപ്പം തന്നെ അയാളുടെ കാമുകിയും അശോകിന്‍റെ ഭാര്യയുമായിരുന്ന പദ്‍മാവതി കൂടി അറസ്റ്റിലായിരുന്നു. രണ്ടുപേരേയും ജീവപര്യന്തമാണ് ശിക്ഷിച്ചത്. പക്ഷേ, 2016 -ലെ സ്വാതന്ത്ര്യദിനത്തിന് നല്ല പെരുമാറ്റത്തിന്‍റെ പേരില്‍ ഇരുവരേയും മോചിപ്പിക്കുകയായിരുന്നു. കലബുറഗിയിലെ അശോകിന്‍റെ വീടിന്‍റെ അയല്‍വക്കത്തായിരുന്നു സുഭാഷ് താമസിച്ചിരുന്നത് അവിടെവെച്ച് പദ്‍മാവതിയുമായി പ്രണയത്തിലാവുകയായിരുന്നു. തന്‍റെ ഭാര്യയുമായുള്ള ബന്ധം തുടര്‍ന്നാല്‍ കൊന്നുകളയുമെന്ന് അശോക് പറഞ്ഞിരുന്നു. അതോടെ സുഭാഷും പദ്‍മാവതിയും ചേര്‍ന്ന് അശോകിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

എന്നാല്‍, അറസ്റ്റിലായ ശേഷവും ഡോക്ടറാകാനുള്ള സ്വപ്നം സുഭാഷ് ഉപേക്ഷിച്ചില്ല. സെന്‍ട്രല്‍ പ്രിസണ്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ സഹായിച്ചു അയാള്‍. ട്യൂബര്‍‍ക്കുലോസിസ് ബാധിച്ച രോഗികളെ ചികിത്സിച്ചതിന് 2008 -ല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്‍മെന്‍റ് സുഭാഷിനെ ആദരിച്ചിരുന്നു. ജയിലിലായിരിക്കുന്ന സമയത്ത്, കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‍സിറ്റിയില്‍ നിന്നും 2007 -ല്‍ ജേണലിസത്തില്‍ ഡിപ്ലോമയും 2010 -ല്‍ എം എയും നേടി. '' എന്‍റെ അച്ഛന്‍ തുക്കാറാം പാട്ടീല്‍ എന്നെ ഒരുപാട് സഹായിച്ചു. നല്ല പെരുമാറ്റത്തിന്‍റെ ഭാഗമായി എന്നെ പെട്ടെന്ന് മോചിപ്പിച്ചതിന് സര്‍ക്കാരിനോടും ഗവര്‍ണറോടും ഒരുപാട് നന്ദിയുണ്ട്. ഞാന്‍ ഈ വാക്കുകളില്‍ വിശ്വസിക്കുന്നു, 'എല്ലാ സന്യാസികള്‍ക്കും ഒരു പൂര്‍വകാലമുണ്ട്. എല്ലാ പാപികള്‍ക്കും ഒരു ഭാവിയും' എന്നതില്‍. എന്‍റെ ഭാവി ഞാന്‍ പാവങ്ങളെ സേവിക്കാനുപയോഗിക്കും'' എന്നാണ് ഇയാള്‍ പറയുന്നത്. 

സുഭാഷ് പാട്ടീല്‍

എം ബി ബി എസ് പൂര്‍ത്തിയാക്കാനുള്ള അനുവാദം ചോദിച്ചുകൊണ്ട് 2016 ആഗസ്ത് 23 -ന് സുഭാഷ്, രാജീവ് ഗാന്ധി യൂണിവേഴ്‍സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന് എഴുതിയിരുന്നു. നിയമോപദേശം തേടിയ ശേഷം 2016 സപ്തംബര്‍ 29 -ന് യൂണിവേഴ്‍സിറ്റി പഠനം തുടരാനുള്ള അനുവാദം സുഭാഷിന് നല്‍കി. 

2016 ഒക്ടോബറില്‍ സുഭാഷ് കോളേജില്‍ തിരികെ പ്രവേശിച്ചു. 2019 ഫെബ്രുവരിയില്‍ അവസാന വര്‍ഷ പരീക്ഷയുമെഴുതി. കലബുറഗി ഭസവേശ്വര ഹോസ്‍പിറ്റലില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് സുഭാഷ് ഇപ്പോള്‍. ഹൗസ്‍മാന്‍ഷിപ്പ് ചെയ്യാനാവശ്യമായ പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കര്‍ണാടക മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയിട്ടുണ്ടെന്ന് സുഭാഷ് പറയുന്നു. 

സാഹചര്യങ്ങള്‍ ചില മനുഷ്യരെ ജയിലിലാക്കാറുണ്ട്. പക്ഷേ, അത് ജീവിതത്തിന്‍റെ അവസാനമല്ല. നല്ല ജീവിതത്തിലേക്ക് അവിടെനിന്നും എപ്പോള്‍ വേണമെങ്കിലും തിരികെ വരാമെന്നാണ് സുഭാഷ് പാട്ടീല്‍ പറയുന്നത്.