വളരെ പെട്ടെന്ന് തന്നെ അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും അപ്പോഴേക്കും അവൻ മരിച്ചിരുന്നു. ചിപ്സ് കഴിച്ചതിന് പിന്നാലെയാണ് അവന്റെ അവസ്ഥ മോശമായത് എന്ന് അവന്റെ അമ്മ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ കാണുന്ന പല ചലഞ്ചുകളും ഇന്ന് പലർക്കും ഒഴിവാക്കാൻ സാധിക്കാത്തതാണ്. അതേ സമയം തന്നെ അതിന്റെ പേരിൽ അനേകം അപകടങ്ങളും വിവിധ ഇടങ്ങളിൽ നടക്കുന്നുണ്ട്. ജീവൻ തന്നെ നഷ്ടപ്പെട്ടവരും എത്രയോ പേരുണ്ട്. അതുപോലെ അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ ഒരു 14 -കാരന് തന്റെ ജീവൻ തന്നെ ഒരു ചലഞ്ചിനെ തുടർന്ന് നഷ്ടപ്പെട്ടു.
ഹാരിസ് വോലോബ എന്ന 14 വയസ്സുകാരനാണ് വൈറലാകുന്ന ഒരു സോഷ്യൽ മീഡിയ ചലഞ്ചിന് ശ്രമിച്ചതിന് പിന്നാലെ ജീവൻ തന്നെ നഷ്ടപ്പെട്ടിരിക്കുന്നത്. അവന്റെ കുടുംബം തന്നെയാണ് ദാരുണമായ ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. "വൺ ചിപ്പ് ചലഞ്ച്" എന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചലഞ്ചിന്റെ പേര്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചലഞ്ചിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ ഈ ദുരന്തം സംഭവിച്ചത്. ചലഞ്ച് പ്രകാരം വെള്ളമോ മറ്റ് ഭക്ഷണസാധനങ്ങളോ കഴിക്കാതെ വേണം ഈ ചിപ്‍സ് കഴിച്ച് പൂർത്തിയാക്കാൻ.
14 -കാരന്റെ അമ്മ ലോയിസ് മാധ്യമങ്ങളോട് പറഞ്ഞത് ലോകത്തിൽ തന്നെ അങ്ങേയറ്റം എരിവുള്ള Paqui chip ആണ് മകൻ കഴിച്ചത് എന്നാണ്. സ്കൂളിൽ വച്ചായിരുന്നു ചലഞ്ച് നടന്നത്. പിന്നാലെ വയറ്റിൽ അസ്വസ്ഥത തോന്നുകയായിരുന്നു. വിവരമറിഞ്ഞ കുടുംബം പിന്നാലെ തന്നെ അവനെ വീട്ടിലെത്തിച്ചു. ശേഷം അവസ്ഥ മെച്ചെപ്പെട്ടു വന്നുവെങ്കിലും ബാസ്കറ്റ്ബോൾ പരിശീലനത്തിന് പോകുന്നതിന് തൊട്ടുമുമ്പായി അവന്റെ അവസ്ഥ വീണ്ടും മോശമാവുകയും ബോധം പോവുകയും ചെയ്യുകയായിരുന്നു.
വളരെ പെട്ടെന്ന് തന്നെ അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും അപ്പോഴേക്കും അവൻ മരിച്ചിരുന്നു. ചിപ്സ് കഴിച്ചതിന് പിന്നാലെയാണ് അവന്റെ അവസ്ഥ മോശമായത് എന്ന് അവന്റെ അമ്മ പറഞ്ഞു. അതേ സമയം Paqui chip കമ്പനി ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുതിർന്നവർക്കുള്ളതാണ് തങ്ങളുടെ ചലഞ്ച് എന്നും കഴിച്ചയുടനെ അസ്വസ്ഥത അനുഭവപ്പെട്ടാൽ ചികിത്സ തേടണം എന്നും അവർ പറയുന്നു.
