വികലാംഗരായ ആളുകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്ന സൂപ്പർഹീറോ ഫൗണ്ടേഷനുവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു യാത്ര നടത്താൻ ജാമി തീരുമാനിച്ചത്.

ലോകാത്ഭുതങ്ങൾ നേരിൽ കാണാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ, ലോകാത്ഭുതങ്ങൾ നേരിൽ കാണുന്നതോടൊപ്പം സ്വന്തം പേരിൽ ഒരു ലോക റെക്കോർഡ് കൂടി സൃഷ്ടിച്ചാലോ? അതും ഒരു അത്ഭുതമായിരിക്കും അല്ലേ? അതേ, അത്തരത്തിൽ ഒരു അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ബ്രിട്ടനിൽ നിന്നുള്ള ജാമി മക്ഡൊണാൾഡ് എന്ന യുവാവ്. വെറും ഒരാഴ്ചയ്ക്കുള്ളിൽ ലോകത്തിലെ ഏഴ് ലോകാത്ഭുതങ്ങൾ നേരിൽ കണ്ടാണ് ഈ യുവാവ് റെക്കോർ‍ഡ് സൃഷ്ടിച്ചത്. കൃത്യമായി പറഞ്ഞാൽ തന്റെ ഈ സ്വപ്ന സഞ്ചാരത്തിനായി ഇദ്ദേഹം ആറ് ദിവസവും 16 മണിക്കൂറും 14 മിനിറ്റും ആണ് എടുത്തത്.

'അഡ്വഞ്ചർമാൻ' എന്നും ഓൺലൈനിൽ അറിയപ്പെടുന്ന ജാമി ട്രാവൽ ടെക്നോളജി കമ്പനിയായ ട്രാവൽപോർട്ടിന്റെ സഹായത്തോടെയാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ കണ്ടു തീർത്തത്. ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്നുള്ള തന്റെ ഈ നേട്ടത്തിന്റെ ലോക റെക്കോർഡ് സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ജാമി ഇപ്പോൾ.

തന്റെ സാഹസികതയുടെ ഒരു വീഡിയോ ജാമി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാല് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകാൻ അഡ്വഞ്ചർമാന് കഴിഞ്ഞു. ഒൻപത് രാജ്യങ്ങളിൽ ഇറങ്ങിയ അദ്ദേഹം 13 വിമാനങ്ങൾ, 9 ബസുകൾ, 4 ട്രെയിനുകൾ, 16 ടാക്സികൾ, ഒരു ടോബോഗൺ എന്നിവയിൽ ഏകദേശം 22,856 മൈലുകൾ സഞ്ചരിച്ചു. ചൈനയിലെ വൻമതിലായിരുന്നു ആദ്യ സന്ദർശന സ്ഥലം. തുടർന്ന് ആഗ്രയിലെ താജ്മഹൽ, ജോർദാനിലെ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമർ പ്രതിമ, പെറുവിലെ പുരാതന സ്ഥലമായ മച്ചു പിച്ചു എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഒടുവിൽ തന്റെ അതിവേഗ പര്യടനം മെക്‌സിക്കോയിലെ ചിചെൻ ഇറ്റ്‌സയിൽ അവസാനിപ്പിച്ചു. ലോകാത്ഭുതങ്ങളിൽ തന്നെ ഏറെ സ്പർശിച്ചത് താജ്മഹൽ ആണന്നും അത് കണ്ടപ്പോൾ താൻ അറിയാതെ കരഞ്ഞെന്നുമാണ് ജാമി മാധ്യമങ്ങളോട് പറഞ്ഞത്.

വികലാംഗരായ ആളുകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്ന സൂപ്പർഹീറോ ഫൗണ്ടേഷനുവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു യാത്ര നടത്താൻ ജാമി തീരുമാനിച്ചത് എന്നാണ് മിറർ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിക്കാലത്ത്, നട്ടെല്ലിലെ അപൂർവ രോഗമായ സിറിംഗോമ ബാധിച്ച, ജാമിയ്ക്ക് നടക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ കുടുംബത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഒൻപതാം വയസ്സിൽ വൈദ്യസഹായത്തോടെയാണ് തന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞത്.